ടെക് കമ്പനികള്‍ക്ക് നല്ല കാലമല്ല, സ്‌നാപ്പ് ഡീല്‍ ഐപിഒയില്‍ നിന്ന് പിന്‍വാങ്ങുന്നു
എന്നാല്‍ വിപണിയില്‍ സമീപ കാലത്ത് ലിസ്റ്റ് ചെയ്യപ്പെട്ട പല ടെക്ക് ഓഹരികള്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ ലിസ്റ്റ് ചെയ്ത ഡിജിറ്റല്‍ പെയ്‌മെന്റ്റ് സ്ഥാപനമായ പേടിഎം 2.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചുവെങ്കിലും ലിസ്റ്റ് ചെയ്തതില്‍ നിന്ന് 76 ശതമാനമാണ് ഇടിഞ്ഞത്.
മുംബൈ: രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ സ്‌നാപ്പ് ഡീല്‍ അവരുടെ 152 മില്യണ്‍ ഡോളറിന്റെ പ്രാരംഭ ഓഹരി വില്പനയില്‍ (ഐപിഒ) നിന്ന് പിന്‍വാങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഐപിഒ യ്ക്കുള്ള രേഖകള്‍ കമ്പനി സെബിയില്‍ സമര്‍പ്പിച്ചത്.
ഈ വര്‍ഷം നിരവധി കമ്പനികളാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പല ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളും മികച്ച ഫണ്ട് ശേഖരണവും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് വിപണിയില്‍ വലിയ അസ്ഥിരതയാണ്്. വിപണിയില്‍ സൂചികകള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് നിലയിലേക്കെത്തിയെങ്കിലും ടെക്ക് ഓഹരികള്‍ ഉള്‍പ്പെടെ പലതിനും വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് കാരണം പല കമ്പനികളും അവരുടെ ഐപിഒ വൈകിപ്പിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വന്‍കിട ഇ കൊമേഴ്സ് കമ്പനികളുമായി കിടപിടിക്കുന്ന സ്‌നാപ്പ് ഡീല്‍ നിലവിലുള്ള വിപണി സാഹചര്യങ്ങളെ കണക്കിലെടുത്താണ് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഒ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഈ ആഴ്ച സെബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐപിഒ സംബന്ധിച്ച ഭാവി തീരുമാനങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കുനാല്‍ ബഹല്‍, രോഹിത് ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് 2010 ലാണ് ഓണ്‍ലൈന്‍ വഴി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള സ്‌നാപ്പ് ഡീലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
2016 ല്‍ സ്‌നാപ്പ് ഡീലിന്റെ മൂല്യം 6.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെങ്കിലും കടുത്ത മത്സരം വര്‍ധിച്ചതോടെ കമ്പനി നഷ്ടത്തിലേക്ക് പോയി. 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ കമ്പനി വലിയ നഷ്ട്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ഐപിഒ വഴി ഫണ്ട് സമാഹരിക്കുന്നതിനു തീരുമാനിച്ചത്.
എന്നാല്‍ വിപണിയില്‍ സമീപ കാലത്ത് ലിസ്റ്റ് ചെയ്യപ്പെട്ട പല ടെക്ക് ഓഹരികള്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ ലിസ്റ്റ് ചെയ്ത ഡിജിറ്റല്‍ പെയ്‌മെന്റ്റ് സ്ഥാപനമായ പേടിഎം 2.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചുവെങ്കിലും ലിസ്റ്റ് ചെയ്തതില്‍ നിന്ന് 76 ശതമാനമാണ് ഇടിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലിസ്റ്റ് ചെയ്ത ഫുഡ് ഡെലിവറി കമ്പനിയായ സോമറ്റോയുടെ ഓഹരികള്‍ക്കും സമാന അവസ്ഥയുണ്ടായി.