വടക്കുകിഴക്കന്‍ മേഖലയിലെ വിനോദയാത്രാ നിയന്ത്രണങ്ങളിൽ അയവ്
- വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള അനുവാദം ഇപ്പോള്‍ നിഷേധിക്കുന്നില്ല
- അതിര്‍ത്തി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമായിരുന്നു
- മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ അയവ്. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാന്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ നിയന്ത്രിത ഏരിയ പെര്‍മിറ്റുകളും (ആര്‍എപി) സംരക്ഷിത മേഖല പെര്‍മിറ്റുകളും (പിഎപി) ആണ് ലഘൂകരിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നോര്‍ത്ത് ഈസ്റ്റിലെ റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു. മുന്‍പ് ആര്‍എപി, പിഎപി എന്നിവ ലഭിക്കാന്‍ വിദേശികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു.എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് , നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് .
വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍, പ്രത്യേകിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നിവ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് ആര്‍എപി അല്ലെങ്കില്‍ പിഎപി ആവശ്യമാണ്. ''ഇപ്പോള്‍ വിദേശ സഞ്ചാരികൾക്ക് സംഘടിത ടൂറുകള്‍ വഴി ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാം. ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇവിടേക്കുള്ള ടൂറുകൾ സംഘടിപ്പിക്കുന്നത്,'' കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നോര്‍ത്ത് ഈസ്റ്റിലെ റീജിയണല്‍ ഡയറക്ടര്‍ അനില്‍ ഒറോവ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
ഈ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കൈകാര്യം ചെയ്യും. ഈ സംസ്ഥാനങ്ങളിലെ വിദേശ വിനോദസഞ്ചാരികളുടെ അപേക്ഷ നിരസിക്കല്‍ നിരക്ക് വളരെ കുറവാണ്. എന്നിരുന്നാലും, യാത്രക്കാര്‍ പെര്‍മിറ്റിന് മുന്‍കൂറായി അപേക്ഷിക്കണമെന്ന് ഒറാവ് സൂചിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ചൈന, മ്യാന്‍മര്‍ അതിര്‍ത്തികളില്‍ ടൂറിസം തുറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. .
പ്രദേശ വാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ നല്‍കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പകല്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കുന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന അരുണാചല്‍ പ്രദേശിലെ കിബിത്തു ഗ്രാമം പോലെയുള്ള വിവിധ ഗ്രാമങ്ങള്‍, ഓരോന്നിനും തനതായ സവിശേഷതകളോടെ, തിരിച്ചറിയപ്പെടുന്നുണ്ട്.
വിനോദസഞ്ചാര മേഖലയില്‍ വിയറ്റ്‌നാമും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ ഒറാവ് എടുത്തുപറഞ്ഞു. നിലവില്‍ വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറവാണെങ്കിലും, വിയറ്റ്‌നാമിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഗണ്യമായ ഒഴുക്കുണ്ട്.
ഈ വിടവ് നികത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ വിയറ്റ്‌നാമില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വടക്കുകിഴക്കന്‍ മേഖല 'ഗ്രീന്‍ ടൂറിസത്തിന്' വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. 2021-ല്‍ മേഖല സന്ദർശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ചിരുന്നു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള 1.3 കോടി സഞ്ചാരികളാണ് അന്ന് വടക്കുകിഴക്കന്‍ മേഖല സന്ദർശിച്ചത് വൃത്തിയുള്ളതും, ആതിഥ്യമരുളുന്നതുമായ അന്തരീക്ഷം, സമൃദ്ധമായ പ്രകൃതി സൗന്ദര്യം, എന്നിവയാണ് സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നത്.