വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ 300 കോടി രൂപ സമാഹരിച്ച് ക്യുവര്‍ഫുഡ്‌സ്
- ബ്രാന്‍ഡുകളെ ഓഫ്‌ലൈന്‍ ഫോര്‍മാറ്റിലേക്കു കൂടി വൈവിധ്യവത്കരിക്കും
- ഈ വര്‍ഷം 50 പുതിയ ലൊക്കേഷനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും
കഴിഞ്ഞയാഴ്ച സമാപിച്ച ഒരു ഫണ്ടിംഗ് ഘട്ടത്തിലൂടെ 300 കോടി രൂപയുടെ സമാഹരണം സാധ്യമാക്കിയതായി ക്ലൗഡ് കിച്ചണ്‍ ഓപ്പറേറ്ററായ ക്യുവര്‍ഫുഡ്‌സ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും തങ്ങളുടെ ബ്രാന്‍ഡുകളെ ഓഫ്‌ലൈന്‍ ഫോര്‍മാറ്റിലേക്കു കൂടി വൈവിധ്യവത്കരിക്കുന്നതിനുമാണ് കമ്പനി ഈ നിക്ഷേപം പ്രയോജനപ്പെടുത്തുക.
പ്രൈമറി, സെക്കണ്ടറി ഓഹരികളും വായ്പയും ഉള്‍പ്പെട്ട ഫണ്ടിംഗ് റൗണ്ടിനെ നയിച്ചത് 240 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ട് ബിന്നി ബന്‍സാലിന്റെ ത്രീ സ്‌റ്റേറ്റ് ക്യാപിറ്റലാണ്. അയേണ്‍പില്ലര്‍, ചിറാറ്റീ വെഞ്ച്വേര്‍സ്, എഎസ്‌കെ ഫിനാന്‍സ്, വിന്റര്‍ ക്യാപിറ്റല്‍ എന്നിവയാണ് ഫണ്ടിംഗിലുള്‍പ്പെട്ട മറ്റ് കമ്പനികള്‍.
നിലവില്‍ ഓണ്‍ലൈന്‍-ഓണ്‍ലി ക്ലൗഡ് കിച്ചണായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഓഫ്‌ലൈനിലൂടെയുള്ള വിപുലീകരണം സാധ്യമാക്കുന്നതിനും പുതിയ ഉപഭോക്താക്കളിലേക്കും വിപണികളിലേക്കും എത്തുന്നതിനും പുതിയ നിക്ഷേപം കരുത്താകുമെന്ന് ക്യുവര്‍ഫുഡ്‌സ് സ്ഥാപകനായ അന്‍കിത് നകോരി പറയുന്നു.
നേരത്തേ 2022ല്‍ ക്യുവര്‍ഫുഡ്‌സ് 800 കോടി രൂപയുടെ സമാഹരണം നടപ്പാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. 50 പുതിയ ലൊക്കേഷനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാനും ഒരുമാസം കൈകാര്യം ചെയ്യുന്ന ഓര്‍ഡറുകളുടെ എണ്ണം 2 മില്യണിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്.