വിനോദ സഞ്ചാര വികസനം ഗോവയുമായി കൈകോര്‍ത്ത് മെയ്ക്ക് മൈ ട്രിപ്പ്

  • ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി
  • ഉള്‍നാടന്‍ പ്രദേശങ്ങളെ വിനോദ സഞ്ചാര ഭൂപടത്തിന്റെ മുഖ്യധാരയിലെത്തിക്കും.
  • ഏകാദശ തീര്‍ത്ഥ കാമ്പയില്‍ ഇതിനോടകം തുടങ്ങി സംസ്ഥാനം

Update: 2024-02-22 10:57 GMT

ടൂറിസം വികസനത്തിനായി മെയ്ക്ക് മൈ ട്രിപ്പുമായി സഹകരിച്ച് ഗോവ സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകവും ഗോവന്‍ രുചി പാരമ്പര്യവും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കരാര്‍. ആത്മീയ ടൂറിസത്തില്‍ ഗോവ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ഈ സഹകരണം പ്രധാന്യം നല്‍കും.

ഗോവന്‍ ടൂറിസം മാപ്പില്‍ താരതമ്യേന പുറകില്‍ നില്‍ക്കുന്ന ഉള്‍നാടന്‍ സാംസ്‌കാരിക സമൃദ്ധിയും പാചക പാരമ്പര്യങ്ങളും മേയ്ക്ക് മൈ ട്രിപ്പ് വഴി കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂന്നിയാണ് ഈ പദ്ധതി.

'സംസ്ഥാനത്തിന്റെ മറഞ്ഞിരിക്കുന്ന പ്രൗഢി ഉയര്‍ത്തിക്കാട്ടികൊണ്ട് നമ്മുടെ പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്കായി സംരക്ഷിക്കുന്ന സുസ്ഥിരവും പുനരുജ്ജീവിപ്പിക്കുന്നതുമായ ടൂറിസം സമ്പ്രദായങ്ങള്‍ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ടൂറിസത്തിലൂടെയുള്ള സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗോവയുടെ ആത്മാവിലേക്ക് വിനോദ സഞ്ചാരികളെ പരിചയപ്പെടുത്താന്‍ മെയ്ക്ക് മൈ ട്രിപ്പുമായുള്ള ഞങ്ങളുടെ പങ്കാളിത്തം സഹായിക്കും,' ഗോവ ടൂറിസം വകുപ്പ് മന്ത്രി രോഹന്‍ ഖൗണ്ടേ പറഞ്ഞു.

'ഗോവ സര്‍ക്കാരിനൊപ്പം ഈ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്. സഞ്ചാരികള്‍ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഗോവയുടെ ഉള്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ഹോംസ്‌റ്റേകള്‍ പ്രോത്സാഹിപ്പിക്കും. ടൂറിസത്തില്‍ സുസ്ഥിരമായ ആവാസ വ്യവസ്ഥ ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,' മെയ്ക്ക് മൈ ട്രിപ്പ് സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മഗോവ് പറഞ്ഞു.

ഗോവന്‍ ആത്മീയത

രാജ്യത്തെ ആത്മീയ വിനോദ സഞ്ചാരത്തില്‍ ഗോവയും ഇടം നേടുകയാണ്. ഗോവയില്‍ ആത്മീയതയോ എന്നു ചിന്തിക്കുന്നവര്‍ക്ക് , 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയടക്കം നിരവധി പള്ളികളും ക്ഷേത്രങ്ങളും ഗോവയിലുണ്ട്. 17 ാം നൂറ്റാണ്ടില്‍ പണിത മഹാവിഷ്ണുവിന്റെ മോഹിനീ രൂപം ആരാധിക്കുന്ന മഹല്‍സ ക്ഷേത്രവും ഗോവയിലാണ്.

കൂടാതെ വെല്‍നെസ് സെന്ററുകളെ സംയോജിപ്പിക്കുന്നതിലും ശ്രദ്ധയൂന്നും. 11 ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് ട്രവല്‍ സര്‍ക്യൂട്ട് രൂപീകരിച്ച് റെജുവിനേറ്റ് ടൂറിസം സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏകാദശ തീര്‍ത്ഥ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത പ്രവര്‍ത്തനങ്ങളായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുകയെന്ന് ജിടിഡിസി അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ സുനീല്‍ ആന്‍ചിപക പറഞ്ഞു.

മഹാരാഷ്ട്രയുടെ അതിവേഗ പാത

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നാഗപൂര്‍-ഗോവ ശക്തിപീഠ് അതിവേഗ പാത ഗോവയ്ക്ക കൂടി ഗുണം ചെയ്യുന്നതാണ്. മഹാരാഷ്ട്രയിലെ 10 ജില്ലകളെയും നോര്‍ത്ത് ഗോവയിലെ പത്രാദേവി ജില്ലയെയും ബന്ധിപ്പിക്കുന്ന 760 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാതയാണ് ഇത്. 2029 ലാണ് പദ്ധതി പൂര്‍ത്തിയാകുക. ആരുവരിപ്പാത യാഥാര്‍ത്ഥമാകുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വേകും. മഹാരാഷ്ട്രയിലെ മഹാലക്ഷമി, തുല്‍ജാഭവാനി എന്നീ ക്ഷേത്രങ്ങളും ഗോവയിലെ പത്രാദേവി ക്ഷേത്രം എന്നീ മൂന്ന് ശ്കതിപീഠങ്ങളെ ബന്ധിപ്പിക്കുന്നതാണ് ശക്തിപീഠ് ഹൈവേ.

Tags:    

Similar News