യുക്രെയ്ന്‍ യുദ്ധം കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമോ?
ലോകത്ത് സംഭവിക്കുന്ന പ്രതികൂലമായ ചെറിയൊരു ചലനം പോലും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒന്നാണ് കാര്‍ഷിക രംഗം. സ്വഭാവികമായും കര്‍ഷകരുടെ ജീവിതത്തിലും ഇത് പ്രതിസന്ധിയുണ്ടാക്കും. യുക്രെയിന്‍ യുദ്ധം കേരളത്തിലെ ചെറുകിട കര്‍ഷകനെ എങ്ങനെയാണ് ബാധിക്കുക? കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളിലെത്തിയിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. സ്വാഭാവികമായും കയറ്റിറക്കുമതിയിലും, ചരക്കു കൂലികളിലും ഇത് വര്‍ദ്ധനവുണ്ടാക്കും. ഈ സാഹചര്യത്തിലാണ് കൃഷിയുടെ അവിഭാജ്യ ഘടകമായ യൂറിയ, ഫോസ്‌ഫേറ്റ്, അമോണിയ തുടങ്ങിയ വസ്തുക്കളുടെ […]
ലോകത്ത് സംഭവിക്കുന്ന പ്രതികൂലമായ ചെറിയൊരു ചലനം പോലും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒന്നാണ് കാര്‍ഷിക രംഗം. സ്വഭാവികമായും കര്‍ഷകരുടെ ജീവിതത്തിലും ഇത് പ്രതിസന്ധിയുണ്ടാക്കും. യുക്രെയിന്‍ യുദ്ധം കേരളത്തിലെ ചെറുകിട കര്‍ഷകനെ എങ്ങനെയാണ് ബാധിക്കുക? കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളിലെത്തിയിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. സ്വാഭാവികമായും കയറ്റിറക്കുമതിയിലും, ചരക്കു കൂലികളിലും ഇത് വര്‍ദ്ധനവുണ്ടാക്കും.
ഈ സാഹചര്യത്തിലാണ് കൃഷിയുടെ അവിഭാജ്യ ഘടകമായ യൂറിയ, ഫോസ്‌ഫേറ്റ്, അമോണിയ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി ചെലവേറിയതാകുന്നത്. യൂറിയയുടെയും മറ്റ് വളങ്ങളുടെയും മുന്തിയ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്ത്യന്‍ സംമ്പദ് വ്യവസ്ഥയുടെ 15 ശതമാനം വരുന്ന കാര്‍ഷിക മേഖലയുടെ നെടുംതൂണാണ് ഇത്. വളം ഇറക്കുമതിയില്‍ റഷ്യയെ ആണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. 10 ശതമാനത്തോളം യുക്രെയിനില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധിയില്‍ തുറമുഖങ്ങളെല്ലാം തന്നെ അടച്ചു കിടക്കുന്നത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ തടസം ഉണ്ടാക്കും. ഖാരിഫ് സീസണില്‍ വളപ്രയോഗത്തിന്റെ ആവശ്യകത കര്‍ഷര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലാണ്് യൂറിയ കൂടിയ അളവില്‍ ഉപയോഗിക്കുന്നത്. കേരളത്തിലും ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല.
സബ്‌സിഡി കേന്ദ്രം കുറച്ചു
സാധാരണ കാര്‍ഷിക മേഖലയ്ക്കുള്ള വളം സബ്‌സിഡി അടങ്കല്‍ ഇക്കുറി ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 25 ശതമാനത്തോളം കുറച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വളത്തിന്റെ വിലവര്‍ദ്ധനവ് തടഞ്ഞ് കര്‍ഷകര്‍ക്ക് ബാധ്യത സൃഷ്ടിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ സബ്‌സിഡി തുക നീക്കി വയ്ക്കുന്നത്. ഈ വര്‍ഷം യൂറിയയ്ക്കായി 63,222.32 കോടി രൂപയും 42,000 കോടി എന്‍പികെ വളത്തിനുമാണ് നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കില്‍ നിന്നും യഥാക്രമം 17, 35 ശതമാനത്തിന്റെ കുറവാണ് ഈ തുക. കണക്കുകള്‍ പറയുന്നതനുസരിച്ച് വര്‍ഷത്തിന്റെ പകുതി കഴിയുമ്പോഴേക്കും ഈ തുക അപര്യാപ്തമാവും. ഈ പ്രതിസന്ധിക്കിടയിലാണ് യുക്രെയ്ന്‍ യുദ്ധവും ക്രൂഡ് ഓയില്‍ വിലയും വില്ലനാവുന്നത്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും അത് വളം വിലയില്‍ പ്രതിഫലിക്കുകയും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുകയും ചെയ്യും. പൂള്‍ഡ് ഗ്യാസിലുണ്ടാകുന്ന വില വര്‍ദ്ധനവും സര്‍ക്കാറിന് തിരിച്ചടിയാണ്.
കേരളത്തില്‍ ഫാക്ട് പ്രതിവര്‍ഷം ചുരുങ്ങിയത് എട്ട് ലക്ഷം ടണ്‍ ഫാക്ടാംഫോസ് ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ യൂറിയയും 70,000 ടണ്‍ പൊട്ടാഷും 1.2 ലക്ഷം ടണ്‍ സംയോജിത വളങ്ങളും ആവശ്യമായി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ഉപഭോഗം പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്ണാണ്, അതേസമയം ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വലിയ അളവുകളില്‍ ഇതാവശ്യമാണ്. ആന്ധ്രാപ്രദേശിന് പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ യൂറിയ വേണ്ടിവരുമ്പോള്‍ തമിഴ്നാടിന് പ്രതിവര്‍ഷം എട്ട് ലക്ഷം ടണ്‍ യൂറിയ ആവശ്യമാണ്.
റഷയിലെ വളം കമ്പനികളുമായി കുറഞ്ഞ നിരക്കില്‍ ഡി- അമ്മോണിയം ഫോസ്‌ഫേറ്റും എന്‍പികെ വളങ്ങളും എത്തിക്കാന്‍ ഇന്ത്യ ധാരണയിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതും നീണ്ടു പോകാനാണ് സാധ്യത.