മികച്ച തിരിച്ചുവരവ് പ്രതീക്ഷിച്ച് എഫ്എംസിജി നിര്‍മ്മാതാക്കള്‍

  • ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നു
  • വളര്‍ച്ചയിലേക്ക് എത്തുന്നത് അഞ്ചുപാദങ്ങള്‍ക്കുശേഷം
  • എഫ്എംസിജി സെഗ്മെന്റിലെ നിയന്ത്രണം നേടാന്‍ റിലയന്‍സ് ശ്രമം

Update: 2023-05-22 07:50 GMT

ഗ്രാമീണ വില്‍പ്പനയിലെ ഉയര്‍ച്ച, മെച്ചപ്പെട്ട മാര്‍ജിന്‍, വിലകുറയുന്നതോടെ ഉണ്ടാകുന്ന വളര്‍ച്ച എന്നിവകൊണ്ട് ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികള്‍ മികച്ച വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു. ഇക്കാരണത്താല്‍ കമ്പനികള്‍ പരസ്യത്തിലും വിപണനത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. നിക്ഷേപവും കൂടുതലായി ഈ മേഖലയില്‍ എത്തുകയാണ്.

ഏതാനും പാദങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തുന്നത്.സോപ്പുകള്‍ മുതല്‍ ഭക്ഷ്യവസ്തുക്കള്‍ വരെയുള്ള സാധനങ്ങളില്‍ പണപ്പെരുപ്പം ഉയരാതിരിക്കുന്നതും ഒരു അനുകൂല ഘടകമായി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡാബര്‍, മാരിക്കോ, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഐടിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, നെസ്ലെ എന്നിവ മാര്‍ച്ച് പാദത്തില്‍ തിരിച്ചുവരവ് നടത്തി.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോഗം ക്രമാനുഗതമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വോളിയം കുറയുന്നതിന്റെ അഞ്ച് പാദങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് മാരിക്കോ എംഡിയും സിഇഒയുമായ സൗഗത ഗുപ്ത പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ നഗരത്തിലെ ഉപഭോഗം സ്ഥിരമാണ്. എന്നാല്‍ ഗ്രാമങ്ങളിലെ വളര്‍ച്ച സ്ഥിരമല്ല.

ഈ മേഖലയില്‍ ഭക്ഷണ രംഗത്തെ വളര്‍ച്ച ഉയരുന്നുണ്ട്. അതേസമയം ഹോം, പേഴ്സണല്‍ കെയര്‍ സെഗ്മെന്റും നീണ്ട മാന്ദ്യത്തിന് ശേഷം വളര്‍ച്ചയിലേക്ക് പ്രവേശിക്കുന്നതേയുള്ളു.

സഫോള, പാരച്യൂട്ട്, ലിവോണ്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയുള്ള മാരികോയുടെ ഏകീകൃത അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 18.7 ശതമാനം വര്‍ധിച്ച് 305 കോടി രൂപയായി. വില്‍പ്പന 3.65 ശതമാനം ഉയര്‍ന്ന് 2,240 കോടി രൂപയാവുകയും ചെയ്തു.

തുടര്‍ച്ചയായി ഉയര്‍ന്ന മൂല്യവര്‍ദ്ധനയോടെ ഗ്രാമീണ മേഖലകള്‍ മെച്ചപ്പെട്ടതായി എച്ച് യു എല്‍ അവകാശപ്പെട്ടു. അതേസമയം കമ്പനിയുടെ വോളിയം കുറയുന്നത് തുടരുന്നു. എന്നാല്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഇടിവിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്.

ജനപ്രിയ ബ്രാന്‍ഡുകളായ റിന്‍, ലക്സ്, സര്‍ഫ് എക്സല്‍, പോണ്ട്സ് എന്നിവയുടെ നിര്‍മ്മാതാക്കള്‍ പ്രൈസ്-വോളിയം വളര്‍ച്ച ഇനിയും പുനഃസന്തുലിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

മാര്‍ച്ച് പാദത്തില്‍, എച്ച് യുഎല്‍ അതിന്റെ ഏകീകൃത അറ്റാദായത്തില്‍ 12.74 ശതമാനം വര്‍ധിച്ച് 2,601 കോടി രൂപയായി. മൊത്ത വില്‍പ്പന 10.83 ശതമാനം ഉയര്‍ന്ന് 14,926 കോടി രൂപയായി.

