'എണ്ണപാത്രം മുതല്‍ ധാന്യപ്പെട്ടി വരെ നിറയ്ക്കും', ഇന്ത്യന്‍ വീട്ടകങ്ങളിലേക്ക് അദാനിയും അംബാനിയും
- ഗോതമ്പ് പൊടി മുതല്‍ കുപ്പിവെള്ളം വരെ സ്വന്തം ബ്രാന്‍ഡ് നെയിമില്‍ ഇറക്കുകയാണ് ലക്ഷ്യം.
മുംബൈ: ഊര്‍ജ്ജം മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ വരെ ബിസിനസ് കരുത്ത് തെളിയിച്ച അദാനിയും അംബാനിയും ഇനി മത്സരം കടുപ്പിക്കുക എഫ്എംസിജി മേഖലയിലെന്ന് സൂചന. ഭക്ഷ്യധാന്യങ്ങള്‍ മുതല്‍ പായ്ക്ക് ചെയ്ത കുടിവെള്ളം വരെ സ്വന്തം ബ്രാന്‍ഡ് നെയിമില്‍ ഇറക്കാനുള്ള നീക്കത്തിലാണ് ഇരുവരും.
രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഉത്പന്നങ്ങളായ ഗോതമ്പ് പൊടി, അരി, പഞ്ചസാര, കടലമാവ്, മറ്റ് ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗം, ബിസ്‌ക്കറ്റ്, പായ്ക്ക് ചെയ്ത കുടിവെള്ളം തുടങ്ങിയവ ഇരുവരും സ്വന്തമായി ഇറക്കുന്നതോടെ ഐടിസിയും ടാറ്റാ ഗ്രൂപ്പും ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വെല്ലുവിളി ഏറും.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വില്‍മര്‍ ഗ്രൂപ്പ് വര്‍ഷങ്ങളായി ഭക്ഷ്യഎണ്ണ ഉത്പാദനത്തിലെ മുന്‍നിരക്കാരാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം രാജ്യത്തെ ഭക്ഷ്യഎണ്ണ വിപണിയുടെ 19.5 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി വില്‍മര്‍ ഗ്രൂപ്പാണ് (എഡബ്ല്യുഎല്‍). ഇത് ഏകദേശം 2 ലക്ഷം കോടി രൂപയ്ക്കടുത്ത് മൂല്യം വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റിലയന്‍സ് വെഞ്ച്വേഴ്‌സിന്റെ എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യുമര്‍ പ്രൊഡക്ട്‌സ് ഏതാനും ദിവസം മുന്‍പാണ് സ്വന്തം ബ്രാന്‍ഡായ ഇന്‍ഡിപെന്‍ഡന്‍സ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ഗുജറാത്തിലാകും ബ്രാന്‍ഡിന് കീഴിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. ഈ വര്‍ഷം തുടക്കം മുതല്‍ രാജ്യത്ത് പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെ വിപണനം വര്‍ധിക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ ഒരു ശ്രേണി തന്നെ ഇന്‍ഡിപെന്‍ഡന്‍സ് ബ്രാന്‍ഡിന് കീഴില്‍ ഒരുക്കിയിട്ടുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഡയറക്ടര്‍ ഇഷാ അംബാനി അറിയിച്ചിരുന്നു. നിലവില്‍ റിലയന്‍സ് റീട്ടെയിലിന് രാജ്യത്ത് 12,000 സ്റ്റോറുകളാണുള്ളത്.
മുന്നേറ്റം അദാനിയ്‌ക്കോ?
കഴിഞ്ഞ കുറച്ച് മാസങ്ങളിലെ കണക്കുകള്‍ നോക്കിയാന്‍ അടുക്കളില്‍ ആവശ്യമായ എല്ലാ സാധനങ്ങളും സ്വന്തം ബ്രാന്‍ഡ് നെയിമില്‍ ഇറക്കാനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും എന്ന് മനസിലാക്കാം. എന്നാല്‍ ഇരുകമ്പനികളും ഇറക്കുന്ന ഉത്പന്നങ്ങളില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ലെന്നുള്ളതാണ് മറ്റൊരു ഘടകം. എന്നാല്‍ ഭക്ഷ്യ എണ്ണ ബിസിനസില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അദാനി ഗ്രൂപ്പിന്റെ ഉത്പന്നങ്ങള്‍ക്കാകും വിപണിയില്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യത.
ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ വെഞ്ചുറ സെക്യൂരിറ്റീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം എഡബ്ല്യുഎല്ലിന്റെ ഫുഡ് ആന്‍ഡ് എഫ്എംസിജി ബിസിനസ് 2025 ആകുമ്പോഴേയ്ക്കും 31 ശതമാനം അധിക വളര്‍ച്ച നേരിടുമെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കമ്പനിയുടെ സിഎജിആര്‍ 2025 ആകുമ്പോഴേയ്ക്കും 4,340 കോടി രൂപയിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.