ക്രൂഡ് വില പിടി വിടുന്നു,സ്വര്‍ണവും കുതിക്കുന്നു, യാഥാര്‍ഥ്യമാകുമോ ആശങ്ക ?

ഡെല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ്, സ്വര്‍ണം, മറ്റ് ലോഹങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയിലുണ്ടാകുന്ന വില വര്‍ധന പിടി വിടുമോ?  ക്രൂഡ് ഓയില്‍ വില 130 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് ആഗോളതലത്തില്‍ വലിയ തിരിച്ചടികള്‍ സൃഷ്ടിക്കുമ്പോള്‍ നിലവില്‍ മറ്റൊരു ആശങ്കയും ഉയര്‍ന്നു വരുന്നു. വില 200 ഡോളറിലേക്ക് ശരവേഗത്തിലേക്ക് എത്തുമോ എന്നതാണ് അത. കേള്‍ക്കുമ്പോള്‍ ഭയം തോന്നാം. ഇതിനുള്ള സാധ്യതയും കുറവാണ്. പക്ഷേ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസം മുന്‍പ് തന്നെ ചില […]

Update: 2022-03-09 03:03 GMT
ഡെല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ്, സ്വര്‍ണം, മറ്റ് ലോഹങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയിലുണ്ടാകുന്ന വില വര്‍ധന പിടി വിടുമോ? ക്രൂഡ് ഓയില്‍ വില 130 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് ആഗോളതലത്തില്‍ വലിയ തിരിച്ചടികള്‍ സൃഷ്ടിക്കുമ്പോള്‍ നിലവില്‍ മറ്റൊരു ആശങ്കയും ഉയര്‍ന്നു വരുന്നു. വില 200 ഡോളറിലേക്ക് ശരവേഗത്തിലേക്ക് എത്തുമോ എന്നതാണ് അത. കേള്‍ക്കുമ്പോള്‍ ഭയം തോന്നാം. ഇതിനുള്ള സാധ്യതയും കുറവാണ്. പക്ഷേ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസം മുന്‍പ് തന്നെ ചില ആഗോള എണ്ണകമ്പനികള്‍ വിലയുടെ കുതിപ്പിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ആഗോളതലത്തില്‍ ആവശ്യകത വര്‍ധിച്ചതാണ് ഇതിന് കാരണം.
അന്താരാഷ്ട്ര സ്വര്‍ണവിലയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. യുദ്ധം ഓഹരി വിപണിയെ ബാധിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ ഓടിയെത്തിയത് പതിവ് പോലെ
സ്വര്‍ണത്തിലേക്കാണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2053.40 ഡോളറായി ഉയര്‍ന്നു. ആഗോളതലത്തില്‍ ഏത് പ്രതിസന്ധിയിലും സ്വര്‍ണത്തെ നിക്ഷേപകര്‍ കൈവിടാറില്ല. മൂന്നാമതായി ഭക്ഷ്യ എണ്ണകളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ്. ഭക്ഷ്യവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പൊന്നും വില തകര്‍ക്കും
യുദ്ധം ആരംഭിച്ചപ്പോള്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് വന്‍തോതില്‍ നിക്ഷേപം എത്തിയതായി ജര്‍മ്മനി ആസ്ഥാനമായ കൊമേസ് ബാങ്ക് അനലിസ്റ്റ് ഡാനിയല്‍ ബ്രീസ്മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു . യുക്രൈനിലെ ആണവ പ്ലാന്റ് റഷ്യ ആക്രമിച്ചതിന് പിന്നാലെയാണ് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ചത്. നിലവിലുള്ള അവസ്ഥ പരിശോധിച്ചാല്‍ അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കുതിപ്പ് തുടര്‍ന്നേയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തിലെ വിലവര്‍ധന ഇന്ത്യയിലും പ്രതിഫലിച്ചതോടെ ബുധനാഴ്ച പവന് 40,560 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചു. യുദ്ധം നിലക്കാതെ തുടര്‍ന്നാല്‍ ആഗോള സ്വര്‍ണവില ഔണ്‍സിന് 2200 ഡോളറിലേക്ക് എത്താനുള്ള സാധ്യത വിദൂരമല്ലെന്ന് വിദേശ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്രൂഡ് വില 200 ?
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അമേരിക്ക നിരോധിച്ചതിന് പിന്നാലെ ബ്രിട്ടനും ഇതേ തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. റഷ്യന്‍ ഇറക്കുമതിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഘട്ടം ഘട്ടമായി പിന്തിരിയണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ആഹ്വാനവും കൂടി വന്നതോടെ എണ്ണവില ബാരലിന് 200 ഡോളറായേക്കുമെന്ന് നോര്‍വേയിലുള്ള റിസര്‍ച്ച് ആന്‍ഡ് ബിസിനസ് ഇന്റലിജന്‍സ് സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ എണ്ണവില ബാരലിന് 300 ഡോളര്‍ വരെയാകുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സലാണ്ടര്‍ നൊവാക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പക്ഷെ, യുദ്ധസമര്‍ദമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2008 ല്‍ ബാരലിന് 145 ഡോളര്‍ വരെ എത്തിയിരുന്നു ക്രൂഡ് വില. യുദ്ധം തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുമെന്നുറപ്പ്. ഇന്ത്യയിലെ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യത ഉറപ്പിക്കുകയാണ് ഈ കണക്കുകള്‍. എന്നാല്‍ എക്‌സൈസ് തീരുവ കുറച്ച് ഇതിന്റെ ആഘാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും.
ഭക്ഷ്യ എണ്ണ 'കത്തും'
യുദ്ധം മൂലം ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യം ആഗോളതലത്തില്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇത് സാരമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ഒരു മാസത്തിനിടെ ഭക്ഷ്യ എണ്ണയുടെ വിലയില്‍ 20 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ക്ഷാമം ഭയന്ന് ഭക്ഷ്യ എണ്ണ സ്റ്റോക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരെ ഇതിനോടകം പുറത്ത് വന്നിരുന്നു. മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 60 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയ്ക്ക് ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 90 ശതമാനവും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ പാചകത്തിന് ആവശ്യത്തിനായി ഉപയോഗിക്കുന്നതില്‍ 14 ശതമാനവും സൂര്യകാന്തി എണ്ണയാണ്. മറ്റ് തരത്തിലുള്ള എണ്ണകള്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് മതിയാകുന്നില്ല. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ ഭക്ഷ്യ എണ്ണവില വര്‍ധിക്കുകയും ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും.
Tags:    

Similar News