എന്നിരുന്നാലും, ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യതയും എല്‍ നിനോ, ഹീറ്റ്വേവ് പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കാരണം സമീപകാല പ്രവര്‍ത്തന അന്തരീക്ഷം അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ടെന്ന് എച്ച് യുഎല്‍ മുന്നറിയിപ്പ് നല്‍കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതിനാല്‍ കമ്പനികള്‍ വില കുറയ്ക്കാന്‍ തുടങ്ങും. വോളിയം വളര്‍ച്ച മെച്ചപ്പെടുമ്പോള്‍ വില വളര്‍ച്ച കുറയും.

എല്‍ നിനോയുടെ ആഘാതത്തെക്കുറിച്ചും 110 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്എംസിജി സെഗ്മെന്റിലെ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്ന ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നീക്കങ്ങളെക്കുറിച്ചും നുവാമ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫോര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അബ്‌നീഷ് റോയ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, ഗോദ്റെജ് കണ്‍സ്യൂമര്‍ മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ വരുമാനത്തില്‍ 11.47 ശതമാനം വര്‍ധന രേഖപ്പെടുത്തി 1,822.92 കോടി രൂപയായി. 11 ശതമാനം വോളിയം വളര്‍ച്ചയാണ് ഇതിന് കാരണമായത്.

ഗാര്‍ഹിക കീടനാശിനികളും എയര്‍ ഫ്രെഷനറുകളും അടങ്ങുന്ന അതിന്റെ ഹോം കെയര്‍ വിഭാഗം യഥാക്രമം 14 ശതമാനവും 17 ശതമാനവും വളര്‍ന്നു.

ബ്രിട്ടാനിയ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വരുണ്‍ ബെറിയും മേഖലയുടെ വളര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

മാര്‍ച്ച് പാദത്തില്‍ ബ്രിട്ടാനിയയുടെ ഏകീകൃത അറ്റാദായം 47.53 ശതമാനം വര്‍ധിച്ച് 557.60 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 10.93 ശതമാനം ഉയര്‍ന്ന് 3,892.02 രൂപയായി.

അതുപോലെ, ഡാബര്‍ മാര്‍ച്ച് പാദത്തില്‍ 11 ശതമാനവും 2023 സാമ്പത്തികവര്‍ഷത്തില്‍ 14 ശതമാനവും വോളിയം വളര്‍ച്ച രേഖപ്പെടുത്തി. അതിന്റെ ത്രൈമാസ അറ്റാദായം 292.76 കോടി രൂപയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,677.8 കോടി രൂപയുമാണ്.

എഫ്എംസിജി വിഭാഗത്തില്‍ നിന്നുള്ള ഐടിസിയുടെ വരുമാനം 19.34 ശതമാനം ഉയര്‍ന്ന് 4,148.62 കോടി രൂപയില്‍ നിന്ന് 4,951.17 കോടി രൂപയായപ്പോള്‍ ഇബിഐടിഡിഎ 76 ശതമാനം ഉയര്‍ന്നു.

മാഗി, കിറ്റ്കാറ്റ്, നെസ്‌കഫെ എന്നിവയുടെ നിര്‍മ്മാതാക്കളായ നെസ്ലെയുടെ അറ്റാദായം മാര്‍ച്ച് പാദത്തില്‍ 24.69 ശതമാനം വര്‍ധിച്ച് 736.64 കോടി രൂപയായി. വില്‍പ്പന 20.43 ശതമാനം ഉയര്‍ന്ന് 4,808.40 കോടി രൂപയായി.

ടാറ്റ കണ്‍സ്യൂമര്‍ തങ്ങളുടെ ഏകീകൃത അറ്റാദായം 21.12 ശതമാനം വര്‍ധിച്ച് 289.56 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.96 ശതമാനം ഉയര്‍ന്ന് 3,618.73 കോടി രൂപയുമായി.

ഇന്ത്യയിലെ ബിവറേജസ് ബിസിനസിലും ഭക്ഷണത്തിലും വളര്‍ച്ച രേഖപ്പെടുത്തിയതായി ടാറ്റ കണ്‍സ്യൂമര്‍ പറഞ്ഞു.

Tags:    

Similar News