യാത്രക്കാര്‍ തറയിലിരുന്ന് ഭക്ഷണം കഴിച്ചു; ഇന്‍ഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ
- ഇന്നു തന്നെ വിശദീകരണം നല്‍കണമെന്ന് ആവശ്യം
- വിഡിയോ വൈറലായതിനെ തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
- .യാത്രക്കാരോട് ക്ഷമാപണം നടത്തി ഇന്‍ഡിഗോ
;
മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിന് പുറത്ത് തറയിലിരുന്ന യാത്രക്കാർ ഭക്ഷണം കഴിച്ചതില്‍ വിശദീകരണം തേടി ഡിജിസിഎ. വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്കും മുംബൈ എയർപോർട്ടിനുമാണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്നുതന്നെ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്. യാത്രക്കാർ വിമാനത്തിന് പുറത്ത് ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി
മറുപടി തൃപ്‍തികരമല്ലെങ്കില്‍ സാമ്പത്തിക പിഴ ഉൾപ്പെടെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികളിലേക്ക് നീങ്ങുമെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച വീഡിയോ വൈറലായതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിസിഎ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയിച്ചിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യവും മാനദണ്ഡങ്ങളും കണക്കിലെടുക്കാതെയാണ് ഫ്ലൈറ്റ് ഓപ്പറേഷൻ നടത്തിയത് എന്ന് മന്ത്രാലയം വിലയിരുത്തുന്നു. ഇൻഡിഗോയും മുംബൈ എയർപോർട്ടും സ്ഥിതിഗതികൾ മുൻകൂട്ടിക്കണ്ട് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് നോട്ടീസില്‍ പറയുന്നു.
വ്യാപകമായി പങ്കിട്ട ഒരു വീഡിയോയിൽ, ഇൻഡിഗോയുടെ ഗോവ-ഡൽഹി വിമാനത്തിലെ യാത്രക്കാർ മുംബൈ എയർപോർട്ടിലെ ടാർമാക്കിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉണായിരുന്നത്. ഗോവയിൽ നിന്ന് പറന്നുയർന്ന വിമാനം കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അസൗകര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയ ഇന്‍ഡിഗോ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഉറപ്പുനല്‍കി.