തുടര്‍ച്ചയായി 3-ാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചത് ഈ കാറാണ്
- ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ
- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ്‌യുവി വിഭാഗം ആഭ്യന്തര വിപണിയുടെ 50.4 ശതമാനമായി വളര്‍ന്നു
- 2023-24 ല്‍ ഇന്ത്യയില്‍ വാഗണ്‍ ആര്‍ വിറ്റത് 200,177 യൂണിറ്റുകള്‍
ഇന്ത്യയില്‍ കാര്‍ വിപണിയെ ഊര്‍ജസ്വലമാക്കിയത് എസ് യുവി വിഭാഗമാണ്. ഇതിന്റെ വിപണി വിഹിതം വര്‍ധിച്ചു കൊണ്ടിരിക്കുകയുമാണ്. അതാകട്ടെ, ഹാച്ച്ബാക്കിന്റെ പിന്തുണയോടെയുമാണ്.
വില്‍പ്പനയില്‍ എസ് യുവി കുതിച്ചു മുന്നേറുമ്പോഴും വളരെക്കാലമായി ഒരു ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയുടെ പ്രിയങ്കരനായി തുടരുകയാണ്. അത് മറ്റാരുമല്ല, മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ്.
5,54,500 രൂപ (എക്‌സ് ഷോറൂം ) മുതലാണ് വാഗണ്‍ ആറിന്റെ വില ആരംഭിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി വാഗണ്‍ ആര്‍ മാറി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ്‌യുവി വിഭാഗം ആഭ്യന്തര വിപണിയുടെ 50.4 ശതമാനമായി വളര്‍ന്നപ്പോള്‍ ഹാച്ച്ബാക്ക് വിഭാഗം 27.8 ശതമാനമായി കുറഞ്ഞു. എന്നാല്‍ 2023-24 ല്‍ ഇന്ത്യയില്‍ വാഗണ്‍ ആര്‍ വിറ്റത് 200,177 യൂണിറ്റുകളാണ്. 2022-23 ല്‍ 212,000 യൂണിറ്റുകളും, 2021-22 ല്‍ 1,89,000 യൂണിറ്റുകളും വാഗണ്‍ ആര്‍ വിറ്റു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. ചൈനയും യുഎസ്സും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കിയുടെ കുടുംബത്തില്‍ നിന്നുള്ള ബലേനോ 1,95,607 യൂണിറ്റുകളാണ് വിറ്റത്. ടാറ്റ നെക്‌സണ്‍ 1,71,697 യൂണിറ്റുകളും, മാരുതി സുസുക്കി ബ്രസ്സ 1,69,897 യൂണിറ്റുകളും, ഹ്യുണ്ടായ് ക്രെറ്റ 1,61,653 യൂണിറ്റുകളും വിറ്റു.