ഇവി മേഖലയില്‍ അധിക നിക്ഷേപം പ്രതീക്ഷിച്ച് കര്‍ണാടക
- 25000 കോടിയുടെ നിക്ഷേപം ഉറപ്പിച്ചതായി സംസ്ഥാന വ്യവസായമന്ത്രി
- കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് രണ്ട് ലക്ഷത്തോളം ഇവികള്‍
- വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉറപ്പാക്കും
ഇലക്ട്രിക് വാഹന മേഖലയില്‍ 25000കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയതായി കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍.ഈ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി 15,000 കോടി രൂപയുടെ അധിക നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു കാമ്പസിലെ ജെഎസ്എസ് അക്കാദമി ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ (ജെഎസ്എസ്എടിഇ-ബി) സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ മൊബിലിറ്റി സെന്റര്‍ ഓഫ് എക്സലന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
25,000 കോടി രൂപയുടെ നിക്ഷേപത്തില്‍ ബാറ്ററി പാക്ക്, സെല്‍ നിര്‍മ്മാണം, ഘടക നിര്‍മ്മാണം, യഥാര്‍ത്ഥ ഉപകരണങ്ങളുടെ നിര്‍മ്മാണം (ഒഇഎം), ചാര്‍ജിംഗ്, ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു.
കര്‍ണാടക സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ഇവികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 7-ലധികം ഓട്ടോ ഒഇഎമ്മുകള്‍, 50-ലധികം ഓട്ടോ കോമ്പോണന്റ് നിര്‍മ്മാതാക്കള്‍, 45-ലധികം ഇവി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ ആസ്ഥാനമാണ് സംസ്ഥാനമെന്ന് മന്ത്രി പറഞ്ഞു.
കര്‍ണാടകയിലെ മൊത്തത്തിലുള്ള ഓട്ടോ/ഇവി ഇക്കോസിസ്റ്റത്തിന്റെ വികസനം വലിയ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.'വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉറപ്പാക്കാന്‍, ഞങ്ങള്‍ ടാറ്റ ടെക്‌നോളജീസ്, സീമെന്‍സ് തുടങ്ങിയ മുന്‍നിര കമ്പനികളുമായി സഹകരണത്തിലെത്തിയിട്ടുണ്ട് ' മന്ത്രി പറഞ്ഞു.
'ജെഎസ്എസ് അക്കാദമി ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനിലെ ഇലക്ട്രിക് വെഹിക്കിള്‍ മൊബിലിറ്റിക്ക് വേണ്ടിയുള്ള ഈ സെന്റര്‍ ഓഫ് എക്‌സലന്‍സ് & ഇന്നൊവേഷന്‍, ആധുനിക ഗതാഗത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പ്രവര്‍ത്തിക്കുന്നു' അദ്ദേഹം പറഞ്ഞു.
ഇവി ഡൊമെയ്നിലെ പരിശീലനം, ഗവേഷണം, നവീകരണം, തൊഴില്‍ ശക്തി വര്‍ധിപ്പിക്കല്‍, സംരംഭകത്വത്തിനായി ബിരുദധാരികളെ തയ്യാറാക്കല്‍, ആഗോളതലത്തില്‍ പ്രസക്തമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, സഹകരണ പങ്കാളിത്തം വളര്‍ത്തുക, ഇന്‍കുബേഷനും നൈപുണ്യ വികസനവും വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുമെന്ന് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.