കാശ് പൊടിയും, ബിസ്‌ക്കറ്റ് കച്ചവടം 'പൊടി പൊടിക്കും'

  കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട ഒന്ന്, മറ്റൊന്നിനും പകരം വെയ്ക്കാനാവാത്ത ബിസ്‌കറ്റ് എന്ന പ്രിയ ഉത്പന്നം വാങ്ങാന്‍ ഇനി കടയിലേക്ക് പോകുമ്പോള്‍ ഒന്നു കൂടി ഓര്‍ത്തോളൂ. കുറച്ചധികം കാശ് നിങ്ങളുടെ കീശയില്‍ നിന്നും 'പൊടിയും', ബിസ്‌കറ്റ് കച്ചവടം പൊടി പൊടിക്കുകയും ചെയ്യും. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും രാജ്യത്തെ ബിസ്‌കറ്റ് വ്യവസായത്തിന്റെ വ്യാപ്തിയും മുന്‍നിര കമ്പനികള്‍ പ്രഖ്യാപിച്ച വില വര്‍ധനയും അറിഞ്ഞാല്‍ ഉപഭോക്താവിന്റെ ഉള്ളൊന്ന് 'പൊടിയുമെന്നുറപ്പ്'. ബിസ്‌ക്കറ്റ് മുതല്‍ ചീസ് വരെ വിപണിയിലിറക്കിയ ബ്രിട്ടാനിയ […]

Update: 2022-04-01 05:12 GMT

 

കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട ഒന്ന്, മറ്റൊന്നിനും പകരം വെയ്ക്കാനാവാത്ത ബിസ്‌കറ്റ് എന്ന പ്രിയ ഉത്പന്നം വാങ്ങാന്‍ ഇനി കടയിലേക്ക് പോകുമ്പോള്‍ ഒന്നു കൂടി ഓര്‍ത്തോളൂ. കുറച്ചധികം കാശ് നിങ്ങളുടെ കീശയില്‍ നിന്നും 'പൊടിയും', ബിസ്‌കറ്റ് കച്ചവടം പൊടി പൊടിക്കുകയും ചെയ്യും. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും രാജ്യത്തെ ബിസ്‌കറ്റ് വ്യവസായത്തിന്റെ വ്യാപ്തിയും മുന്‍നിര കമ്പനികള്‍ പ്രഖ്യാപിച്ച വില വര്‍ധനയും അറിഞ്ഞാല്‍ ഉപഭോക്താവിന്റെ ഉള്ളൊന്ന് 'പൊടിയുമെന്നുറപ്പ്'. ബിസ്‌ക്കറ്റ് മുതല്‍ ചീസ് വരെ വിപണിയിലിറക്കിയ ബ്രിട്ടാനിയ തങ്ങളുടെ പ്രൊഡക്ടുകള്‍ക്ക് 7 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേയ്ക്കും പാര്‍ലേ ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളും പ്രൊഡക്ടുകള്‍ക്ക് വില വര്‍ധിപ്പിക്കുകയുണ്ടായി. ഈ കമ്പനിയുടെ വിവിധ പ്രോഡക്ടുകളില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റ് പോകുന്നത് ബിസ്‌കറ്റുകളാണ്. കോവിഡ് പ്രതിസന്ധി രാജ്യത്തെ വിപണിയ്ക്ക് ഉണ്ടാക്കിയ തിരിച്ചടിയില്‍ നിന്നും കയറി വരുമ്പോഴാണ് റഷ്യ-യുക്രൈന്‍ യുദ്ധം ബിസ്‌ക്കറ്റ് കമ്പനികളുടെ കയറ്റുമതിയേയും സാരമായി ബാധിച്ചത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ബിസ്‌ക്കറ്റ് ബ്രാന്‍ഡുകളില്‍ മുന്‍ നിരയിലാണ് ഇന്ത്യന്‍ കമ്പനിയായ പാര്‍ലേ. വിദേശ മാര്‍ക്കറ്റില്‍ നിന്നുണ്ടായ തിരിച്ചടികളെ വില വര്‍ധനവ് കൊണ്ട് പരിഹരിക്കുകയല്ലാതെ കമ്പനികള്‍ക്ക് ഇനി രക്ഷയില്ല.

