വിമാന നിരക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ ഉയര്‍ന്നത് മൂന്നിരട്ടി വരെ

  • ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ടൂറിസ്റ്റ് റൂട്ടുകളിലെ നിരക്കില്‍ മെയ് മൂന്നിന് ശേഷം വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്
  • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എയര്‍ റൂട്ടാണ് ഡല്‍ഹി-മുംബൈ
  • 30 ദിവസം മുന്‍പ് വാങ്ങിയ ടിക്കറ്റുകളുടെ നിരക്കില്‍ കാര്യമായ വര്‍ധനയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്

Update: 2023-06-05 07:05 GMT

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആറ് റൂട്ടുകളില്‍ അഞ്ചെണ്ണത്തിലെയും വിമാന നിരക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ ഉയര്‍ന്നത് മൂന്നിരട്ടി വരെ.

പുറപ്പെടുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ് വാങ്ങുന്ന ടിക്കറ്റിനാണ് (spot airfare) ഇത്തരത്തില്‍ വില ഉയര്‍ന്നത്. എന്നാല്‍ 30 ദിവസം മുന്‍പ് വാങ്ങിയ ടിക്കറ്റുകളുടെ നിരക്കില്‍ നേരിയ വര്‍ധന മാത്രമാണുണ്ടായത്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എയര്‍ റൂട്ടാണ് ഡല്‍ഹി-മുംബൈ. ഈ റൂട്ടില്‍ ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ (Ixigo) നല്‍കിയ കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്നിലെ ശരാശരി സ്‌പോട്ട് വിമാനയാത്രാ നിരക്ക് 18,654 രൂപയാണ്. മെയ് ഒന്നിന് ഈ റൂട്ടിലെ ശരാശരി സ്‌പോട്ട് വിമാനയാത്രാ നിരക്ക് 6,125 രൂപയായിരുന്നു.

രാജ്യത്ത് ഗോ ഫസ്റ്റ് വിമാനക്കമ്പനി മെയ് മൂന്നിനായിരുന്നു സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഗോ ഫസ്റ്റ് പാപ്പരത്ത ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

സ്‌പോട്ട് വിമാനയാത്രാ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായെങ്കിലും 30 ദിവസം മുന്‍പ് വാങ്ങിയ ടിക്കറ്റുകളുടെ നിരക്കില്‍ കാര്യമായ വര്‍ധനയുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി-മുംബൈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ 30 ദിവസം മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റിന് ജൂണില്‍ വിമാനക്കമ്പനികള്‍ ഈടാക്കിയത് 5475 രൂപയാണ്.

ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ടൂറിസ്റ്റ് റൂട്ടുകളിലെ നിരക്കില്‍ മെയ് മൂന്നിന് ശേഷം വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. മെയ് മൂന്നിനായിരുന്നു ഗോ ഫസ്റ്റ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്.

താരതമ്യേന കുറഞ്ഞ നിരക്കും മികച്ച കണക്റ്റിവിറ്റിയുമായിരുന്നു ഡല്‍ഹി-ലേ, മുംബൈ-ശ്രീനഗര്‍ റൂട്ടുകളില്‍ ഗോ ഫസ്റ്റിന്റേത്. ഈയൊരു കാരണത്താല്‍ ഗോ ഫസ്റ്റ് സര്‍വീസ് ഈ റൂട്ടുകളില്‍ ജനപ്രിയവുമായിരുന്നു. ഗോ ഫസ്റ്റിന്റെ ചെന്നൈ-പോര്‍ട്ട്‌ബ്ലെയര്‍, ഡല്‍ഹി-ശ്രീനഗര്‍ റൂട്ടുകളും ജനപ്രിയം തന്നെയായിരുന്നു. എന്നാല്‍ മെയ് മൂന്നിന് കമ്പനി സര്‍വീസ് അവസാനിപ്പിച്ചതോടെ ഈ റൂട്ടുകളിലെ വിമാന നിരക്ക് ഇപ്പോള്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചില പ്രത്യേക കാരണത്താല്‍ ഗോ ഫസ്റ്റിന്റെയും മറ്റ് ചില എയര്‍ലൈനുകളുടെയും, ഡല്‍ഹിയില്‍ നിന്ന് ലേയിലേക്കുള്ള ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈറ്റ് സര്‍വീസും മുംബൈയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈറ്റ് സര്‍വീസും മറ്റ് ആഭ്യന്തര വിമാനങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡാറ്റ കാണിക്കുന്നത് ഈ വര്‍ഷം മാര്‍ച്ചിലും കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും ഈ രണ്ട് റൂട്ടുകളില്‍ വിറ്റ ടിക്കറ്റുകളില്‍ നിന്ന് ഗോ ഫസ്റ്റ് നല്ലൊരു ശതമാനം വരുമാനം നേടിയിരുന്നു എന്നാണ്.

കഴിഞ്ഞ ആറ് മാസമായി ആഭ്യന്തര വിമാന യാത്രയ്ക്കുള്ള ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുകയാണ്. താരതമ്യേന കുറഞ്ഞ നിരക്കുകള്‍ ഉള്ളതിനാല്‍, ഗോ ഫസ്റ്റ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ക്ക് വന്‍തോതില്‍ ബുക്കിംഗ് ലഭിച്ചിരുന്നു. ഈ രണ്ട് കാരിയറുകളും 2022 നവംബറിനും 2023 മാര്‍ച്ചിനും ഇടയയില്‍ പറന്നത് നിറയെ യാത്രക്കാരുമായിട്ടാണെന്നും കണക്കുകള്‍ പറയുന്നു.

Tags:    

Similar News