വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

  • 11 സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക
  • അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും
  • ഇന്ത്യന്‍ റെയില്‍വേ സാധാരണക്കാരുടെ വിശ്വസനീയ സഹയാത്രികന്‍

Update: 2023-09-24 09:52 GMT

ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 സംസ്ഥാനങ്ങളിലെ മത-വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളില്‍ ഈ ഒമ്പത് ട്രെയിനുകള്‍ അതിവേഗ കണക്റ്റിവിറ്റി നല്‍കും.

ഫ്‌ളാഗ്ഓഫിന് മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പ്രസംഗത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും വ്യാപ്തിയും 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ ജനപ്രീതി നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനകം 1,11,00,000 യാത്രക്കാര്‍ അതില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 വന്ദേ ഭാരത് ട്രെയിനുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനുപുറമേയാണ് പുതിയ ഒന്‍പതെണ്ണം കൂടി സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഏറ്റവും വിശ്വസനീയമായ സഹയാത്രികനാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു ദിവസം റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്,' അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിന് മുന്‍സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നു,' മോദി പറഞ്ഞു.

'പുതിയ ഇന്ത്യയുടെ നേട്ടങ്ങളില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നുവെന്നും ചന്ദ്രയാന്‍ -3 ന്റെ വിജയത്തിലൂടെ സാധാരണക്കാരുടെ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ന്നു. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്ക് ജനാധിപത്യത്തിന്റെയും ജനസംഖ്യാശാസ്ത്രത്തിന്റെയും വൈവിധ്യത്തിന്റെയും ശക്തിയുണ്ടെന്ന ആത്മവിശ്വാസം നല്‍കുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള നമ്മുടെ വികസനത്തെ ലോകം വാഴ്ത്തിയിട്ടുണ്ട്, ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ നാരീ ശക്തി വന്ദന്‍ അധീനിയം കൊണ്ടുവന്നത്,' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കാസര്‍കോട്-തിരുവനന്തപുരം, ഉദയ്പൂര്‍-ജയ്പൂര്‍; തിരുനെല്‍വേലി-മധുര-ചെന്നൈ; ഹൈദരാബാദ്-ബെംഗളൂരു; വിജയവാഡ-ചെന്നൈ (റെനിഗുണ്ട വഴി); പട്‌ന-ഹൗറ; റൂര്‍ക്കേല-ഭുവനേശ്വര് -പുരി; റാഞ്ചി-ഹൗറ; കൂടാതെ ജാംനഗര്‍-അഹമ്മദാബാദ് എന്നിവയാണ്. രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയില്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ ട്രെയിനുകളെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ''വന്ദേ ഭാരത് ട്രെയിനുകള്‍ അവരുടെ ഓപ്പറേഷന്‍ റൂട്ടുകളില്‍ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും, ഇത് യാത്രക്കാരുടെ ഗണ്യമായ സമയം ലാഭിക്കാന്‍ സഹായിക്കും,'' അതില്‍ പറയുന്നു.

ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും വിനോദസഞ്ചാരികള്‍ക്കും ആധുനികവും വേഗമേറിയതും സുഖപ്രദവുമായ യാത്രാമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.

Tags:    

Similar News