മൈക്രോണുമായി ഗുജറാത്ത് ഇന്ന് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു

  • സംസ്ഥാനത്തെ സാനന്ദില്‍ ആയിരിക്കും മൈക്രോണിന്റെ സെന്റര്‍ സ്ഥാപിക്കുക
  • പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയിലാണ് മൈക്രോണ്‍ ഇന്ത്യയിലേക്കെത്താന്‍ തീരുമാനമായത്
  • ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് പരിഹരിക്കുക ലക്ഷ്യം

Update: 2023-06-28 03:03 GMT

അഹമ്മദാബാദ് ജില്ലയിലെ സാനന്ദില്‍ സെമികണ്ടക്ടര്‍ അസംബ്ലിക്കും ടെസ്റ്റ് സൗകര്യത്തിനുമായി അമേരിക്കന്‍ കമ്പ്യൂട്ടര്‍ സ്റ്റോറേജ് ചിപ്പ് മേക്കര്‍ മൈക്രോണ്‍ ടെക്‌നോളജിയുമായി ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് (ബുധനാഴ്ച) ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ വൈകുന്നേരം ഗാന്ധിനഗറിലാണ് ധാരണാപത്രം ഒപ്പുവെക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2.75 ബില്യണ്‍ ഡോളര്‍ (ഏകദേശം 22,540 കോടി രൂപ) മുതല്‍ മുടക്കില്‍ ഗുജറാത്തില്‍ ഒരു സെമികണ്ടക്ടര്‍ അസംബ്ലിയും ടെസ്റ്റ് പ്ലാന്റും സ്ഥാപിക്കുമെന്ന് ജൂണ്‍ 22 ന് മൈക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ മോദിയുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ 'മോഡിഫൈഡ് അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ് ആന്‍ഡ് പാക്കേജിംഗ് (എടിഎംപി) സ്‌കീം' പ്രകാരമാണ് മൈക്രോണിന്റെ പ്ലാന്റിന് അംഗീകാരം ലഭിച്ചത്.

പദ്ധതി പ്രകാരം, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന് കേന്ദ്രത്തില്‍ നിന്ന് മൊത്തം പദ്ധതിച്ചെലവിന് 50 ശതമാനം സാമ്പത്തിക പിന്തുണയും ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് മൊത്തം ചെലവിന്റെ 20 ശതമാനവും മറ്റ് പ്രോത്സാഹനങ്ങളും ലഭിക്കും.

'ഗുജറാത്തിലെ പുതിയ അസംബ്ലിയുടെയും ടെസ്റ്റ് സൗകര്യത്തിന്റെയും ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണം 2023 ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500,000 ചതുരശ്ര അടി പ്ലാന്‍ ചെയ്ത ക്ലീന്റൂം സ്‌പേസ് ഉള്‍പ്പെടുന്ന ആദ്യ ഘട്ടം 2024 അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും,' മൈക്രോണ്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്ലാന്റ് 5,000 പുതിയ നേരിട്ടുള്ള ജോലികളും 15,000 കമ്മ്യൂണിറ്റി ജോലികളും സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

'മൈക്രോണിന്റെ പുതിയ സൗകര്യം പുതിയ ഉല്‍പ്പന്നങ്ങളുടെ അസംബ്ലിയും ടെസ്റ്റ് നിര്‍മ്മാണവും പ്രാപ്തമാക്കുകയും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്നുള്ള ഡിമാന്‍ഡ് പരിഹരിക്കുകയും ചെയ്യും,' പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News