സാധാരണക്കാരെ സംരംഭകരാക്കി മാറ്റിയ മീഷോയുടെ വിജയഗാഥ
- ഇന്ത്യയിലെ ഒരു പ്രമുഖ റീസെല്ലിംഗ് പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് മീഷോ
- ഏതൊരു ഉൽപ്പന്നവും വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് വിൽക്കാൻ മീഷോ വ്യാപാരികൾക്ക് അവസരം നൽകുന്നു
- മീഷോയുടെ വിൽപ്പനക്കാരിൽ 80% റീട്ടെയിൽ സംരംഭകരും 95% അൺ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുമാണ്
ഓൺലൈൻ ഷോപ്പിംഗ് ഇന്ന് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൻ്റെ കഥയാണ് മീഷോ. 2015 ഡിസംബറിൽ ഐഐടി ഡൽഹിയിലെ പൂർവ്വ വിദ്യാർത്ഥികളായ വിദിത് ആത്രെയും സഞ്ജീവ് ബർൺവാളും ചേർന്നാണ് മീഷോ സ്ഥാപിച്ചത്. ചെറുകിട ബിസിനസ്സ് ഉടമകളെയും വ്യക്തികളെയും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും മുൻകൂർ നിക്ഷേപമില്ലാതെയും ഒരു ഓൺലൈൻ ബിസിനസ്സ് നടത്താൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് മീഷോ. പല വീട്ടമ്മമാരുടെയും വരുമാന മാർഗമായി ഇത് മാറിയിട്ടുണ്ട്.
മീഷോ യഥാർത്ഥത്തിൽ ഫാഷ്‌നിയർ എന്ന പേരിലാണ് ആദ്യം ആരംഭിച്ചത്. സ്വിഗ്ഗി, സൊമാറ്റോ പോലെ പ്രാദേശിക കടകളിൽ നിന്ന് വസ്ത്രങ്ങളും ഫാഷൻ ആക്സസറികളും വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു ഇത്. പ്രാദേശിക സ്റ്റോറുകൾ ഫാഷ്‌നിയർ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ഉപഭോക്താക്കൾക്കായി ഓർഡർ നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ ഈ സംരംഭം പരാജപ്പെടുകയാണ് ഉണ്ടായത്. പ്രാദേശിക സ്‌റ്റോറുകളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് താൽപ്പര്യമില്ലെന്നും സ്റ്റോർ ഉടമകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനായി വിറ്റഴിച്ച് വിൽപ്പന വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കണ്ടെത്തി. ഈ പ്രശ്നങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്ഥാപകർ ഒരു മികച്ച കമ്പനി സൃഷ്ടിക്കാൻ തീരുമാനിച്ചു. അങ്ങനെ 2015 ന്റെ അവസാനത്തോടെ ഫാഷ്‌നിയർ മീഷോ ആയി പുനർനാമകരണം ചെയ്യപ്പെട്ടു.
ഇന്ന് ഇന്ത്യയിലെ മുൻനിര റീസെയിൽ പ്ലാറ്റ്‌ഫോമായി മീഷോ മാറിയിരിക്കുന്നു. നിർമ്മാതാക്കളെയും റീസെല്ലർമാരെയും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മീഷോ പ്രവർത്തിക്കുന്നു. വിൽപ്പനക്കാർ അവരുടെ ഉൽപ്പന്നങ്ങൾ മീഷോ ഷോപ്പിംഗ് ആപ്പിൽ ലിസ്റ്റ് ചെയ്യുന്നു. മീഷോ ഉൽപന്നങ്ങൾ സാധാരണക്കാർക്ക് അവരുടെ വീട്ടിലിരുന്ന് ഓൺലൈനിൽ വിൽക്കാൻ കഴിയും. പ്രാരംഭ നിക്ഷേപം കൂടാതെ അവർക്ക് ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാനും കമ്മീഷനുകൾ വഴി നല്ല വരുമാനം നേടാനും അവസരം ലഭിക്കുന്നു. ഈ ആശയം മീഷോയെ കൂടുതൽ ജനശ്രദ്ധ നേടാൻ സഹായിച്ചു.
