വ്യാജ റിവ്യുവിന് 'ഗുഡ് ബൈ': മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കാന്‍ കേന്ദ്രം
വരുന്ന ആഴ്ച്ചയില്‍ തന്നെ വ്യാജ റിവ്യൂവിന് തടയിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിക്കും.
ഡെല്‍ഹി: ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നവര്‍ ഇനി വ്യാജ റിവ്യൂവില്‍ വഞ്ചിതരാകേണ്ടി വരില്ല. ഇത്തരം റിവ്യു പോസ്റ്റ് ചെയ്യുന്നതിനെതിരെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ അവതരിപ്പിക്കും. ഇന്ന് ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് അനായാസം എത്തിക്കുന്നതിന് ആമസോണും ഫ്ളിപ് കാര്‍ട്ടും പോലുള്ള ധാരാളം ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് നിലവിലുണ്ട്. ഇതുപോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉത്പന്നമോ സേവനമോ നേരിട്ട് കാണാതെ വാങ്ങുമ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കളും ഉത്പന്നത്തിന്റെ റിവ്യൂവിനെയാണ് ആശ്രയിക്കുക.
എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ റിവ്യൂകളും വര്‍ധിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഒരു ഉത്പ്പന്നത്തെ കുറിച്ച് സത്യസന്ധമല്ലാതെ രേഖപ്പെടുത്തുന്ന റിവ്യൂകള്‍ വിശ്വസിച്ച്, ധാരാളം ഉപഭോക്താക്കളാണ് വഞ്ചിതരാകുന്നത്. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളെയും സേവനങ്ങളെയും സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ റിവ്യൂകള്‍ നല്‍കി പ്രചരിപ്പിക്കുന്നതു പോലെ, മികച്ച ഉത്പന്നങ്ങളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവണതയും കൂടിവരികയാണ്.
ഈ പ്രതിസന്ധിയ്ക്ക് കടിഞ്ഞാണിടുന്നതിനായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി, റിവ്യു നല്‍കുന്ന ഉപഭോക്താക്കളില്‍ നിന്ന് കെവൈസി അടക്കമുള്ള എല്ലാ വിശദ വിവരങ്ങളും പ്ലാറ്റ് ഫോമുകളില്‍ നല്‍കുന്നത് നിര്‍ബന്ധമാക്കുന്നതിനു നിര്‍ദേശം നല്‍കും. കൂടാതെ വ്യാജമാണെന്ന് തോന്നുന്ന ഉപഭോക്താക്കളുടെ റിവ്യൂകള്‍ നീക്കം ചെയ്യാനും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.