സ്വന്തമായി എയര്‍ലൈന്‍ പദ്ധതിയുമായി കര്‍ണാടക

  • സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക ലക്ഷ്യം
  • ബജറ്റ് വിഹിതത്തിനുള്ള നിര്‍ദ്ദേശംമുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
  • എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചു

Update: 2023-09-16 10:24 GMT

സംസ്ഥാനത്തിനകത്ത്  എയർ  കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താൻ  സ്വന്തമായി എയര്‍ലൈന്‍സ് ആരംഭിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വ്യവസായ വാണിജ്യ മന്ത്രി എം ബി പാട്ടീല്‍ ഇത് സംബന്ധിച്ച സൂചന മുമ്പ് നല്‍കിയിരുന്നു.

കര്‍ണാടകയുടെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. അതിനാല്‍ സംസ്ഥാനത്തിനുള്ളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എയര്‍ കണക്റ്റിവിറ്റി സഹായകരമാകും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച ആശയം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഈ മാസം തുടക്കത്തില്‍ മന്ത്രി പറഞ്ഞിരുന്നു. .

``ഒരു 'സര്‍ക്കാര്‍ നിയന്ത്രിത എയര്‍ലൈനുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്, ഞങ്ങള്‍ ബിസിനസ്സ് വിദഗ്ധരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ഇത് അസാധ്യമായ കാര്യമല്ല, നടപ്പിലാക്കുകയാണെങ്കില്‍, ഇത് ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കും. ഈ നീക്കത്തിന്റെ കൂടുതല്‍ ഗുണങ്ങളും ദോഷങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബജറ്റ് വിഹിതത്തിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിക്കുമുമ്പാകെ അവതരിപ്പിക്കുകയും ചെയ്യും' , പാട്ടീല്‍ പറയുന്നു.

മെച്ചപ്പെട്ട ഒരു സുസ്ഥിര പദ്ധതിക്കായി ഇതിനകം തന്നെ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

''ഞങ്ങള്‍ ഇതിനകം എയര്‍ ഇന്ത്യയില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അവര്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും' പാട്ടീല്‍ പറയുന്നു. ഇത് നടപ്പിൽ വന്നാൽ ആദ്യമായി വിമാനക്കമ്പനി നടത്തുന്ന സംസ്ഥാന സര്‍ക്കാരായിരിക്കും കര്‍ണാടക.

കർണാടക  സർക്കാർ അടുത്തിടെ ആരംഭിച്ച ശിവമോഗയിലെ കുവെമ്പു വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

സാധാരണയായി, ഇന്ത്യയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോ  (എഎഐ), അല്ലങ്കിൽ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനങ്ങളോ  ആണ് നടത്തുന്നത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. പുതിയ ശിവമോഗ വിമാനത്താവളം അതിന്റെ തുടക്കമാണ്.

കാര്‍വാര്‍, വിജയപുര, റായ്ച്ചൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ ആരംഭിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. കര്‍ണാടകയില്‍ നിലവില്‍ ബെംഗളൂരു, മൈസൂരു, ശിവമോഗ, ബല്ലാരി, ബിദര്‍, ഹുബ്ബള്ളി, കലബുറഗി, ബെലഗാവി, മംഗളൂരു എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങളുണ്ട്.   ഇതിൽ ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്.

Tags:    

Similar News