മാനുഫാക്ചറിംഗ് വളര്‍ച്ച മൂന്നു മാസത്തെ ഉയര്‍ച്ചയില്‍
- തൊഴില്‍ സൃഷ്ടി നാലു മാസത്തെ താഴ്ന്ന നിലയില്‍
- ചെലവ് വിലക്കയറ്റം ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
- കയറ്റുമതി ഓർഡറുകൾ 10 മാസത്തിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ ഉയർന്നു
ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖല ഓഗസ്റ്റില്‍ പ്രകടമാക്കിയത് മൂന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച. ഫാക്‌ടറി ഉല്‍പ്പാദനത്തിലും പുതിയ ഓർഡറുകളിലും ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയും പ്രകടമാക്കിയെന്ന് ഇന്ന് എസ് & പി ഗ്ലോബല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എസ് ആന്റ് പി ഗ്ലോബലിന്റെ ഇന്ത്യക്കായുള്ള മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേർസ് ഇന്‍റക്സ് (പിഎംഐ) ജൂലൈയിലെ 57.7 ൽ നിന്ന് ഓഗസ്റ്റിൽ 58.6 ആയി ഉയർന്നു, ഇത് മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. പുതിയ തൊഴിലവസരങ്ങൾ 4 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ചെലവുകളുടെ വിലക്കയറ്റം ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നും സർവേ വ്യക്തമാക്കുന്നു.
പുതിയ ഓർഡറുകള്‍ 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വേഗതയില്‍ വര്‍ധിച്ചു, ഉല്‍പ്പാദനം 2020 ഒക്‌ടോബർ മുതലുള്ള ഏറ്റവും ഉയര്‍ന്ന വേഗത്തിൽ വികസിച്ചു, അതേസമയം കയറ്റുമതി ഓർഡറുകൾ 10 മാസത്തിനുള്ളിലെ ഏറ്റവും വേഗതയേറിയ നിരക്കിലേക്ക് ഉയർന്നു. മത്സരാധിഷ്ഠിത വിലനിർണ്ണയവും പരസ്യവുമാണ് വിൽപ്പന വളർച്ചയ്ക്ക് പിന്നിലെ ഘടകങ്ങളായി സർവേ ചൂണ്ടിക്കാട്ടുന്നത്.
അടുത്ത 12 മാസത്തേക്കുള്ള ബിസിനസ് ആത്മവിശ്വാസം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. പണപ്പെരുപ്പ ആശങ്കകളാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ നമ്പറുകൾ തുടർച്ചയായി 26 മാസങ്ങളായി 50നു മുകളിലാണ്. 50 നു താഴെയുള്ള നില സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.