പേടിഎം പേയ്‌മെന്റ് സര്‍വീസിന് പുതിയ വിലക്കുകളുമായി ആര്‍ബിഐ

പേടിഎമ്മിന് 120 ദിവസത്തിനുള്ളില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും, പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ അനുമതി ലഭിക്കുന്നതുവരെ ഉള്‍പ്പെടുത്തില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

Update: 2022-11-26 09:44 GMT

ഡെല്‍ഹി: പേടിഎം   പേയ്മെന്റ്റ് സര്‍വീസസില്‍ (പിപിസിഎല്‍) പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ ഉള്‍പ്പെടുത്തുന്നത് തടഞ്ഞ് ആര്‍ബിഐ.

വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ അനുബന്ധ കമ്പനിയായ പിപിസിഎല്‍-ലേക്ക് തങ്ങളുടെ പേയ്‌മെന്റ് അഗ്രഗേറ്റര്‍ സര്‍വീസ് ബിസിനസ് മാറ്റാന്‍ 2020 ഡിസംബറില്‍ കമ്പനി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ആര്‍ബിഐ ഈ നീക്കത്തെ തടഞ്ഞു.

2021 സെപ്റ്റംബറില്‍ ഈ സേവനത്തിനായി കമ്പനി വീണ്ടും ആര്‍ബിഐയെ സമീപിച്ചു.

ഈ അപേക്ഷയ്ക്കുള്ള മറുപടിയായി പേടിഎമ്മിന് ആര്‍ബിഐയില്‍ നിന്നും ലഭിച്ച കത്തില്‍, കമ്പനി പിപിസിഎല്ലിലേക്ക് മുന്‍പ് നടത്തിയ നിക്ഷേപങ്ങള്‍, വിദേശ നിക്ഷേപ മാര്‍ഗനിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായുള്ളതാണെന്ന് തെളിയിക്കുന്ന അനുമതി വാങ്ങേണ്ടതുണ്ട് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ ഉൾപ്പെടുത്താൻ പാടില്ല എന്നും വ്യക്തമാക്കി.

പേടിഎമ്മിന് 120 ദിവസത്തിനുള്ളില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും, പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ അനുമതി ലഭിക്കുന്നതുവരെ ഉള്‍പ്പെടുത്തില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇ-കൊമേഴ്‌സ് സൈറ്റുകള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്നുള്ള പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍, സ്വന്തമായി പേയ്‌മെന്റ് സംവിധാനം സൃഷ്ടിക്കാതെ സൗകര്യമൊരുക്കുന്നതാണ് പേയ്‌മെന്റ് അഗ്രഗേറ്റേഴ്‌സ്.

ആര്‍ബിഐയില്‍ നിന്നുള്ള നിർദ്ദേശം പുതിയ ഓണ്‍ലൈന്‍ വ്യാപാരികളെ ചേര്‍ക്കുന്നതിനു മാത്രമേ ബാധകമാകൂ എന്നതിനാല്‍ കമ്പനിയുടെ ബിസിനസിലും വരുമാനത്തിലും കാര്യമായ സ്വാധീനം ഇതുണ്ടാക്കുന്നില്ലെന്ന് പേടിഎം വ്യക്തമാക്കുന്നു.

'ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ അല്ലാത്ത പുതിയ വ്യാപാരികളെ ഉള്‍പ്പെടുത്തുന്നത് തുടരാനും അവര്‍ക്ക് ക്യുആര്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ മുതലായവ ഉള്‍പ്പെടെയുള്ള പേയ്മെന്റ് സേവനങ്ങള്‍ നല്‍കാനും കഴിയും. അതുപോലെ, പിപിസിഎല്ലിന് നിലവിലുള്ള ഓണ്‍ലൈന്‍ വ്യാപാരികളുമായി ബിസിനസ്സ് തുടരാം, അവര്‍ക്ക് നല്‍കുന്ന സേവനങ്ങളെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധിക്കില്ല. അപേക്ഷ വീണ്ടും സമര്‍പ്പിക്കുന്നതോടെ ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും പേടിഎം വ്യക്തമാക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ പേടിഎമ്മിന്റെ അനുബന്ധ കമ്പനിയായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2021 ഓഗസ്റ്റില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ചില്‍ വീണ്ടും നീട്ടുകയായിരുന്നു.

Tags:    

Similar News