ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ : അദാനി, മഹീന്ദ്ര സംയുക്ത സംരംഭം
- അദാനി ടോട്ടല്‍ ഗ്യാസുമായി കൈകോര്‍ത്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര
- ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യം സ്ഥാപിക്കാന്‍ പദ്ധതി
- കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുകയാണ് ലക്ഷ്യം.
അദാനി ടോട്ടല്‍ ഗ്യാസുമായി സഹകരിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജുചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായാണ് സഹകരണം. ഇലക്ട്രിക് വാഹനങ്ങളോട് ജനങ്ങള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്രയും അദാനി ടോട്ടല്‍ എനര്‍ജീസ് ഇ-മൊബിലിറ്റി ലിമിറ്റഡും (എടിഇഎല്‍) ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലേക്ക് തടസ്സമില്ലാത്ത ആക്സസ് നല്‍കുന്നതിന് ഇ-മൊബിലിറ്റി സൊല്യൂഷനുകള്‍ ഈ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുംബൈ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് പറഞ്ഞു. ഈ സഹകരണത്താല്‍ ഇലക്ട്രിക് വാഹനമായ XUV400 ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 1,100-ലധികം ചാര്‍ജറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് നെറ്റ് വക്കിലേക്കും സമാനതകളില്ലാത്ത ഇവി അനുഭവത്തിനായി ഡിജിറ്റല്‍ സംയോജനത്തിലേക്കും തടസ്സമില്ലാത്ത ആക്സസ്സ് ഉറപ്പാക്കുന്നതിനാണ് ഈ സഖ്യം,'' എം ആന്‍ഡ് എം പ്രസിഡന്റ് - ഓട്ടോമോട്ടീവ് ഡിവിഷന്‍ വീജയ് നക്ര പറഞ്ഞു.
പങ്കാളി നെറ്റ് വര്‍ക്കുമായുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഇവി ഇക്കോസിസ്റ്റം വിശാലമാക്കുന്നതിന് കമ്പനി ഒന്നിലധികം പങ്കാളികളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം ആന്‍ഡ് എമ്മുമായുള്ള സഹകരണം ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ ഭാഗമായി ഇവി സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദാനി ടോട്ടല്‍ ഗ്യാസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സുരേഷ് പി മംഗ്ലാനി പറഞ്ഞു. കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാനും ഇന്ത്യയെ അതിന്റെ കാലാവസ്ഥാ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഇത്തരം സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.