വിനോദസഞ്ചാരം വര്‍ധിപ്പിക്കാന്‍ മാലദ്വീപിനെ ചൈന സഹായിക്കും
- മാലദ്വീപുമായി ചൈന സമഗ്ര പരസ്പര വിസ സഹകരണ കരാറിലെത്തി
- ഇന്ത്യന്‍ സഞ്ചാരികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ദ്വീപിലെ ടൂറിസം പ്രതിസന്ധിയിലായിരുന്നു
കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ചൈനയുമായി മാലദ്വീപ് ധാരണയിലെത്തി. ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ശ്രമങ്ങള്‍ നടത്തുന്നതിനിടെ മാലദ്വീപ് ഉള്‍പ്പെടെ 23 രാജ്യങ്ങളുമായി ''സമഗ്ര പരസ്പര വിസ സഹകരണ'' കരാര്‍ ഉണ്ടാക്കിയതായി ചൈന അറിയിച്ചു.
''ചൈനയുടെ വിസ രഹിത സുഹൃദ് വലയം വികസിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ വിസ രഹിത യുഗത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു,'' വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 157 രാജ്യങ്ങളുമായി പരസ്പര വിസ ഇളവ് കരാറുകള്‍ പൂര്‍ത്തിയാക്കിയതായി വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. 44 രാജ്യങ്ങളുമായി ലളിതമാക്കിയ വിസ നടപടിക്രമങ്ങളില്‍ കരാറുകളിലോ ക്രമീകരണങ്ങളിലോ എത്തിച്ചേരുകയും ചെയ്തു.
'തായ്ലന്‍ഡ്, സിംഗപ്പൂര്‍, മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെ 23 രാജ്യങ്ങളുമായി സമഗ്രമായ പരസ്പര വിസ സഹകരണം വിസ രഹിതമാണ്,'' വാങ് പറഞ്ഞു.
ദ്വീപിന്റെ പ്രധാന വിനോദസഞ്ചാര വിപണികളിലൊന്നായ ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടയില്‍, ചൈന അനുകൂല നേതാവായി കണക്കാക്കപ്പെടുന്ന മുയിസു തന്റെ ബെയ്ജിംഗ് സന്ദര്‍ശന വേളയില്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മാലദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് വിപണി ഇന്ത്യയായിരുന്നു. മാലദ്വീപ് ടൂറിസം മന്ത്രാലയം ഈ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി 28 വരെ 1.74 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് വന്നിട്ടുണ്ട്, അതില്‍ 13,989 ഇന്ത്യക്കാര്‍ മാത്രമാണ്.