ഇ-ഓട്ടോ: 15 ന് ആദ്യ സർവീസ് ആരംഭിക്കും

'ഓസ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇ-ഓട്ടോറിക്ഷകൾ പ്രവർത്തിക്കുക. യാത്രക്കാർക്ക് ഓൺലൈനായി ഈ ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാം. നഗരത്തിൽ കൊച്ചി മെട്രോ മായി ബന്ധപ്പെട്ടാണ് ആദ്യ സർവീസുകൾ നടത്തുക.

Update: 2022-11-12 11:32 GMT

 കൊച്ചി നഗരസഭയും ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘവും സഹകരിച്ച്  ഇ- ഷെയർ ഓട്ടോ നിരത്തിലിറക്കുന്നു. കൊച്ചി നഗരത്തിൽ നവംബർ 15ന് 30 ഇ-ഓട്ടോകൾ ആദ്യ ഘട്ട സർവീസ് തുടങ്ങും. ആകെ 200 ഇ-ഷെയർ ഓട്ടോകളാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.

''കൊച്ചി നഗരത്തിലെ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഓട്ടോ പ്രോത്സാഹിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ ഇ-കാർഗോ ഓട്ടോറിക്ഷകൾ മുമ്പ് അവതരിപ്പിച്ചിരുന്നു. കൊച്ചി കോർപ്പറേഷൻ, ജില്ലയിലെ വിവിധ തൊഴിലാളി സംഘടനകൾ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെട്രോൾ ഡീസൽ ഓട്ടോറിക്ഷകൾ കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതിനാൽ ബദൽ മാർഗ്ഗമെന്ന നിലയിൽ ഇ-ഓട്ടോറിക്ഷകൾ കൊച്ചി നഗരത്തിൻറെ പുതിയ പ്രതീക്ഷയാകും ,'' കൊച്ചി  മേയർ എം അനിൽ കുമാർ പറഞ്ഞു.

ഇ -മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി യു എൻ ഹാബിറ്റേയ്റ് -ജെ ഐ ഇ സി എന്നീ എജൻസികളാണ്  പദ്ധതിക്ക് ഫണ്ട് നൽകുന്നത് . ഇ-ഓട്ടോറിക്ഷ ഓടിക്കുന്നതിനായി 120 ഡ്രൈവർമാർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് പരിശീലനം നൽകിയിട്ടുണ്ട്. ഇ- ഓട്ടോ ഡ്രൈവർമാർക്ക് പ്രത്യേകം യൂണിഫോം അവതരിപ്പിക്കുകയും ചെയ്തു. ഇ -ഓട്ടോറിക്ഷകൾ ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങൾ നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു.

'ഓസ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇ-ഓട്ടോറിക്ഷകൾ പ്രവർത്തിക്കുക. യാത്രക്കാർക്ക് ഓൺലൈനായി ഈ ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാം. നഗരത്തിൽ കൊച്ചി മെട്രോ മായി ബന്ധപ്പെട്ടാണ് ആദ്യ സർവീസുകൾ നടത്തുക.യാത്ര നിരക്ക് തീരുമാനിച്ചിട്ടില്ല.ഇന്ധന ചെലവ് ഇല്ലാത്തതിനാൽ ഡീസൽ ഓട്ടോറിക്ഷകളെ അപേക്ഷിച്ചു നിരക്ക് കുറയാനാണ് സാധ്യത.

നവംബർ മാസം അവസാനത്തോടെ 200 ഓട്ടോറിക്ഷകൾ കൊച്ചിയിൽ നഗരത്തിൽ ഓടിത്തുടങ്ങും. ഈ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി.  ഇന്ധന ചെലവില്ലാത്തതിനാൽ  കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഡീസൽ ഓട്ടോറിക്ഷകൾ ഉപേക്ഷിച്ച് ഇ- ഓട്ടോറിക്ഷകളിലേക്ക് മാറാൻ തയ്യാറാകുന്നുണ്ട്. 

Tags:    

Similar News