കറന്‍സി നോട്ടുകളില്‍ സ്റ്റാര്‍ ചിഹ്നം; ആശങ്ക വേണ്ടെന്ന് ആര്‍ബിഐ

  • അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ സംശയനിവാരണവുമായി ആര്‍ബിഐക്കു തന്നെ രംഗത്തു വന്നു
  • മറ്റുള്ള കറന്‍സി നോട്ട് പോലെ സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപയുടെ നോട്ടും നിയമപരമായി മൂല്യമുള്ളതാണെന്ന് ആര്‍ബിഐ
  • അച്ചടിയിലെ അപാകത മൂലം ഒരു കെട്ട് നോട്ടുകള്‍ മാറ്റിയിരുന്നു. ഇതിനു പകരമായി പുറത്തിറക്കിയ നോട്ടുകളിലാണു സ്റ്റാര്‍ ചിഹ്നം ഉള്‍പ്പെടുത്തിയത്

Update: 2023-07-28 08:41 GMT

സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പ്രചരിക്കുന്നത് സമീപദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു കാര്യമാണ്. അതോടെ മിക്കവര്‍ക്കും സ്റ്റാര്‍ ചിഹ്നമുള്ള നോട്ടുകളുടെ നിയമ സാധുതയെ കുറിച്ച് സംശയം തോന്നാനും തുടങ്ങി.

ഇതുമായി ബന്ധപ്പെട്ടു നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ സംശയനിവാരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു തന്നെ രംഗത്തുവരേണ്ടതായി വന്നു.

മറ്റുള്ള കറന്‍സി നോട്ട് പോലെ തന്നെ സ്റ്റാര്‍ ചിഹ്നമുള്ള 500 രൂപയുടെ കറന്‍സി നോട്ടും നിയമപരമായി മൂല്യമുള്ളതാണെന്ന് ആര്‍ബിഐ അറിയിച്ചു.

അച്ചടിയിലെ അപാകത മൂലം ഒരു കെട്ട് നോട്ടുകള്‍ മാറ്റിയിരുന്നു. ഇതിനു പകരമായി പുറത്തിറക്കിയ നോട്ടുകളിലാണു സ്റ്റാര്‍ ചിഹ്നം ഉള്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

' സ്റ്റാര്‍ ചിഹ്നമുള്ള നോട്ട് മറ്റേതൊരു നിയമസാധുതയുള്ള നോട്ടിനും സമാനമാണ്. നമ്പര്‍ പാനലില്‍ പ്രിഫിക്‌സിനും സീരിയല്‍ നമ്പറിനും ഇടയില്‍ സ്റ്റാര്‍ ചിഹ്നം വരുന്നത് നിയമസാധുത ഇല്ലാതാക്കുന്നില്ല ' ആര്‍ബിഐ പറഞ്ഞു.

2006 ഓഗസ്റ്റിനു മുന്‍പ്, പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നത് സീരിയലായി നമ്പര്‍ ചെയ്തു കൊണ്ടായിരുന്നു. ഓരോന്നിനും വ്യത്യസ്ത സീരിയല്‍ നമ്പറും, ലെറ്ററും, ന്യൂമറല്‍സും ഉള്‍പ്പെടുന്ന പ്രിഫിക്‌സും ഉണ്ടായിരുന്നു.

100 എണ്ണമുള്ള പാക്കറ്റുകളിലായിട്ടാണ് ഇത്തരം നോട്ടുകള്‍ പുറത്തിറക്കിയിരുന്നത്.

100 സീരിയല്‍ നമ്പറുള്ള ബാങ്ക് നോട്ടുകളുടെ പാക്കറ്റിനുള്ളില്‍ തെറ്റായി അച്ചടിച്ച നോട്ടുകള്‍ മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് ആര്‍ബിഐ 'സ്റ്റാര്‍ സീരീസ്' നമ്പറിംഗ് സംവിധാനം പ്രത്യേകമായി അവതരിപ്പിച്ചത്.

Tags:    

Similar News