തണുത്ത ലാഭവളര്‍ച്ച, ചൂടുപിച്ച മത്സരത്തിനിടയിലും വേനലിനെ വെല്ലാന്‍ കഴിയുമോ ഈ ഇലക്ട്രോണിക് കമ്പനികള്‍ക്ക്?
- എയര്‍ കണ്ടീഷനിംഗ് മേഖല ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചേക്കും.
- ചെലവ് താരതമ്യേന കൂടുതലായിരുന്നെങ്കിലും, വില്‍പ്പന വര്‍ധിച്ചത് ലാഭം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
- ഉത്സവകാലത്തു പോലും ഡിമാന്‍ഡ് ദുര്‍ബലമായിരുന്നു.
തീവ്രമായ മത്സരം കാരണം ഉപഭോഗ വസ്തുക്കള്‍ (കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്) വില്‍ക്കുന്ന കമ്പനികള്‍ക്ക് മൂന്നാം പാദത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ വില്‍പ്പനയും ഉപഭോക്തൃ ചെലവഴിക്കല്‍ കുറഞ്ഞതും മൂലം ഉത്സവകാലത്തു പോലും ഡിമാന്‍ഡ് ദുര്‍ബലമായിരുന്നു.
കമ്പനികളാകട്ടെ അവരുടെ വിപണി വിഹിതം നിലനിര്‍ത്താന്‍, ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവുകള്‍ വാഗദാനം ചെയ്തതോടെ വില നിര്‍ണയത്തിനുള്ള സമ്മര്‍ദ്ദവും വര്‍ധിച്ചു. ഇതാകട്ടെ ലാഭം കുറക്കാനിടയാക്കി. സെന്‍ട്രം (centrum) എന്ന സ്ഥാപനം നടത്തിയ പഠനമനുസരിച്ച് ആറില്‍ നാല് ഇലക്ട്രിക്കല്‍ കമ്പനികളുടെ ലാഭം 0.10- 0.60 ശതമാനം കുറഞ്ഞു. അതുപോലെ അഞ്ചില്‍ നാല് കമ്പനികളുടെ ലാഭം 0.60-3.00 ശതമാനം വരെ കുറഞ്ഞു.
വേനല്‍ക്കാലത്ത് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ ശക്തമായ വില്‍പ്പനയാണ് കമ്പനി ഇക്കൊല്ലവും പ്രതീക്ഷിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് മേഖല ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നാണ് അനലിസ്റ്റുമാര്‍ അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന ബി 2 ബി വില്‍പ്പന കാരണം കേബിളുകളും വയറുകളും ഉള്‍പ്പെടെയുള്ള മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികച്ച പ്രകടനം കേബിള്‍, വയര്‍ വിഭാഗം കാഴ്ചവെച്ചു. പക്ഷെ ഫാന്‍, റെഫ്രിഡ്ജറേറ്റര്‍ മേഖല പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. എന്നാല്‍, നാലാം പാദത്തില്‍ വളര്‍ച്ച പുരോഗതി അനലിസ്റ്റുമാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഈ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതല്ലായിരുന്നെങ്കിലും ചില ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. മറ്റു ചിലതിന്റെ വില്‍പ്പനയും ലാഭ മാര്‍ജിനും ഉയര്‍ന്നു. വില്‍പ്പന, എബിറ്റിഡ (EBITIDA), നികുതിയ്ക്കു ശേഷമുള്ള ലാഭം (PAT), റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) , ഓഹരികളുടെ പ്രകടനം (stock return) എന്നിവ അടിസ്ഥാനമാക്കി മൂന്ന് ഓഹരികളെ താരതമ്യം ചെയ്യാം.
വില്‍പ്പന
വരുമാനത്തിന്റെ കാര്യത്തില്‍ ഹവെല്‍സ്, പോളികാബ്, വോള്‍ട്ടാസ് എന്നീ കമ്പനികളാണ് മുന്നില്‍. 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 4,401 കോടിയുടെ വില്‍പ്പനയാണ് ഹാവെല്‍സ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കല്‍ വര്‍ധിച്ചതോടെ ബി ടു ബി ആവശ്യവും ഉയര്‍ന്നു. നഗരങ്ങളിലെ ഡിമാന്‍ഡ് ശക്തമായി തുടരുന്നുണ്ട്. പണപ്പെരുപ്പം അല്‍പ്പം മയപ്പെട്ടാലെ ഗ്രാമീണ മേഖലയിലെ വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാനാകു. എസികളിലെയും ഫാനുകളിലെയും എനര്‍ജി ലേബല്‍ മാറ്റങ്ങള്‍ കാരണം ചെലവ് വര്‍ധിച്ചിട്ടുണ്ട്. എങ്കിലും കമ്പനിക്ക് ഈ ഉത്പന്നങ്ങളുടെ വില്‍പ്പനയും മാര്‍ജിനുകളും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പോളിക്യാബ് 4,341 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഭവന നിര്‍മ്മാണം, സര്‍ക്കാര്‍ ആവശ്യങ്ങള്‍, വ്യവസായ ആവശ്യങ്ങള്‍ എന്നിവ വര്‍ധിച്ചതാണ് ഇതിന് കാരണം. കമ്പനിയുടെ കേബിള്‍ വില്‍പ്പന വളര്‍ച്ചാ ആരോഗ്യകരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
വോള്‍ട്ടാസ് 2625.7 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. വില്‍പ്പന വോളിയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചു. എയര്‍കണ്ടീഷണര്‍ വ്യവസായത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും, വിപണി വിഹിതം 19 ശതമാനമായി കുറഞ്ഞു.
