റഷ്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് എത്തുന്നതില്‍ ആശങ്ക
- പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്നും ലഭിക്കുന്ന പണം ഉക്രൈന്‍ യുദ്ധത്തിന് വിനിയോഗിക്കുന്നു
- ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലെത്തുന്നത് ഇന്ത്യവഴി
- പകരം സംവിധാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നു
റഷ്യയിലെ ക്രൂഡ് ഓയിലില്‍ നിന്നുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണിയിലേക്ക് എത്തുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍നിന്ന് ശുദ്ധീകരിച്ചാണ് ഇവ യൂറോപ്പിലെത്തുന്നത്. ഉക്രൈനെതിരായ യുദ്ധത്തില്‍ സമ്പത്ത് സ്വരൂപിക്കുന്നതിന് ഇത് റഷ്യയെ സഹായിക്കും. മോസ്‌കോയ്‌ക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഉദ്ദേശ്യത്തെ ഇത് പരാജയപ്പെടുത്തുമെന്നും യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കമ്മീഷണറുമായ വാല്‍ഡിസ് ഡോംബ്രോവ്സ്‌കിസ് പറഞ്ഞു.
റഷ്യയുടെ സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലെത്തുന്നത് നേരിടാനുള്ള പദ്ധതികള്‍ യൂണിയന്‍ പരിശോധിക്കുകയാണ്. നിലവില്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ്.
റഷ്യ അതിന്റെ ഊര്‍ജ്ജ വിതരണത്തില്‍ നിന്നും ലഭിക്കുന്ന പണവും ഉക്രൈന്‍ യുദ്ധത്തിനായി വിനിയോഗിക്കുകയാണെന്നാണ് യൂണിയന്റെ ആരോപണം. ഭക്ഷ്യകയറ്റുമതിയില്‍ നിന്നുലഭിക്കുന്നതും ഉക്രൈന്‍യുദ്ധത്തിലേക്ക് വകയിരുത്തുകയാണ്. കരിങ്കടല്‍ ധാന്യ സംരംഭത്തില്‍ നിന്ന് റഷ്യ പിന്‍വാങ്ങുകയും ലോക വിപണിയിലേക്കുള്ള ഉക്രൈനിന്റെ ഭക്ഷ്യധാന്യ കയറ്റുമതി തടയുകയും ചെയ്തതായി ഡോംബ്രോവ്‌സ്‌കിസ് ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും റഷ്യയില്‍ നിന്ന് വിലക്കിഴില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ സംഭംരിച്ചു. ശുദ്ധീകരിച്ചശേഷം ഇന്ത്യ അത് വിതരണം ചെയ്തു.
ചൈനയും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപരോധത്തില്‍ ചേര്‍ന്നിട്ടില്ലെന്ന് അറിയാമെന്നും ഡോംബ്രോവ്‌സ്‌കിസ് പറഞ്ഞു. ഇന്ന് നഷ്ടപ്പെട്ട യുറോപ്യന്‍ വിപണിക്കുപകരമായി മറ്റൊരു വിപണി റഷ്യ തേടുന്നു.
പുതിയ വ്യാപാര രീതികള്‍ ഉയര്‍ന്നുവരുന്നത് യൂണിയന്‍ കാണുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യയില്‍ നിന്ന് യുറോപ്പിലേക്ക് എത്തുന്ന ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. എന്നാല്‍ ഈ എണ്ണ എത്തുന്നത് റഷ്യയില്‍നിന്നാണെങ്കില്‍ യുദ്ധത്തില്‍ മോസ്‌കോയുടെ കഴിവ് കുറയ്ക്കാനുള്ള ലക്ഷ്യത്തെ അത് പരാജയപ്പെടുത്തുമെന്നും യൂണിയന്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുറോപ്യന്‍ യൂണിയന്‍. കഴിഞ്ഞവര്‍ഷം ഏകദേശം 120 ബില്യണ്‍ യുറോ മൂല്യമുള്ള വ്യാപാരം നടത്തി. അതേസമയം യൂണിയന്റെ ഏറ്റവും വലിയ പത്താമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുകയാണെന്ന് ഡോംബ്രോവ്‌സ്‌കിസ് പറഞ്ഞു.
ലോകം നേരിടുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഡോംബ്രോവ്‌സ്‌കിസ് പറഞ്ഞു.