'നാളെയിലേക്ക് പറക്കാന്‍' 7 മെഗാ പദ്ധതികളുമായി സിയാല്‍

  • ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും.
  • ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടുന്നതിനു മുമ്പുള്ള നടപടികള്‍ കൂടുതല്‍ വേഗത്തില്‍ ലളിതമായി നടപ്പിലാക്കാനുള്ള സംവിധാനമാണ് ഡിജിയാത്ര.
  • യാത്രക്കാര്‍ക്ക് കുറഞ്ഞ സമയത്തെ വിശ്രമത്തിനായി രണ്ടാം ടെര്‍മിനലിന് സമീപം ' 0484 ലക്ഷ്വറി എയ്റോ ലോഞ്ച് '.

Update: 2023-09-26 05:07 GMT

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) വികസന ചരിത്രത്തിലേക്ക് ഏഴ് മെഗാ പദ്ധതികള്‍ കൂടി. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന, വിമാനത്താവളത്തിന്റെ ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യതകള്‍, കാര്‍ഷിക മേഖലയിലെ വളര്‍ച്ച എന്നീ ഘടകങ്ങളെ പരിഗണിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടിന് നിര്‍വഹിക്കും.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. ഇതോടെ നിലവിലെ കാര്‍ഗോ സ്ഥലം പൂര്‍ണമായും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഇത് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടുന്നതിനു മുമ്പുള്ള നടപടികള്‍ കൂടുതല്‍ വേഗത്തില്‍ ലളിതമായി നടപ്പിലാക്കാനുള്ള സംവിധാനമാണ് ഡിജിയാത്ര. ഇത് നടപ്പിലാകുന്നതോടെ ആഭ്യന്തര ടെര്‍മിനലിലെ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. കൊച്ചി വിമാനത്താവളത്തിലെ ഡിജിയാത്ര സോഫ്റ്റ് വേര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് സിയാലിന്റെ തന്നെ ഐ.ടി വിഭാഗമാണ്. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകള്‍ ആണ ഉപയോഗിക്കുന്നത്.

വിമാനത്താവള അഗ്നിശമന സേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസായി ആധുനികവത്ക്കരിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയന്‍ നിര്‍മിത രണ്ട് ഫയര്‍ എന്‍ജിനുകള്‍, മറ്റ് ആധുനിക വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നുമാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്ന പദ്ധതികള്‍. നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍, എട്ട് പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് ലക്ഷ്യം. ഇതോടെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളര്‍ച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതി.

യാത്രക്കാര്‍ക്ക് കുറഞ്ഞ സമയത്തെ വിശ്രമത്തിനായി രണ്ടാം ടെര്‍മിനലിന് സമീപം ' 0484 ലക്ഷ്വറി എയ്റോ ലോഞ്ച് ' വരുന്നു. ഇവിടെ 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്ററന്റ്്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം 50,00,0 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.

വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയമാണ് തറക്കല്ലിടുന്ന അടുത്ത പദ്ധതി. പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന സംവിധാനം വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലില്‍ വൈദ്യുതവേലിയും ഫൈബര്‍ ഒപ്റ്റിക് വൈബ്രേഷന്‍ സെന്‍സറും തെര്‍മല്‍ ക്യാമറകളും സ്ഥാപിച്ച് സിയാലിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ ശബ്ദങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനം സജ്ജമാക്കാനും കഴിയും. കേരളത്തിലെ ഏക 18-ഹോള്‍ കോഴ്സായി മാറും സിയാല്‍ ഗോള്‍ഫ് കോഴ്സ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതിക്കൊപ്പം റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് കോട്ടേജുകള്‍, പാര്‍ട്ടി/ കോണ്‍ഫറന്‍സ് ഹാള്‍, സ്പോര്‍ട്സ് സെന്റര്‍ എന്നിവ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

കോവിഡിനു ശേഷം ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് സിയാല്‍. പയ്യന്നൂരിലെ 14 എംഡബ്ല്യുപി സൗരോര്‍ജ്ജ പ്ലാന്റ്, കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സിയാല്‍ കമ്മീഷന്‍ ചെയ്ത സംരംഭങ്ങളാണ്.''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ അര്‍ത്ഥവത്താക്കുന്ന ഏഴ് മെഗാ പ്രോജക്ടുകള്‍ നടപ്പിലാക്കി കൊണ്ട് ഞങ്ങള്‍ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ''സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News