പച്ച തൊട്ട് ടാറ്റാ മോട്ടോഴ്‌സ്; ടാറ്റയുടെ ഗ്രീന്‍ ഹൈഡ്രജന്‍ ബസിന് ARAI-യുടെ അംഗീകാരം
- രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇവിയാണിത്
- സിഎംവിആര്‍ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കാണ് നല്‍കിയിരിക്കുന്നത്
- പരിസ്ഥിതി സൗഹൃദ സമീപനത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് ലോകം. ഈ പശ്ചാത്തലത്തില്‍ ഹൈഡ്രജന്‍ ഫ്യൂവലിനെ ഭാവിയുടെ ഇന്ധനമായി കാണുന്നുണ്ട്
ടാറ്റയുടെ സ്റ്റാര്‍ബസ് 4/12 എഫ്‌സിഇവി മോഡലിന് എആര്‍എഐയുടെ (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) അംഗീകാരം ലഭിച്ചു.
രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇവിയാണിത്.
സിഎംവിആര്‍ ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കാണ് നല്‍കിയിരിക്കുന്നതെന്ന് എആര്‍എഐ ഡിസംബര്‍ 12-ന് അറിയിച്ചു.
എആര്‍എഐയുടെ ഡയറക്ടര്‍ റജി മത്തായി, ടാറ്റാ മോട്ടോഴ്‌സിന്റെ പ്രസിഡന്റും സിടിഒയുമായ രാജേന്ദ്ര പേട്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
രാജ്യത്തുടനീളം 7,000 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ബിപിസിഎല്ലുമായി സഹകരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിനു മറ്റൊരു നേട്ടം ലഭിച്ചിരിക്കുന്നത്.
എന്താണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍
ഹൈഡ്രജന്റെ രാസ ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയില്‍ താപവും ജലവുമാണ് ഉപോല്‍പ്പന്നങ്ങള്‍.
ഹൈഡ്രജന്‍ ജ്വലനത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ പൂജ്യമാണ്. പരിസ്ഥിതി സൗഹൃദ സമീപനത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് ലോകം. ഈ പശ്ചാത്തലത്തില്‍ ഹൈഡ്രജന്‍ ഫ്യൂവലിനെ ഭാവിയുടെ ഇന്ധനമായി കാണുന്നുണ്ട്.