അമേരിക്ക കനിഞ്ഞു; ഇന്ത്യക്ക് ഇനി വെനിസ്വേലയുടെ എണ്ണ വാങ്ങാം

  • ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം ഉള്ള രാജ്യമാണ് വെനിസ്വേല
  • ഉപരോധം പിന്‍വലിച്ചതോടെ ആഗോള ക്രൂഡ് ഓയില്‍വില കുറഞ്ഞു
  • ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 84 ശതമാനവും ഇറക്കുമതി ചെയ്യുന്നു

Update: 2023-11-16 06:33 GMT

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ ആഡംബര ഹോട്ടലുകളില്‍ ഇന്ന് തിരക്കേറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയ്ക്കെതിരായ ഉപരോധം യുഎസ് പിന്‍വലിച്ചതാണ് ഇതിനുകാരണമായത്. ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണവ്യാപാരികള്‍ വെനിസ്വേലയുമായി ഏറ്റവും മികച്ച ഇടപാട് സ്വന്തമാക്കുന്നതിനായുള്ള തിരക്കിലാണ്. അവിടെ കാണുന്നത്.

വെനസ്വേലയോടുള്ള അമേരിക്കയുടെ മനംമാറ്റംമൂലം ആഗോള ക്രൂഡ് ഓയില്‍ വില ഏകദേശം 18% ഇടിഞ്ഞു. കൂടാതെ ഒപെക്കിനും (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) പ്ലസ് രാഷ്ട്രങ്ങള്‍ക്കും ഇത് അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. എന്നിരുന്നാലും, ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 84 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് ഒരു അനുഗ്രഹമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബാരലിന് 96 യുഎസ് ഡോളറില്‍ നിന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിന് താഴെയായി.

റഷ്യ ഇന്ത്യയുമായുള്ള ക്രൂഡ്-ഓയില്‍ വ്യാപാരത്തില്‍ കിഴിവ് നല്‍കുന്നുണ്ടെങ്കിലും വെനിസ്വേലയുമായുള്ള വ്യാപാരം എണ്ണ ഇറക്കുമതിക്കാരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.

വെനിസ്വേലയിലെ കിഴക്കന്‍ ഒറിനോകോ നദീതടത്തിന്റെ തെക്കന്‍ സ്ട്രിപ്പിലെ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം നിക്ഷേപമുള്ള പ്രദേശമാണ് ഒറിനാകോ ബെല്‍റ്റ്. ഈ പ്രദേശത്ത് നിന്നുള്ള എണ്ണയെ മെറി എന്ന് വിളിക്കുന്നു. ഹെവി ഗ്രേഡ് ക്രൂഡ് ആണിത്. അതായത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനു പകരം ക്രൂഡ് മുങ്ങിപ്പോകും. എന്നാല്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഈ ഗ്രേഡ് ശുദ്ധീകരിക്കാന്‍ പ്രാപ്തരാണ്.

റഷ്യന്‍ ക്രൂഡിനേക്കാള്‍ 10% കൂടുതല്‍ കിഴിവാണ് വെനസ്വേല ഇന്ത്യയ്ക്ക് നല്‍കുന്നതെന്ന് എണ്ണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെനസ്വേലയില്‍ നിന്ന് ഇന്ത്യ ധാരാളം എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഉപരോധത്തിന് മുമ്പ്, വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 28% വിഹിതമായിരുന്നു.

ഇടത്തരം കാലയളവില്‍, വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അടുത്ത കുറച്ച് മാസങ്ങളില്‍ എണ്ണ വില സ്ഥിരത നിലനിര്‍ത്താനും സാധ്യതയുണ്ട്. അതേസമയം, ആഗോള എണ്ണവില ഉയര്‍ന്ന നിലവാരത്തില്‍ നിലനിര്‍ത്താന്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് ശ്രമിക്കുകയാണ്.

ലോക വിപണിയില്‍ വെനസ്വേലന്‍ എണ്ണ വീണ്ടും അവതരിപ്പിക്കുന്നത് വിതരണത്തിലോ വിലയിലോ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കില്ലെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. കൂടാതെ, വെനസ്വേലന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പ്രകൃതി വാതക കമ്പനിക്ക് ഉത്പാദനക്ഷമത ഇപ്പോഴും വളരെ കുറവാണ്. ഹ്രസ്വകാലത്തേക്ക് ഇത് വേഗത്തിലാക്കാന്‍ കഴിയില്ല, പ്രത്യേകിച്ചും ഉപരോധങ്ങള്‍ ആറ് മാസത്തേക്ക് മാത്രമാണ് ആദ്യം നീക്കിയത്.

റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യക്ക് റഷ്യയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തുടരും. വിലക്കിഴിവുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യം ഇതിനകം 500 കോടി ഡോളറിലധികം ലാഭിച്ചിട്ടുണ്ട്.

ഉക്രൈന്‍ യുദ്ധത്തിനുമുമ്പ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഒരു ശതമാനത്തില്‍ താഴെ ആയിരുന്നു. എന്നാല്‍ ഇന്ന് അത് 40ശതമാനത്തോളം വരും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിച്ചതോടെ, സാധാരണ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ പരമ്പരാഗത വിതരണക്കാരെ മോസ്‌കോ മറികടന്നു.

വോളിയം അനുസരിച്ച് 21% വിഹിതമുള്ള രണ്ടാമത്തെ വലിയ വിതരണക്കാരാണ് ഇറാഖ്. ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിന്റെ 16.4% സൗദി അറേബ്യയാണ്.

എല്ലാ ആഗോള സമ്പദ്വ്യവസ്ഥകളുടെയും പ്രധാന ആശങ്കയായ എണ്ണ വിലയും പണപ്പെരുപ്പവും ലഘൂകരിക്കുന്നതിനാണ് യുഎസ് ഉപരോധം നീക്കിയത്. ഇന്ത്യ-വെനസ്വേല വ്യാപാരത്തില്‍ റിലയന്‍സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വര്‍ഷങ്ങളായി റിലയന്‍സിന്റെ റിഫൈനറികള്‍ ഏകദേശം 150 വ്യത്യസ്ത ഗ്രേഡ് ക്രൂഡ് ഓയില്‍ സംസ്‌കരിച്ചിട്ടുണ്ട്.

Tags:    

Similar News