പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 2022-23ല്‍ 1 ലക്ഷം കോടി കവിഞ്ഞു

  • ഏറ്റവും ഉയര്‍ന്ന അറ്റാദായ വളര്‍ച്ച ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്
  • അറ്റാദായത്തില്‍ ഇടിവ് പിഎന്‍ബിക്ക് മാത്രം
  • മൊത്തം അറ്റാദായത്തില്‍ പകുതിയും എസ്ബിഐക്ക്

Update: 2023-05-21 09:04 GMT

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ ലാഭം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു, മൊത്തം വരുമാനത്തിന്റെ പകുതിയോളം വിപണിയിൽ മുൻനിരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സംഭാവന ആണ്. 2017-18ൽ മൊത്തം 85,390 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതിൽ നിന്ന്, പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സാഹചര്യം ഏറെ മെച്ചപ്പെട്ട് 2022-23 ൽ ലാഭം 1,04,649 കോടിയാകുന്ന സ്ഥിതിയെത്തിയെന്ന് വരുമാന ഫലങ്ങള്‍ വിലയിരുത്തിക്കൊണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

12 പൊതുമേഖലാ ബാങ്കുകൾ 2021-22ൽ നേടിയ 66,539.98 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം ലാഭത്തിൽ 57 ശതമാനം വർധന രേഖപ്പെടുത്തി. പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ശതമാനാടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന അറ്റാദായ വളർച്ച നേടി, 126 ശതമാനം. 2,602 കോടി രൂപയാണ് ബാങ്കിന്‍റെ അറ്റാദായം. യുകോ ബാങ്കിന്‍റെ അറ്റാദായം 100 ശതമാനം ഉയർന്ന് 1,862 കോടി രൂപയായി. ബാങ്ക് ഓഫ് ബറോഡയുടെ വരുമാനം 94 ശതമാനം വർധി 14,110 കോടി രൂപയിലെത്തി.

2022-23 ൽ എസ്ബിഐ 50,232 കോടി രൂപയുടെ വാർഷിക ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 59 ശതമാനം വർധനയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഒഴികെയുള്ള, മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം നികുതിക്കു ശേഷമുള്ള ലാഭത്തിൽ വാർഷിക വർധന രേഖപ്പെടുത്തി. ഡൽഹി ആസ്ഥാനമായ പിഎൻബിയുടെ വാർഷിക അറ്റാദായം 2021-22ലെ 3,457 കോടി രൂപയിൽ നിന്ന് 2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 27 ശതമാനം ഇടിവോടെ 2,507 കോടി രൂപയായി.

ബാങ്ക് ഓഫ് ബറോഡ (14,110 കോടി രൂപ), കാനറ ബാങ്ക് (10,604 കോടി രൂപ) എന്നിവയാണ് 10,000 കോടി രൂപയിൽ കൂടുതൽ വാർഷിക ലാഭം റിപ്പോർട്ട് ചെയ്ത മറ്റു പിഎസ്ബികൾ.

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 26 ശതമാനവും (1,313 കോടി രൂപ) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 51 ശതമാനവും (1,582 കോടി രൂപ), ഇന്ത്യൻ ഓവർസീസ് ബാങ്ക് 23 ശതമാനവും (2,099 കോടി രൂപ) ബാങ്ക് ഓഫ് ഇന്ത്യ 18 ശതമാനവും (4,023 കോടി രൂപ) ഇന്ത്യൻ ബാങ്ക് 34 ശതമാനവും (5,282 കോടി രൂപ), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 61 ശതമാനവും (8,433 കോടി രൂപ) വാർഷിക ലാഭ വളർച്ച രേഖപ്പെടുത്തി

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ പിഎസ്ബി-കളുടെ പുനർമൂലധനവത്കരണത്തിനായി 3,10,997 കോടി രൂപ സർക്കാർ നിക്ഷേപിച്ചു. റീക്യാപിറ്റലൈസേഷൻ പ്രോഗ്രാം പിഎസ്ബി-കൾക്ക് ആവശ്യമായ പിന്തുണ നൽകുകയും അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ട ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്തു. വായ്പാ അച്ചടക്കം , സാങ്കേതിക വിദ്യയുടെ അവലംബം, ബാങ്കുകളുടെ സംയോജനം എന്നിവയെല്ലാം ബാങ്കർമാരുടെ പൊതുവായ ആത്മവിശ്വാസം നിലനിർത്തി. 

Tags:    

Similar News