ഓണം കൈത്തറി വിൽപ്പന സജീവമായി,ഹാൻടെക്സിൻറെ ബ്രാൻഡുകൾക്ക് ഡിമാൻറേറുന്നു

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നിശ്ചലമായിരുന്ന ഓണം കൈത്തറി വിപണി  സജീവമായി. ഇത്തവണ ഹാൻടെക്സിൻറെ സ്വന്തം ബ്രാൻഡുകൾക്ക് നല്ല ഡിമാൻറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഓണത്തോട് അനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക്  പ്രത്യേക വിലക്കിഴിവ് ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള പ്രത്യേക ഇ- ക്രെഡിറ്റ് സ്‌കീമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക […]

Update: 2022-08-22 02:13 GMT

കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നിശ്ചലമായിരുന്ന ഓണം കൈത്തറി വിപണി സജീവമായി. ഇത്തവണ ഹാൻടെക്സിൻറെ സ്വന്തം ബ്രാൻഡുകൾക്ക് നല്ല ഡിമാൻറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഓണത്തോട് അനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള പ്രത്യേക ഇ- ക്രെഡിറ്റ് സ്‌കീമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

ക്രഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. ഇതിന് സീറോ ഡൗണ്‍പേമെൻറാണ്. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും.

കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലം വരെ എപ്പോള്‍ തുണിത്തരങ്ങള്‍ വാങ്ങിയാലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40 ശതമാനം വിലക്കിഴിവാണ് ആകെ ലഭിക്കുക.

 

ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ ഗവൺമെൻറ് ഡിസ്‌ക്കൗണ്ട് ലഭ്യമാകുക. വ്യാജ കൈത്തറി ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ കൈത്തറി മുദ്രയുളള യഥാര്‍ഥ കൈത്തറി ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ ഹാന്‍ടെക്സ് ഷോറൂമുകളെ സമീപിക്കണമെന്ന് ഏറണാകുളം മേഖലാ മാനേജര്‍ കെ.എസ്. സ്വപ്ന അറിയിച്ചു. അംഗ സംഘങ്ങളില്‍ ഉത്പാദിപ്പിച്ച വൈവിധ്യമാര്‍ന്ന കൈത്തറി തുണിത്തരങ്ങള്‍ ഹാന്‍ടെക്സിന്റെ ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ ഹാന്‍ടെക്സിന്റെ സ്വന്തം കൈത്തറി ബ്രാന്‍ഡ് ആയ കമാന്‍ഡോ ഷര്‍ട്ട്, കേമി കുര്‍ത്തി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

 

തലസ്‌ഥാനത്തു പ്രധാനമായും ബാലരാമപുരത്താണ് കൂടുതൽ കൈതറി വസ്ത്രങ്ങൾ നെയ്യുന്നത്. കുട്ടികൾക്കായി ജൂനിയർ കമാന്റോ എന്ന പേരിൽ തുണിത്തരങ്ങൾ ഉടനെ വിപണിയിൽ എത്തും. ഷർട്ടിനൊപ്പം മാച്ചിങ് മാസ്കും ഇവർ നൽകുന്നുണ്ട്. ഇതിനു പുറമെ കുട്ടികൾക്കുള്ള നെയ്തു സാരിയിലുള്ള പട്ടു പാവാടയും വിപണിയിൽ എത്തുന്നുണ്ട്.

ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഹാന്‍ടെക്‌സ്
ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ കഴിയുംവിധം കൈത്തറി മേഖലയെ പുന: ക്രമീകരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിപണി ഉറപ്പുവരുത്താന്‍ കൈത്തറി മേഖലയില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണു സ്വീകരിച്ചത്. സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറിയാക്കിയതോടെ ഈ മേഖലയുടെ ഉത്പാദനത്തിന്റെ നല്ലൊരു പങ്കും യൂണിഫോമിലേക്കു മാറി. ഇനി ആവശ്യകതയ്ക്കനുസരിച്ചുള്ള സപ്ലൈ ഉറപ്പാക്കണം. കൂടുതല്‍ നെയ്ത്തുകാരെ കൊണ്ടുവരാനും കഴിയണം. യുവാക്കള്‍ കൂടുതലായി കൈത്തറി മേഖലയിലേക്കു കടന്നുവരുന്നുണ്ട്. ഇവര്‍ക്കായുള്ള പരിശീലന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ചകളില്‍ കൈത്തറിയോ ഖാദിയോ ധരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. ഷോറൂമുകളുടെ നവീകരണവും ജീവനക്കാര്‍ക്കുള്ള പരിശീലനവും നടപ്പാക്കി വരുന്നു. ഖാദി, കൈത്തറി ഷോറൂമുകളോട് ചേര്‍ന്ന് ഡിസൈനര്‍മാര്‍ക്കായി സേവനം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. രണ്ടു വര്‍ഷത്തെ കോവിഡിന്റെ ആധിക്യത്തിനു ശേഷം എത്തുന്ന ഈ ഓണത്തിന് കൈത്തറിക്ക് കൂടുതല്‍ വിപണി ഉറപ്പുവരുത്താന്‍ കഴിയണം. ഇതിനുപുറമേ ഓണത്തിനു കശുവണ്ടി, കൈത്തറി, കയര്‍, കരകൗശലം എന്നിവയുടെ കോമ്പോ പാക്കറ്റും അവതരിപ്പിക്കുന്നു. ഒരു മുണ്ട്, ഒരു കയറിന്റെ ചവിട്ടി, ഒരു പാക്കറ്റ് കശുവണ്ടി, കരകൗശല കോര്‍പ്പറേഷന്‍ നല്‍കുന്ന ചന്ദനത്തിരി എന്നിവടയങ്ങിയ 3534 രൂപയുടെ പാക്കറ്റ് 2500 രൂപയ്ക്ക് ലഭിക്കും. നാല് മേഖലയ്ക്കും ഇതുവഴി വിപണി ലഭ്യമാകും. ഹാന്‍ടെക്സ് ഡയറക്ടറാണ് ഇതിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ കോമ്പോ പാക്കറ്റുകള്‍ വിപണിയിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News