എബിറ്റിഡ
മികച്ച എബിറ്റിഡ നമ്പറുകള്‍ നേടി ഈ പാദത്തില്‍ മികവ് തെളിയിച്ചത് പോളികാബ്, ഹവല്‍സ്, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികളാണ്.
പോളികാബിന്റെ എബിറ്റിഡ 570 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തിനെക്കാള്‍ 6.5 ശതമാനം കുറവാണ്. മുന്‍ പാദങ്ങളില്‍ വില്‍പ്പന വര്‍ധിച്ചപ്പോള്‍ ചെലവുകള്‍ ഏകദേശം 3600-3700 റേഞ്ചില്‍ സ്ഥിരത പുലര്‍ത്തി.
ഏറ്റവും പുതിയ ഫലങ്ങള്‍ അടിസ്ഥാനമാക്കി, ഹവല്‍സിന്റെ എബിറ്റിഡ 433 കോടി രൂപയാണ്. രണ്ടാം പാദത്തിലെ 373 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന വില്‍പ്പനയും താരതമ്യേന മികച്ചരീതിയില്‍ ചെലവ് കൈകാര്യം ചെയ്തതുമാണ് ഈ വര്‍ധനവിന് കാരണം. ബ്ലൂ സ്റ്റാര്‍ മൂന്നാം പാദത്തില്‍ 155 കോടി രൂപയുടെ എബിറ്റിഡ റിപ്പോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ പാദത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ചെലവ് താരതമ്യേന കൂടുതലായിരുന്നെങ്കിലും, വില്‍പ്പന വര്‍ധിച്ചത് ലാഭം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
നികുതിയ്ക്കു ശേഷമുള്ള ലാഭം
മികച്ച പ്രകടനം കാഴ്ച്ചവെച്ചത് മുന്‍നിരക്കാരായി പോളികാബ്, ഹവല്‍സ്, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികളാണ്. ഈ മേഖലയില്‍ നിന്ന്, പോളികാബ് 413 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന നികുതിയ്ക്കു ശേഷമുള്ള ലാഭം രേഖപ്പെടുത്തി. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവരുടെ കേബിളുകള്‍ 2-5 ശതമാനം പ്രീമിയത്തില്‍ വില്‍ക്കുന്നതാണ് ലാഭം വര്‍ധിച്ചതിനു കാരണമായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വയറുകളുടെ വിലനിര്‍ണയം പ്രധാന കമ്പനികള്‍ക്കിടയില്‍ ഏകദേശം സമാനമാണ്.
ഹവല്‍സിന്റെ കാര്യത്തില്‍, റിപ്പോര്‍ട്ട് ചെയ്ത ലാഭം 288 കോടി രൂപയാണ്, ഇത് രണ്ടാം പാദത്തിനേക്കാള്‍ 15.6 ശതമാനം കൂടുതലാണ്. കൂടിയ ഡിമാന്‍ഡ് മൂലം ഉയര്‍ന്ന വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ ലാഭം വര്‍ധിക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ബ്ലൂ സ്റ്റാറിന്റെ മൂന്നാം പാദത്തിലെ ലാഭം 100 കോടി രൂപയായിരുന്നു, രണ്ടാം പാദത്തിലെ ലാഭം 71 കോടി രൂപയായിരുന്നു (പാദാടിസ്ഥാനത്തില്‍ 40 ശതമാനം വളര്‍ച്ച). ഡീപ് ഫ്രീസറുകളിലും മോഡുലാര്‍ കോള്‍ഡ് റൂമുകളിലും ആധിപത്യം നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു. വരുന്ന കാലയളവില്‍ 25 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി
ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി രേഖപ്പെടുത്തിയ ഓഹരികള്‍ ബ്ലൂ സ്റ്റാര്‍ (23.5%), പോളികാബ് (20%), ക്രോംപ്ടണ്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് (18.1%) എന്നിവയായിരുന്നു.
ഓഹരികളുടെ പ്രകടനം (2024 ജനുവരി മുതല്‍)
ഈ കാലയളവില്‍ ഏറ്റവും മികച്ച വിപണി പ്രകടനം കാഴിച്ച ഓഹരി ബ്ലൂ സ്റ്റാര്‍ ആണ്. കമ്പനി 36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പോളികാബ് ഓഹരികള്‍ 13.32 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഹവല്‍സ് ഓഹരികള്‍ വെറും 2.28 ശതമാനം മാത്രം വര്‍ധിച്ചു.