മാരുതിയുടെ പവര്‍ ഡ്രൈവ്; വിറ്റത് 1,99,217 യൂണിറ്റുകള്‍
ആള്‍ട്ടോ, എസ്പ്രസോ തുടങ്ങിയ മിനി സെഗ്‌മെന്റ് കാറുകളുടെ വില്‍പ്പന ഇടിഞ്ഞു
രാജ്യത്തെ മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) 2023 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ചു. 1,99,217 യൂണിറ്റുകളാണു ഒക്ടോബറില്‍ വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
ആഭ്യന്തര വില്‍പ്പന: ആഭ്യന്തര തലത്തിലുള്ള പ്രതിമാസ വില്‍പ്പന 1,77,266 യൂണിറ്റുകളാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തം ആഭ്യന്തര വില്‍പ്പന ഒക്ടോബറില്‍ 1,68,047 യൂണിറ്റുകളാണ്. 2022 ഒക്ടോബറിലിത് 1,40,337 യൂണിറ്റുകളാണ്.
ആള്‍ട്ടോ, എസ്പ്രസോ തുടങ്ങിയ മിനി സെഗ്‌മെന്റ് കാറുകളുടെ വില്‍പ്പന ഇടിഞ്ഞു. 2022 ഒക്ടോബറില്‍ 24,936 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2023 ഒക്ടോബറില്‍ വിറ്റത് 14,568 ആണ്.കോംപാക്റ്റ് കാറുകളായ ബലേനോ, സെലേറിയോ, ഡിസൈര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ടൂര്‍ എസ് എന്നിവയുടെ വില്‍പ്പന ഉയര്‍ന്ന് 80,662 യൂണിറ്റുകളിലെത്തി. മുന്‍വര്‍ഷം ഒക്ടോബറില്‍ 73,685 യൂണിറ്റുകളായിരുന്നു.
യൂട്ടിലിറ്റി വാഹന വില്‍പ്പന: ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ എന്നിവയുടെ വില്‍പ്പന 91 ശതമാനം ഉയര്‍ന്ന് 59,147 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഒക്ടോബറിലിത് 30,971 യൂണിറ്റുകളായിരുന്നു.
2023 ഒക്ടോബറില്‍ മാരുതി കയറ്റുമതി ചെയ്തത് 21,951 യൂണിറ്റുകളാണ്. 2022 ഒക്ടോബറില്‍ ഇത് 20,448 യൂണിറ്റുകളായിരുന്നു.
ഹ്യുണ്ടായ് 18 ശതമാനം വളര്‍ച്ച നേടി
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഒക്ടോബർ വില്‍പ്പനയില്‍ 18.48 ശതമാനം വളര്‍ച്ച കൈവരിച്ചു. ഒക്ടോബറിലെ കമ്പനിയുടെ മൊത്ത വില്‍പ്പന 68,728 യൂണിറ്റുകളായിരുന്നു. 2022 ഒക്ടോബറിലിത് 58,006 യൂണിറ്റുകളായിരുന്നു.
ആഭ്യന്തര വില്‍പ്പനയിലും വളര്‍ച്ച: ഒക്ടോബറില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 55,128 യൂണിറ്റായിരുന്നു. 2022 ഒക്ടോബറില്‍ വിറ്റത് 48,001 യൂണിറ്റായിരുന്നു. ഏകദേശം 15 ശതമാനത്തിന്റെ വളര്‍ച്ച. കയറ്റുമതിയിലും വളര്‍ച്ച കൈവരിച്ചു കമ്പനി. 2022 ഒക്ടോബറില്‍ കമ്പനി 10,005 യൂണിറ്റായിരുന്നു കയറ്റുമതി ചെയ്തത്. 2023 ഒക്ടോബറെത്തിയപ്പോള്‍ 36 ശതമാനത്തിന്റെ വളര്‍ച്ചയുമായി 13,600 യൂണിറ്റ് കയറ്റുമതി ചെയ്തു.
ടാറ്റാ മോട്ടോഴ്‌സിന് 6 % വളര്‍ച്ച
ഒക്ടോബറില്‍ 82,954 യൂണിറ്റ് വില്‍പ്പന നടത്തിയതായി ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വില്‍പ്പന നടത്തിയത് 78,335 യൂണിറ്റുകളായിരുന്നു. 5.89 ശതമാനത്തിന്റെ വളര്‍ച്ച.
ആഭ്യന്തര വില്‍പ്പനയില്‍ 6 ശതമാനം വളര്‍ച്ച കൈവരിച്ചു. 80,825 യൂണിറ്റാണ് 2023 ഒക്ടോബറിലെ വില്‍പ്പന. 2022 ഒക്ടോബറില്‍ 76,537 യൂണിറ്റായിരുന്നു. ഇലക്ട്രിക് വാഹനമുള്‍പ്പെടെ പാസഞ്ചര്‍ വാഹന വില്‍പ്പന ആഭ്യന്തര തലത്തില്‍ 48,337 യൂണിറ്റാണ്. മുന്‍ വര്‍ഷമിത് 45,217 യൂണിറ്റായിരുന്നു.
ഈ വര്‍ഷം ഒക്ടോബറില്‍ ആഭ്യന്തര വിദേശ വിപണികളിലായി ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 28 ശതമാനം വളര്‍ച്ച കൈവരിച്ചു. 5,465 യൂണിറ്റാണ് വിറ്റത്. മുന്‍വര്‍ഷമിത് 4,227 യൂണിറ്റായിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ കമേഴ്‌സ്യല്‍ വാഹന വില്‍പ്പന ഒക്ടോബറില്‍ 34,317 യൂണിറ്റായിരുന്നു. മുന്‍വര്‍ഷമിതേ കാലയളവില്‍ 32,912 യൂണിറ്റായിരുന്നു.
ബജാജ് ഓട്ടോ വില്‍പ്പനയില്‍ 19 % വര്‍ധന
ടു വീലര്‍, ത്രീ വീലര്‍ രംഗത്തെ മുന്‍നിരക്കാരായ ബജാജ് ഓട്ടോയുടെ ഒക്ടോബറിലെ മൊത്തം വില്‍പ്പനയില്‍ 19 ശതമാനത്തിന്റെ വര്‍ധന. 4,71,188 യൂണിറ്റാണ് ഒക്ടോബറില്‍ വിറ്റത്. മുന്‍വര്‍ഷം ഒക്ടോബറില്‍ 3,95,238 യൂണിറ്റാണ് വിറ്റത്.
ആഭ്യന്തര വില്‍പ്പന 3,29,618 യൂണിറ്റാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,42,917 യൂണിറ്റായിരുന്നു.ണ് അതേസമയം കയറ്റുമതിയില്‍ ഇടിവുണ്ടായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,52,321 യൂണിറ്റാണു കയറ്റുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഏഴ് ശതമാനം ഇടിഞ്ഞ് കയറ്റുമതി 1,41,570 യൂണിറ്റായിരുന്നു.