2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കല്‍: സമയപരിധി നീട്ടില്ലെന്നു ധനമന്ത്രാലയം

  • ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
  • 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്ത
  • തിരിച്ചെത്തിയ നോട്ടുകളില്‍ 87 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായിട്ടാണ് എത്തിയത്

Update: 2023-07-25 09:08 GMT

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടില്ലെന്നു ധനമന്ത്രാലയം. കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 30 ആയിരിക്കുമെന്നും അറിയിച്ചു.

സെപ്റ്റംബര്‍ 30ന് ശേഷം സമയ പരിധി നീട്ടാന്‍ നിര്‍ദ്ദേശമുണ്ടോ എന്ന ചോദ്യത്തിനു ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

2023 മെയ് 19നായിരുന്നു പ്രചാരത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനും ബാങ്കുകളില്‍ നിക്ഷേപിക്കാനും സെപ്റ്റംബര്‍ 30 വരെ ആര്‍ബിഐ സമയ പരിധി അനുവദിക്കുകയും ചെയ്തു.

ആര്‍ബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്.

മെയ് 19ന് 2000 രൂപ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു. എന്നാല്‍ ജൂണ്‍ 30ലെ ആര്‍ബിഐ കണക്കനുസരിച്ച് 84,000 കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ്.

തിരിച്ചെത്തിയ നോട്ടുകളില്‍ 87 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായിട്ടാണ്. ബാക്കി 13 ശതമാനം വരുന്ന 2000 രൂപാ നോട്ടുകള്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളിലേക്ക് എക്‌സ്‌ചേഞ്ച് ചെയ്തു.

Tags:    

Similar News