മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കൂടി പദ്ധതിയിട്ട് ഹീറോ
- ബി 2 ബി ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്മെന്റില്‍ മറ്റൊരു ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കും
- ഹീറോ മോട്ടോകോര്‍പ്പ് വിഡ എക്സ്‌ക്ലൂസീവ് ചെറിയ സ്റ്റോറുകള്‍ സ്ഥാപിക്കും
- HD440X തുടക്കത്തില്‍ 25,000 യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ നേടിയിരുന്നു
ജയ്പൂര്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ കൊണ്ടുവരാന്‍ ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിടുന്നതായി കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത.
പുതിയ പെര്‍ഫോമന്‍സ് ബൈക്കായ MAVRICK 440 പുറത്തിറക്കിയ കമ്പനി, സെഗ്മെന്റിലെ മോട്ടോര്‍സൈക്കിളുകളുടെ ആവശ്യം നിറവേറ്റുന്നതിനായി പ്രതിമാസം 10,000 യൂണിറ്റുകളായി ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
2025 സാമ്പത്തിക വര്‍ഷത്തില്‍, ഹീറോ, വിഡ ശ്രേണി വിപുലീകരിക്കുന്നതിനായി മിഡ്-പ്രൈസ് വിഭാഗത്തിലും സാമ്പത്തിക വിഭാഗത്തിലും ഞങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുമെന്നാണ് ഹീറോ വേള്‍ഡ് 2024 ഇവന്റിനോടനുബന്ധിച്ച് നടത്തിയ ആശയവിനിമയത്തില്‍ കമ്പനി അറിയിച്ചത്.
കൂടാതെ, ബി 2 ബി ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്മെന്റില്‍ മറ്റൊരു ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്നും കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സീറോ മോട്ടോര്‍സൈക്കിള്‍സുമായുള്ള കമ്പനിയുടെ ബന്ധത്തിലൂടെ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇവി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി, കഴിഞ്ഞ ആഴ്ചയോടെ കമ്പനി വിഡയുടെ ലഭ്യത 100 നഗരങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങളില്‍ കൂടി പ്രവേശിക്കുമെന്നും ഗുപ്ത പറഞ്ഞു.
ഹീറോ മോട്ടോകോര്‍പ്പ് വിഡ എക്സ്‌ക്ലൂസീവ് ചെറിയ സ്റ്റോറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി അവതരിപ്പിച്ച MAVRICK 440-ല്‍, ഹാര്‍ലി ഡേവിഡ്സണിന്റെ HD440X വില്‍ക്കുന്ന പ്രീമിയം സെഗ്മെന്റിലും കമ്പനി അതിന്റെ സ്ഥാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
കമ്പനി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണെന്നും ഇത് പ്രതിമാസം 6,000 യൂണിറ്റിലെത്തിയെന്നും ഗുപ്ത പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചോടെ ഇത് പ്രതിമാസം 10,000 യൂണിറ്റിലെത്തും.
HD440X തുടക്കത്തില്‍ 25,000 യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ നേടിയിരുന്നു, കൂടാതെ ഓര്‍ഡര്‍ ബുക്കിലേക്ക് 5,000 യൂണിറ്റുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം പുലര്‍ത്തുന്ന പ്രീമിയം സെഗ്മെന്റിലേക്കാണ് MAVRICK 440 യുടെ പ്രവേശനം.