സ്ഥലപരിശോധനക്ക് ടെസ്ല സംഘം ഇന്ത്യയിലെത്തുമെന്ന് സൂചന

  • ഇതിനകം വിയറ്റ്‌നാം ഇവി നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞു
  • ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ
  • ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ താല്‍പ്പര്യമേറുന്നു

Update: 2024-04-05 05:41 GMT

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ഇന്ത്യ ടെസ്ല ഇന്‍കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. പന്ത് ഇപ്പോള്‍ ടെസ്ലയുടെ കോര്‍ട്ടിലാണെന്ന് ഇന്ത്യയുടെ വ്യവസായ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. രാജ്യത്ത് ഇവി നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ നയം വ്യവസായ വകുപ്പ് കഴിഞ്ഞ മാസം പുറത്തിറക്കി. ഇനിയും ടെസ്ലയുടെ നിര്‍മ്മാണ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടത് കമ്പനിയാണെന്ന് വകുപ്പ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനതലത്തില്‍ കോണ്‍ടാക്റ്റുകള്‍ നല്‍കുന്നതിന് കമ്പനിയെ സഹായിക്കുമെന്ന് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ഇതിനകം ബന്ധപ്പെട്ടിട്ടുള്ളതായി വിയറ്റ്‌നാം ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് പ്രഖ്യാപിച്ചിരുന്നു. അതിനായി കമ്പനി തമിഴ്‌നാട്ടിലെ ഒരു സ്ഥലം കമ്പനി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇവി പ്ലാന്റിനായി ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ടെസ്ല ഒരു സംഘത്തെ അയക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി രണ്ടുമുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍വരെ നിക്ഷേപം കമ്പനി നടത്തുമെന്നാണ് സൂചന. രാജ്യത്ത് നിന്ന് വാഹന ഭാഗങ്ങള്‍ വാങ്ങുന്നത് ഉയര്‍ത്താനും കമ്പനി ശ്രമിക്കുമെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളിലൊന്നില്‍ കാര്യമായ നിക്ഷേപം നടത്തുന്നതിന് മുമ്പ്, മസ്‌കിന്റെ കാര്‍ നിര്‍മ്മാതാവ് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കുന്നതിന് വര്‍ഷങ്ങളായി ആവശ്യപ്പെടുകയായിരുന്നു.

നികുതി ഇളവുകള്‍ ലഭിക്കുന്നതിന്, കമ്പനികള്‍ കുറഞ്ഞത് 41.5 ബില്യണ്‍ രൂപ (500 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു പ്രാദേശിക പ്ലാന്റില്‍ നിന്ന് ഇവി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യണമെന്ന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ചയ്ക്ക് ഈ നയം സഹായിക്കുമെന്ന് സിംഗ് പറഞ്ഞു. ഇത് 2030ഓടെ 10 ശതമാനമെങ്കിലും ഫോര്‍ വീലര്‍ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ബാറ്ററി ഇന്‍ഫ്രാസ്ട്രക്ചറിനൊപ്പം ഈ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍, 2030 ആകുമ്പോഴേക്കും അത് 15% ലേക്ക് അടുക്കും.

കണക്കുകള്‍ പ്രകാരം, 2023-ല്‍ ഏകദേശം 96,000 പാസഞ്ചര്‍ ഇവികള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു.

Tags:    

Similar News