കേന്ദ്ര ഇന്‍ഷുറന്‍സിനായി അനുമതിയില്ലാതെ പണമെടുക്കുന്നു; എസ്‍ബിഐ-ക്കെതിരേ ഉപഭോക്താക്കളുടെ പരാതി
- കാനറ ബാങ്കിനെതിരേയും സമാനമായ നിരവധി പരാതികള്‍
- കേന്ദ്ര ഇന്‍ഷുറന്‍സ് നിര്‍ബന്ധിതമല്ലെന്ന് എസ്‍ബിഐയുടെ വിശദീകരണം
- പരാതികള്‍ എസ്‍ബിഐ വെബ്സൈറ്റില്‍ അറിയാക്കാവുന്നതാണ്
കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഉപഭോക്താക്കളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പണം ഈടാക്കുന്നതായി പരാതി. നിരവധി പേരാണ് എസ്‍ബിഐ-ക്കും കാനറ ബാങ്കിനും എതിരേ ഈ ആരോപണം സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെവൈ), അപകട ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയ്‌ക്കായി, ഉപഭോക്താക്കളില്‍ നിന്ന് മുൻകൂർ സമ്മതം വാങ്ങാതെ തന്നെ ബാങ്കുകൾ ഇൻഷുറൻസ് പ്രീമിയങ്ങൾ ഈടാക്കുന്നതായാണ് പരാതി.
തങ്ങള്‍ തെരഞ്ഞെടുക്കാതെ തന്നെ ബാങ്ക് അധികൃതര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തങ്ങളെ ഉള്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‍ഫോമായ എക്സിലെ പോസ്‍റ്റുകളിലൂടെ നിരവധി പേര്‍ വ്യക്തമാക്കി. പണം ഈടാക്കിയ ശേഷം എസ്എംഎസ് ലഭിക്കുമ്പോള്‍ മാത്രമാണ് ഉപഭോക്താക്കളില്‍ പലരും വിവരമറിയുന്നത്. കാനറാ ബാങ്കിനെതിരേയും സമാനമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ഇൻഷുറൻസും മറ്റ് നിക്ഷേപങ്ങളും ഉപഭോക്താക്കള്‍ക്ക് പൂർണ്ണമായും സ്വമേധയാ തെരഞ്ഞെടുക്കാനാകുന്നതാണ് എന്നാണ് എസ്ബിഐ ഇത്തരമൊരു പരാതിക്ക് ഔദ്യോഗികമായി മറുപടി നല്‍കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പ്രയോജനത്തിനും അവബോധത്തിനും വേണ്ടി വിവരങ്ങൾ നൽകുക മാത്രമാണ് ശാഖകള്‍ ചെയ്യേണ്ടതെന്നും എസ്‍ബിഐ വിശദീകരിക്കുന്നു. പരാതികളുണ്ടെങ്കില്‍ എസ്ബിഐയുടെ വെബ്‍സൈറ്റിലെ 'ജനറൽ ബാങ്കിംഗ്>> ഓപ്പറേഷന്‍സ് ഓഫ് അക്കൗണ്ട്>> ഡിസ്പ്യൂട്ടഡ് ഡെബിറ്റ്/ക്രെഡിറ്റ് ട്രാന്‍സാക്ഷന്‍സ്' എന്ന വിഭാഗത്തില്‍ ചെന്ന് പരാതി അറിയിക്കാവുന്നതാണെന്നും ബാങ്ക് വിശദീകരിക്കുന്നു.
2015-ൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജീവൻ ജ്യോതി ബീമാ യോജന അഥവാ പിഎംജെജെബിവൈ. പോളിസി ഉടമയുടെ മരണത്തില്‍ ആശ്രിതര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്. 2015-ൽ ആരംഭിച്ച, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അഥവാ പിഎംഎസ്ബിവൈ അപകടങ്ങളിലൂടെയുള്ള മരണത്തില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുന്നു. 2 ലക്ഷം രൂപയാണ് ഈ പദ്ധതിയിലും പരമാവധി ലഭ്യമാകുക.