അനിശ്ചിതത്വം വിപണിയുടെ മുഖമുദ്രയായി തുടരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. നിക്ഷേപകര്‍ മുന്നിലുള്ള അപകടങ്ങളെപ്പറ്റി...
അനിശ്ചിതത്വം വിപണിയുടെ മുഖമുദ്രയായി തുടരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. നിക്ഷേപകര്‍ മുന്നിലുള്ള അപകടങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ വാങ്ങുന്നവരായി മാറിയ സാഹചര്യം അനുകൂലമാണെങ്കിലും യുക്രൈന്‍ യുദ്ധവും, അമേരിക്കയിലെ ഉയരുന്ന ബോണ്ട് യീല്‍ഡും, കുതിച്ചുയരുന്ന എണ്ണ വിലകളും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്ന് വ്യാപാരികള്‍ മനസ്സിലാക്കുന്നു.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയുടെ മൊത്തം ട്രെന്‍ഡ് പോസിറ്റീവാണെങ്കിലും നിര്‍ണ്ണായകമായ ഏതെങ്കിലും വാര്‍ത്തകളോ, സംഭവങ്ങളോ പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ഹ്രസ്വകാലത്തേക്ക് വിപണി ഏറെക്കുറെ ഏകീകരണ (consolidation) സ്വഭാവം പ്രകടിപ്പിക്കാനാണ് സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വിന്റെ കര്‍ശനമായ പണനയവും, അടിക്കടി ഉയരുന്ന ക്രൂഡോയില്‍ വിലയും, ആഭ്യന്തര വിപണിയിലെ ഇന്ധന വില വര്‍ദ്ധനവും നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നുണ്ട്.
അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 1.29 ശതമാനവും, എസ് ആന്റ് പി 500 1.23 ശതമാനവും, നാസ്ഡാക് 1.32 ശതമാനവും ഇടിഞ്ഞു.
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ (7.45 am) 49 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
കൊട്ടക്ക് സെക്യൂരിറ്റീസ് ഡെറിവേറ്റീവ്‌സ് റിസേര്‍ച്ച് ഹെഡ് സഹജ് അഗര്‍വാളിന്റെ അഭിപ്രായത്തില്‍ "നിഫ്റ്റി അടുത്ത കാലത്ത് ശക്തമായ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഇപ്പോള്‍ ശക്തമായ പ്രതിരോധം 17650 ലെവലില്‍ സംഭവിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ആവുന്നില്ലങ്കില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായേക്കാം. ഹ്രസ്വകാലത്തേക്ക് 17000-17500 ലെവലില്‍ 'റേഞ്ച് ബൗണ്ട്' നീക്കങ്ങള്‍ ഉണ്ടാവാം. എഫ് എം സി ജി, ഐ ടി ഓഹരികള്‍ മൊമന്റം നിലനിര്‍ത്തിയേക്കാം. വിലകളില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ പ്രകടിപ്പിക്കുന്ന ഓഹരികളില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കാം."
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 481.33 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാവട്ടെ 294.33 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു.
സാങ്കേതിക വിശകലനം
ക്യാപിറ്റല്‍വയ ഗ്ലോബല്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് ലീഡ് വിജയ് ധനോട്ടിയ പറയുന്നു: "17400 ലെവലിന് മുകളിലേക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വിപണി ഇന്നലെ ലാഭമെടുപ്പ് നടത്തി. ഇപ്പോഴത്തെ നിലയില്‍, ഹ്രസ്വകാല സാങ്കേതിക വിശകലനം സൂചിപ്പിക്കുന്നത് വിപണിയുടെ റേഞ്ച് 17000 ത്തിനും 17400 നും ഇടയില്‍ തുടരുമെന്നാണ്. ഞങ്ങളുടെ വിശകലനത്തില്‍, ലോങ് പൊസിഷനുകള്‍ എടുക്കുന്നതിന് മുന്‍പ് സാങ്കേതിക ഘടകങ്ങള്‍ മെച്ചപ്പെടാനും, 17400 ന് മുകളില്‍ ഒരു ബ്രേക്ക് ഔട്ട് സംഭവിക്കാനുമായി കാത്തിരിക്കുന്നതാണ് ഉചിതം. സാങ്കേതിക സൂചികകള്‍ നല്‍കുന്നത് വിപണി അസ്ഥിരമായി തുടരുമെന്ന സൂചനയാണ്."
എഫ് ആന്റ് ഒ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ലോങ് പൊസിഷനുകള്‍ കാണിക്കുന്നത് താഴെപ്പറയുന്ന ഓഹരികളാണ്:
എല്‍ ആന്റ് ടി ഫിനാന്‍സ്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, ഒബ്‌റോയ് റിയല്‍റ്റി, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, നിപ്പണ്‍ ലൈഫ്.
എഫ് ആന്റ് ഒ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ഷോര്‍ട്ട് പൊസിഷനുകള്‍ കാണിക്കുന്നത് താഴെപ്പറയുന്ന ഓഹരികളാണ്:
ഹണിവെല്‍ ഓട്ടോമേഷന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, ബാങ്ക് നിഫ്റ്റി.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 4,735 രൂപ
ഒരു ഡോളറിന് 76.07 രൂപ
ബ്രെന്റ് ക്രൂഡ് ബാരലിന് 122.69 ഡോളര്‍
ഒരു ബിറ്റ് കൊയിനിന്റെ വില 33,00,446 രൂപ (@8.36 am)