വസ്ത്രങ്ങൾ, മേക് അപ്പ് ആക്സസറികൾ, ഫർണിച്ചറുകൾ, ബെഡ് ഷീറ്റുകൾ, പാചക ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മാതാക്കൾ മീഷോയിൽ ലിസ്റ്റ് ചെയ്യുന്നു. സ്വതന്ത്ര റീസെല്ലർമാർക്ക് വിതരണക്കാരിൽ നിന്ന് ഏത് ഉത്പന്നം വേണമെങ്കിലും തിരഞ്ഞെടുത്ത് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് വിൽക്കാനാകും. ഉൽപ്പന്നത്തിന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയോ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് എഴുതുകയോ ചെയ്ത് വിൽപ്പന നടത്താം. ഉപഭോക്താവും റീസെല്ലറും തമ്മിൽ വിൽപ്പന ഉറപ്പിച്ച ശേഷം, മീഷോ ഉത്പന്നങ്ങൾ വാങ്ങുന്നയാളുടെ വീട്ടിലേക്ക് ഉൽപ്പങ്ങൾ എത്തിക്കുന്നു. ഉപഭോക്താക്കൾക്ക് നേരിട്ടും മീഷോയിൽ ഷോപ്പിംഗ് നടത്താം. സുരക്ഷിതവും വേഗതയേറിയതുമായ ഇടപാടുകൾക്കായി യുപി ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) വഴി പണമടയ്ക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉണ്ട്.
മീഷോയ്ക്ക് വേണ്ടി 3,000-ലധികം ചെറുകിട ബിസിനസ്സുകളും, 10 മുതൽ 12 വരെ വൻകിട കമ്പനികളും അതിൻ്റെ ലോജിസ്റ്റിക്സിൻ്റെ ഭാഗമായി വെയർഹൗസിംഗിലും സോർട്ടിംഗ് പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു.
2016 ൽ വൈ കോമ്പിനേറ്റർ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു മീഷോ. 2023-ൽ, ടൈം മാഗസിൻ ആ വർഷത്തെ ഏറ്റവും സ്വാധീനമുള്ള കമ്പനികളിലൊന്നായി മീഷോയെ തിരഞ്ഞെടുത്തു.
2020 മാർച്ചോടെ മീഷോ ഉപയോക്താക്കളുടെ എണ്ണം 5 ,63,000 ആകുകയും, പ്രതിമാസ ഓർഡറുകളുടെ എണ്ണം 3.1 ദശലക്ഷത്തിലെത്തുകയും ചെയ്തു. 2021ലും 2022ലും മീഷോ വമ്പിച്ച വളർച്ച കൈവരിച്ചു. 2020-2022 കാലയളവിൽ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 26 മടങ്ങ് വർദ്ധിച്ചു.
2021-ൽ ലോകമെമ്പാടും ഏറ്റവുമധികം ഡൗൺലോഡ് ചെയ്‌ത ആപ്പുകളിൽ ഒന്നാണ് മീഷോ മൊബൈൽ ആപ്പ്. 2022-ലെ കണക്കനുസരിച്ച്, മീഷോയ്ക്ക് ഏകദേശം 120 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുണ്ട്. പ്ലാറ്റ്‌ഫോമിലൂടെ ഏകദേശം 910 ദശലക്ഷം ഓർഡറുകൾ ലഭിച്ചു. താമസിയാതെ ഇത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറി.
ഫാഷൻ, ബ്യൂട്ടി, ഹോംവെയർ വിഭാഗങ്ങളിൽ കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) രണ്ട് വർഷത്തിനുള്ളിൽ ഒമ്പത് മടങ്ങ് വർധിച്ച് 2022 ഓടെ ഏകദേശം അഞ്ചു ബില്യൺ ഡോളറിലെത്തി. പ്ലാറ്റ്‌ഫോമിന് പ്രതിമാസം 120 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. മീഷോയുടെ വിൽപ്പനക്കാരിൽ 80% റീട്ടെയിൽ സംരംഭകരും 95% അൺ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുമാണ്.
സ്റ്റാറ്റിസ്റ്റ വിശകലനമനുസരിച്ച്, 2024-ൽ, ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി 60.66 ബില്യൺ ഡോളറിലെത്തുകയും, ഇന്ത്യൻ ഇ-കൊമേഴ്സ് മാർക്കറ്റ്, ഗണ്യമായ വളർച്ച കൈവരിക്കുമെന്നും സൂചിപ്പികുന്നു. 2024 മുതൽ 2029 വരെ 21.5% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) 2029-ൽ വിപണി ഉയർച്ച നിലനിർത്തി 299.01 ബില്യൺ ഡോളറിലെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവണത ഇന്ത്യയുടെ ഇ-കൊമേഴ്സ് വ്യവസായത്തിലെ ശക്തമായ വളർച്ചയുടെ സാധ്യത എടുത്തു കാണിക്കുന്നു. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിലൂടെ 2025 ഓടെ വൺ ട്രില്യൺ ഡോളർ ഓൺലൈൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. 2019-ൽ 4.7% ആയിരുന്ന ഓൺലൈൻ റീട്ടെയിൽ വ്യാപാരം 2024-ൽ 10.7% ആയി ഉയരുകയും, 2025-ഓടെ ഇന്ത്യയിൽ 220 ദശലക്ഷം ഓൺലൈൻ ഉപഭോക്താക്കളുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.