ഭൂമിയിലെ ഒരു ശക്തിക്കും തൊടാനാകില്ല; അറസ്റ്റില്‍ പ്രതികരിച്ച് ചന്ദ്രബാബു നായിഡു
- എപി സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്ര ബാബു നായിഡു
;

ഭൂമിയിലെ ഒരു ശക്തിക്കും തന്നെ തൊടാനാകില്ലെന്ന് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്ര ബാബു നായിഡു. അഴിമതിക്കേസില്‍ ഇന്നു രാവിലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.
'അവസാനം സത്യവും ധര്‍മ്മവും വിജയിക്കും. അവര്‍ എന്നോട് എന്ത് ചെയ്താലും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് പോകും,' കോടിക്കണക്കിന് രൂപയുടെ നൈപുണ്യ വികസന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. തെലുങ്ക് ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാണെന്നും ഒരു ശക്തിക്കും തന്നെ തടയാന്‍ കഴിയില്ലെന്നും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.
2014-2019 കാലയളവില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുടനീളം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള നൈപുണ്യ വികസന പദ്ധതിയുടെ മറവില്‍ 250 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. കേസിന്റെ ആദ്യ ഘട്ടത്തില്‍ ഇഡിയും ആന്ധ്രാപ്രദേശ് സിഐഡിയും അന്വേഷണം നടത്തിയിരുന്നു. 2021 ല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി.
നന്ദ്യാലിലെ ജ്ഞാനപുരത്തെ ഒരു കല്യാണമണ്ഡപത്തിന് സമീപം കാരവലില്‍ ഉറങ്ങുകയായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഇന്ന് രാവിലെ ആറ് മണിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.