എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് മടക്കി നല്‍കേണ്ടത് 12.5 കോടി ഡോളര്‍: യുഎസ് ഗതാഗതവകുപ്പ്

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് റദ്ദാക്കിയ ടിക്കറ്റ് തുകയും, ഈ തുക നല്‍കാന്‍ വന്ന കാലതാമസത്തിന് പിഴയും ഉള്‍പ്പെടെ 12.15 കോടി ഡോളറാണ് (989.38 കോടി രൂപ) നല്‍കേണ്ടത്.

Update: 2022-11-16 05:14 GMT

Air india liability to passengers 

വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ലൈനുകള്‍ 60 കോടി ഡോളറിന്റെ റീഫണ്ട് നടത്തണമെന്ന് യുഎസ് ഗതാഗത വകുപ്പ്. എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് റദ്ദാക്കിയ ടിക്കറ്റ് തുകയും, ഈ തുക നല്‍കാന്‍ വന്ന കാലതാമസത്തിന് പിഴയും ഉള്‍പ്പെടെ 12.15 കോടി ഡോളറാണ് (989.38 കോടി രൂപ) നല്‍കേണ്ടത്. കോവിഡ് കാലത്ത് വിമാനയാത്ര റദ്ദാക്കുകയോ, മുടങ്ങുകയോ ചെയ്തവര്‍ക്ക് ഇതുവരെ വിമാന കമ്പനികള്‍ പണം തിരികെ നല്‍കാത്ത സാഹചര്യത്തിലാണ് യുഎസ് ഗതാഗത വകുപ്പിന്റെ ഇടപെടല്‍. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുള്ള പരാതികളിലാണ് യുഎസ് ഗതാഗത വകുപ്പിന്റെ നടപടി. ഇതിനു പുറമേ, പിഴയായി 1.4 മില്യണ്‍ (14 ലക്ഷം) ഡോളറും നല്‍കണം.

അമേരിക്കയിലേക്കോ, അമേരിക്കയില്‍ നിന്നും മറ്റേതെങ്കിലും സ്ഥലത്തേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം റദ്ദാക്കുകയോ, യാത്രയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരികയോ ചെയ്താല്‍ യാത്രക്കാരന് വിമാനക്കമ്പനികള്‍ പണം തിരികെ നല്‍കണമെന്നാണ് യുഎസിലെ നിയമം. തിരികെ നല്‍കേണ്ട തുക അധികം കാലതാമസമില്ലാതെ നല്‍കുകയും ചെയ്യണം. എയര്‍ ഇന്ത്യയെ കൂടാതെ ഫ്രണ്ടിയര്‍, ടാപ്പ് പോര്‍ച്ചുഗല്‍, എയറോ മെക്സിക്കോ, എല്‍ അല്‍ എയര്‍ലൈന്‍, ഏവിയന്‍ക തുടങ്ങിയ കമ്പനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

എയര്‍ലൈനുകളും അവ അടയ്‌ക്കേണ്ട തുകയും: ഫ്രണ്ടിയര്‍ - 22.2 കോടി ഡോളര്‍ റീഫണ്ട്, 22 ലക്ഷം ഡോളര്‍ പിഴ. ടാപ്പ് പോര്‍ച്ചുഗല്‍ - 12.65 കോടി ഡോളര്‍ റീഫണ്ട്, 11 ലക്ഷം ഡോളര്‍ പിഴ. ഏവിയന്‍ക - 7.68 കോടി ഡോളര്‍ റീഫണ്ട്, 7,50,000 ഡോളര്‍ പിഴ. എല്‍ അല്‍ എയര്‍ലൈന്‍സ് - 6.19 കോടി ഡോളര്‍ റീഫണ്ട്, 9,00,000 ഡോളര്‍ പിഴ. എയ്റോ മെക്സിക്കോ - 1.36 കോടി ഡോളര്‍ പിഴ, 90,000 ഡോളര്‍ പിഴ.

Tags:    

Similar News