വില വര്‍ധിക്കുമ്പോള്‍

ബിസ്‌ക്കറ്റ് വാങ്ങുന്നവരില്‍ അധികും 20 മുതല്‍ 35 വയസ് വരെയുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍വര്‍ഷങ്ങളില്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതില്‍ ഒരു സ്ഥിരീകരണം നല്‍കാനാവില്ല എന്നതാണ് വാസ്തവം. ബ്രാന്‍ഡ് ഏതായാലും ബിസ്‌ക്കറ്റ് രുചിക്കാന്‍ സാധിച്ചാല്‍ മതി എന്ന ചിന്തയാണ് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും. ഒരു പക്ഷേ അതുകൊണ്ടാകും രാജ്യത്തെ ബിസ്‌ക്കറ്റ് ബിസിനസ് 2020ല്‍ 5151.2 മില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ന്നത്. മാത്രമല്ല 2027 ആകുമ്പോള്‍ 11,792.3 മില്യണ്‍ ഡോളറായി ഇതുയരുമെന്നും ബ്ലൂവീവ് കണ്‍സള്‍ട്ടിംഗ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

വില വര്‍ധന ഉണ്ടാകുമ്പോഴും ഉപഭോക്താക്കള്‍ക്ക് ബിസ്‌ക്കറ്റിന് പകരം വെക്കുന്ന മറ്റൊരു ഉത്പന്നം ഇല്ല എന്നതാണ് സത്യം. അതിനാല്‍ പണം ഇത്തിരി ചെലവായാലും ബിസ്‌കറ്റിനെ ഉപഭോക്താക്കള്‍ കൈവിടില്ല എന്നതിന് ഉദാഹരണമാണ് ഈ കണക്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷം വലിയ വളര്‍ച്ചയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. പാര്‍ലേ, ബ്രിട്ടാനിയ, സണ്‍ഫീസ്റ്റ് എന്നിവയാണ് ഇന്ത്യയില്‍ ബിസ്‌ക്കറ്റ് മാര്‍ക്കറ്റ് കൈയ്യടക്കിയിരിക്കുന്ന പ്രധാന കമ്പനികള്‍. ഒട്ടേറെ ചെറുകിട ബിസ്‌ക്കറ്റ് കമ്പനികളും രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍നിര കമ്പനികള്‍ ഇറക്കുന്ന കുക്കീസിനോടാണ് ആളുകള്‍ക്ക് ഏറെ പ്രിയം. അതുകൊണ്ട് തന്നെയാകണം രാജ്യത്ത് ഏറ്റവുമധികം വിറ്റു പോകുന്ന കുക്കീസുകളില്‍ ബ്രിട്ടാനിയയുടെ ഗുഡ് ഡേ ഇടം നേടിയത്.

ഇന്ത്യക്കാരുടെ ബിസ്‌ക്കറ്റ് പ്രിയം

രാജ്യത്തെ മൂന്നിലൊന്ന് ആളുകളും ബിസ്‌ക്കറ്റ് പ്രിയരാണെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ മിന്റല്‍ 2020ല്‍ ഇറക്കിയ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. ബിസ്റ്റക്ക്റ്റ് വാങ്ങുന്ന 63 ശതമാനം ആളുകളും മള്‍ട്ടി ഗ്രേയിന്‍, ഹൈ ഫൈബര്‍, ഷുഗര്‍ ലെസ് കുക്കീസ് എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. വിദേശ ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെങ്കിലും രാജ്യത്ത് 100 വര്‍ഷത്തിലേറെയായിട്ടുള്ള കമ്പനികളുടെ പ്രോഡക്ടുകളുടെ വില്‍പന കുറഞ്ഞിട്ടില്ല. ബിസ്‌ക്കറ്റ് വാങ്ങുന്ന ഭൂരിഭാഗം ആളുകള്‍ക്കും പ്രതിദിനം ശരാശരി 30 മുതല്‍ 40 രൂപ വരെ ചെലവഴിക്കേണ്ടി വരുന്നുണ്ട്. വില വര്‍ധന നടപ്പായാല്‍ ഈ തുക ഇനിയും വര്‍ധിക്കും. പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്തതിനാല്‍ ബിസ്‌ക്കറ്റ് കമ്പനികള്‍ കോടികള്‍ കൊയ്യുമെന്നും ഉറപ്പ്.

Tags:    

Similar News