കേരള ഐ.ടി കമ്പനികള്‍ യു.എസിലേക്ക്

  • ലക്ഷ്യം നിക്ഷേപ ഉച്ചകോടികളിലെ ബിസിനസ് അവസരങ്ങള്‍
  • ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെയാണ് പര്യടനം
  • സംഘത്തില്‍ 16 ഐടി കമ്പനികള്‍

Update: 2023-05-01 06:02 GMT

ഐ.ടി വ്യവസായത്തിന് കൂടുതല്‍ ഉണര്‍വുണ്ടാക്കുന്നതിന് കേരളത്തിലെ ഐ.ടി, സോഫ്റ്റ്‍വെയർ കമ്പനികളുടെ വ്യവസായ ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (GTECH) യു.എസിലേക്ക്. സംസ്ഥാനത്തെ ഐ.ടി രംഗത്തുള്ള ഇടത്തരം, ചെറുകിട, മൈക്രോ സംരംഭങ്ങളെ കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് പുറത്തുവന്ന് ട്രാക്കിലെത്താന്‍ സഹായിക്കുന്നതിനായി യു.എസ്.എയിലെ നാല് നഗരങ്ങളിലാണ് ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) എന്നിവിടങ്ങളില്‍ നിന്നുള്ള 16 ഐ.ടി കമ്പനികള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നടക്കുന്ന രണ്ടാഴ്ചത്തെ പര്യടനത്തില്‍ പങ്കെടുക്കും. ഈ കമ്പനികള്‍ ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളില്‍ ബിസിനസ് അവസരങ്ങള്‍ തേടും. കൂടാതെ വാഷിംഗ്ടണില്‍ നടക്കുന്ന സെലക്ട് യു.എസ്.എ നിക്ഷേപ ഉച്ചകോടിയിലും കേരള ഐ.ടി കമ്പനികള്‍ പങ്കെടുക്കും.

ചെറുകിട ഇന്ത്യന്‍ ഐ.ടി കമ്പനികളുമായി സഹകരിച്ച് ബിസിനസ് വിപുലീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള, ഐ.ടി വ്യവസായത്തിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പ്രധാന പ്രതിനിധികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. 

യു.എസ്-ഇന്ത്യ ഇംപോര്‍ട്ടേഴ്സ് കൗണ്‍സില്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റും മിറോക്സ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ബാബുവാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.

നിലവിലുള്ള കമ്പനികളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും സ്റ്റാര്‍ട്ടപ്പുകളേയും ഐ.ടി സംരംഭകരേയും കൈപിടിച്ചുയര്‍ത്തി കേരളത്തിലെ ഐ.ടി, ഐ.ടി.ഇ.എസ് എന്നിവയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച സുഗമമാക്കുന്നതില്‍ GTECH മുന്‍നിരയിലാണെന്ന് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു.

കോവിഡിന്റെ ഫലമായി ചില ചെറുകിട കമ്പനികള്‍ കാര്യമായ തിരിച്ചടി നേരിട്ടു. യു.എസ് പര്യടനത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് അവരുടെ ബിസിനസ് മീറ്റിംഗുകളില്‍ നിന്ന് കാര്യമായ പ്രയോജനം ലഭിക്കുമെന്നും അനുകൂലമായ ഫലം ലഭിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിടെക്കില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ 300ഓളം ഐ.ടി കമ്പനികള്‍ അംഗങ്ങളാണ്. കേരളത്തിലെ ഐ.ടി പ്രഫഷനലുകളില്‍ 80 ശതമാനവും ജിടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.

Tags:    

Similar News