ആഗോള മൊബൈല്‍ പേമെന്റ് വിപണിയില്‍ പ്രതീക്ഷിക്കുന്നത് 30% വാര്‍ഷിക വളര്‍ച്ച
- 20.51 ശതമാനം വിഹിതത്തോടെ ബിഎഫ്എസ്‌ഐ മേഖല മുന്നില്‍
- സാങ്കേതിക നവീകരണങ്ങള്‍ പേമെന്റുകളുടെ സുരക്ഷ കൂട്ടി
- 42.18% വിഹിതത്തോടെ ഏറ്റവും വലിയ വിപണിയായി ഏഷ്യാ പസഫിക്
ആഗോള മൊബൈല്‍ പേമെന്റ് വിപണി 2021ലെ 942.42 ബില്യണ്‍ ഡോളറിന്റെ മൂല്യത്തില്‍ നിന്ന് 2030ഓടെ 9924.92 ബില്യണ്‍ ഡോളറിന്റെ മൂല്യത്തിലേക്ക് എത്തുമെന്ന് പഠന റിപ്പോര്‍ട്ട്.2022-30 കാലയളവില്‍ 29.9 ശതമാനത്തിന്റെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബ്രൈനി ഇന്‍സൈറ്റ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2021ല്‍ 42.18% വിഹിതത്തോടെ ഏഷ്യാ പസഫിക് മേഖലയാണ് ആഗോള മൊബീല്‍ പേമെന്റ് മേഖലയുടെ ഏറ്റവും വലിയ വിപണിയായി ഉയര്‍ന്നു വന്നിട്ടുള്ളത്. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതും ഇന്റര്‍നെറ്റ് പ്രാപ്യത മെച്ചപ്പെട്ടതുമാണ് ഇതിനു പ്രധാന കാരണം. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ധനകാര്യ സേവനങ്ങളില്‍ കൂടുതല്‍ ഡിജിറ്റല്‍വത്കരണം നടപ്പാക്കുനനതും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മൊബൈല്‍ പേമെന്റ് അംഗീകരിക്കുന്നതും ഈ മേഖലയുടെ മൊബീല്‍ പേമെന്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
പഠന വിധേയമാക്കിയ കാലയളവില്‍ ഏറ്റവും വലിയ വളര്‍ച്ച പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖല വടക്കേ അമേരിക്കയാണ്. ഈ മേഖലയിലെ ഇന്റര്‍നെറ്റ് വ്യാപനം വേഗത്തിലാകുന്നതാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളെല്ലാം ഇപ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലും വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപത്തിലും ശ്രദ്ധയൂന്നിയിരിക്കുകയാണ്.
സമീപത്തുനിന്നുള്ള പേമെന്റുകളുടെയും (പ്രോക്‌സിമിറ്റി പേമെന്റ്) വിദൂരത്തു നിന്നുള്ള പേമെന്റുകളുടെയും (റിമോട്ട് പേമെന്റ്) രണ്ട് വിഭാഗങ്ങള്‍ മൊബീല്‍ പേമെന്റ് മേഖലയിലുണ്ട്. 57.15 % വിഹിതത്തോടെ റിമോട്ട് പേമെന്റ് വിഭാഗമാണ് 2021ല്‍ മുന്നിട്ട് നില്‍ക്കുന്നത്. വ്യാപാരികളുടെ വിതരണ കാര്യക്ഷമത വര്‍ധിച്ചതിന്റെയും ഉപഭോക്താക്കള്‍ കൂടുല്‍ സൗകര്യപ്രദമായ വാങ്ങലിലേക്ക് തിരിയുന്നതിന്റെ ഫലമായണ് ഈ വിഭാഗത്തിലെ വളര്‍ച്ച.
സാങ്കേതികമായി ഈ മൊബീല്‍ പേമെന്റുകളെ മൊബൈല്‍ വെബ് പേയ്മെന്റ്, നേരിട്ടുള്ള മൊബൈല്‍ ബില്ലിംഗ്, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍, എസ്എംഎസ്, മൊബൈല്‍ ആപ്പ്, ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റ്റം തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 23.30 ശതമാനം വിഹിതത്തോടെ മൊബൈല്‍ വെബ് പേയ്മെന്റ മുന്നിട്ടു നില്‍ക്കുന്നു. സാങ്കേതികമായ നവീകരണങ്ങള്‍ പേമെന്റുകള്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തത് കൂടുതല്‍ പേരെ ഇത് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ബിഎഫ്എസ്‌ഐ, ആരോഗ്യ സംരക്ഷണം, ഐടി & ടെലികമ്മ്യൂണിക്കേഷന്‍, സര്‍ക്കാര്‍, ഗതാഗതം , ലോജിസ്റ്റിക്സ്, റീട്ടെയില്‍, മീഡിയ, വിനോദം തുടങ്ങിയ മേഖലകളിലെല്ലാം വ്യാപകമായി മൊബീല്‍ പേമെന്റുകള്‍ ഉപയോഗിക്കുന്നു. 2021ല്‍ ബിഎഫ്എസ്‌ഐ മേഖലയാണ് 20.51 ശതമാനം വിഹിതത്തോടെ മുന്നിട്ടു നിന്നിരുന്നത്.