ഒടിടിയും ഉള്ളടക്ക സൃഷ്ടാക്കളും ബ്രോഡ്കാസ്റ്റിംഗ് നിയന്ത്രണത്തിനു കീഴിലേക്ക്
- ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരട് ബില്‍ തയ്യാറാകും
- പുതിയ നിയമ പ്രകാരം ഡിജിറ്റല്‍ പ്രക്ഷേപണം നിയന്ത്രിക്കുന്നത് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായിരിക്കും
;

ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് റെഗുലേഷന്‍ (ബിഎസ്ആര്‍) ബില്ലിന്റെ പരിധിയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കള്‍ സൃഷ്ടിച്ച ഉള്ളടക്കവും സ്ട്രീമിംഗ് കമ്പനികളും ഉള്‍പ്പെടുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തയ്യാറെടുക്കുന്നു. സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, സ്ട്രീമിംഗ് എന്നിവയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും തീരുമാനമാവുമായി മുന്നോട്ടുപോകാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രത്യേകമായ സമീപനം സ്വീകരിക്കുമെന്ന് കേന്ദ്രം ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു കരട് ബില്‍ അവരുമായി പങ്കിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023 നവംബറില്‍ നിര്‍ദ്ദേശിച്ച ബില്‍, നിലവിലുള്ള എല്ലാ നയങ്ങള്‍ക്കും പകരമായി മുഴുവന്‍ പ്രക്ഷേപണ മേഖലയ്ക്കും ഒരു നിയമ ചട്ടക്കൂട് ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നു.ഈ വിഷയത്തില്‍ നടന്ന യോഗത്തില്‍, പുതിയ കരട് ബില്‍ ലീനിയര്‍, ഓണ്‍-ഡിമാന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍ തമ്മിലുള്ള അന്തര്‍ലീനമായ വ്യത്യാസങ്ങള്‍ തിരിച്ചറിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലീനിയര്‍ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളില്‍ കേബിള്‍ നെറ്റ്വര്‍ക്കുകള്‍ ഉള്‍പ്പെടുന്നു. അവ നിലവില്‍ 1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) ആക്ട് അനുസരിച്ചാണ് നിയന്ത്രിക്കുന്നത്.
പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍, ഡിജിറ്റല്‍ പ്രക്ഷേപണം നിയന്ത്രിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായിരിക്കും. നിലവില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള സ്ട്രീമിംഗ് സൈറ്റുകളിലെ ക്യൂറേറ്റ് ചെയ്ത ഉള്ളടക്കവും നിയന്ത്രിക്കുന്നത് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഐടി നിയമങ്ങളുടെ ഭാഗം II, III ആണ്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ അറിയിക്കാത്ത പക്ഷം ട്രായ് നിയമത്തിന് കീഴില്‍ ഒരു സ്ഥാപനത്തെയും ലൈസന്‍സിയായി കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതായത് ഈ മേഖലയെ നിയന്ത്രിക്കാനുള്ള ടെലികോം റെഗുലേറ്ററുടെ മുന്‍നിര അവകാശം കൂടി ഇതില്‍ ഉള്‍പ്പെടുത്തും.
റിപ്പോര്‍ട്ട് അനുസരിച്ച്, പ്ലാറ്റ്ഫോമുകളെയും ഉള്ളടക്ക സ്രഷ്ടാക്കളെയും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട പരിധി 1 ദശലക്ഷം ആകാം. കരട് ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ കരട് ബില്ലിനെതിരെ വ്യവസായം 14 എതിര്‍പ്പുകള്‍ ഉന്നയിച്ചതായി മാധ്യമ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.