നോയിഡ എയര്‍പോര്‍ട്ട്: റണ്‍വേ, എടിസി മാര്‍ച്ചില്‍ തയ്യാറാകും
- എടിസി ടവര്‍ നിര്‍മ്മാണം എട്ടു നിലയില്‍
- റണ്‍വേ നിര്‍മ്മാണം 70 ശതമാനം പൂര്‍ത്തിയായി
നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവറും 2024 മാര്‍ച്ചോടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് പി ഗോയല്‍, സംസ്ഥാന സിവില്‍ ഏവിയേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തത്.
'എട്ട് നിലകളിലായാണ് എടിസി ടവര്‍ നിര്‍മ്മിക്കുന്നത്, അതില്‍ ആറ് നിലകളുടെ ജോലികള്‍ പൂര്‍ത്തിയാക്കി അവസാന രണ്ട് നിലകളുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2024 ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തിയാകും,' ഔദ്യോഗിക പ്രസ്താവനയില്‍ അറിയിക്കുന്നു.
'വിമാനത്താവളത്തിലെ റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം 70 ശതമാനം പൂര്‍ത്തിയായി. എയര്‍സ്ട്രിപ്പ് ജോലികള്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്,' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് സിഇഒ അരുണ്‍ വീര്‍ സിംഗ്, നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിഇഒ ക്രിസ്റ്റഫ് ഷ്നെല്‍മാന്‍, സിഒഒ കിരണ്‍ ജെയിന്‍, ജില്ലാ മജിസ്ട്രേറ്റ് മനീഷ് വര്‍മ, യമുന അതോറിറ്റിയുടെ ഓഫീസര്‍-ഓണ്‍-സ്‌പെഷ്യല്‍ ഡ്യൂട്ടി ഷൈലേന്ദ്ര ഭാട്ടിയ, തുടങ്ങിയവര്‍ ഓണ്‍-സൈറ്റ് അവലോകനത്തില്‍ ഗോയലിനൊപ്പം ഉണ്ടായിരുന്നു.
ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തില്‍ 7,200 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഷ്‌നെല്‍മാന്‍ ഗോയലിനെ അറിയിച്ചു.
വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനായി ദയനാഥ്പൂരില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) നിര്‍മിക്കുന്ന ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഡീഷണല്‍ ചീഫ് സെക്രട്ടറി വിലയിരുത്തി. വിമാനത്താവളത്തെ ഡെല്‍ഹി -മുംബൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു.
1,300 ഹെക്ടറിലധികം പ്രദേശത്തെ വികസനത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം അടുത്ത വര്‍ഷം അവസാനത്തോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. സൂറിച്ച് എയർപോർട്ട് ഇന്റർനാഷണലിനു 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള അതിന്റെഉപസ്ഥാപനമാണിത്.