റിലയൻസ് ഉൾപ്പെടെ 9 സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ ഹൈഡ്രജന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി
- 2023 ജനുവരിയില്‍ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി
ഹരിത ഹൈഡ്രജന്‍ ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ റിലയന്‍സ് അടക്കമുള്ള ഒന്‍പത് കമ്പനികളെ സര്‍ക്കാര്‍ തിരിഞ്ഞെടുത്തു. റിലയന്‍സ് ഗ്രീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഗ്രീന്‍ കെമിക്കല്‍സ്, എസിഎംഇ ക്ലീന്‍ടെക് സൊല്യൂഷന്‍സ്, ഗ്രീന്‍കോ സീറോ എന്നിവ അടക്കം ഒന്‍പത് കമ്പനികളാണ് ലേലം സ്വന്തമാക്കിയത്.
4.50 ലക്ഷം ടണ്‍ വരെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ളതായിരുന്നു ലേലം.
ജൂലായ് 10-നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) 4,50,000 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദകരെ തിരഞ്ഞെടുക്കുന്നതിനുള്ള ബിഡ്ഡുകള്‍ ക്ഷണിച്ചത്.
5,49,500 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് 12 കമ്പനികളുടെ ബിഡ്ഡുകള്‍ യോഗ്യത നേടി. റിലയന്‍സ് ഗ്രീന്‍ ഹൈഡ്രജന്‍ ആന്‍ഡ് ഗ്രീന്‍ കെമിക്കല്‍സ് ലിമിറ്റഡിനെ 90,000 ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ ശരാശരി നിരക്ക് കിലോയ്ക്ക് 18.9 രൂപയ്ക്ക് തിരഞ്ഞെടുത്തു.
അതുപോലെ, എസിഎംഇ ക്ലീന്‍ടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രീന്‍കോ സീറോസി പ്രൈവറ്റ് ലിമിറ്റഡും 90,000 ടണ്‍ വീതം ഉല്‍പ്പാദിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ ശരാശരി കിലോയ്ക്ക് 30 രൂപ നിരക്കില്‍ ഇന്‍സെന്റീവ് നേടിയിട്ടുണ്ട്.
ശുദ്ധമായ ഊര്‍ജ സ്രോതസ്സ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, 19,744 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് (NGHM) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.