ആഗോള: ഇന്ത്യൻ ആഡംബര വാഹന വിപണിയുടെ മാറുന്ന റൂട്ടുകൾ
- ഇന്ത്യൻ ആഡംബര വാഹന വിപണി വളർച്ചയുടെ പാതയിൽ
- പ്രീമിയം വാഹനങ്ങൾക്ക് ആവശ്യം വർദ്ധിക്കുന്നു
- വിൽപ്പന കുറഞ്ഞിട്ടും, ബി എം ഡബ്ല്യു ഒന്നാം സ്ഥാനം നിലനിർത്തുന്നു
കാലത്തിന്റെ ഗിയറുകൾ മാറുമ്പോൾ : ആഗോള, ഇന്ത്യൻ ആഡംബര വാഹന വിപണിയുടെ മാറുന്ന റൂട്ടുകൾ
ഒരിക്കൽ യാത്രകൾക്ക് പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യക്കാർക്ക് ഏതൊരു കാറും അന്ന് ഒരു ആഡംബരമായിരുന്നു. കാർ യാത്ര ലക്ഷ്വറി ജീവിതത്തിന്റെ ഭാഗം മാത്രമായി കണ്ടിരുന്ന കാലം. 1990 കളിലും 2000 ത്തിലും സമ്പദ്ഘടന വളർന്നതോടെ സാധാരണക്കാർക്കും വാഹനങ്ങൾ കൈയ്യെത്തും ദൂരത്തേക്ക് എത്തി. ഇതോടെ, മുമ്പ് ഉന്നതവിഭാഗത്തിന്റെ മാത്രം സ്വത്തായിരുന്ന കാറുകൾ കൈയയടക്കാനുള്ള വാതിൽ സാധാരണക്കാർക്കും തുറന്ന് കൊടുക്കപ്പെട്ടു. എന്നാൽ, ആഡംബര കാറുകൾ അപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. കൂടിയ വിലയും, പരിപാലന ചെലവും കാരണം ഇടത്തരം കുടുംബങ്ങൾക്ക് ആഡംബര കാറുകൾ സ്വന്തമാക്കുക എന്നത് ഒരു സ്വപ്നമായി തന്നെ തുടർന്നു. അതിനാൽ, ഈ വിഭാഗം പ്രധാനമായും ചെലവു കുറഞ്ഞ കാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഇന്ത്യയുടെ സാമ്പത്തിക രംഗം ഇന്ന് ദുതഗതിയിൽ വളരുകയാണ്. ഇതോടെ ഇടത്തരം കുടുംബങ്ങളുടെ വരുമാനം ഗണ്യമായി വർദ്ധിച്ചു. ഒപ്പം തന്നെ, ജീവിത നിലവാരവും ഉയർന്നു. ഇത് ആഡംബര കാർ വിപണിയിൽ വൻ മുന്നേറ്റത്തിന് കരണമായിത്തീർന്നു.
മിഡിൽ ക്ലാസ്- അപ്പർ ക്ലാസ് ജനസംഖ്യ വർദ്ധിക്കുന്നതോടെ പ്രീമിയം വാഹനങ്ങൾക്കുള്ള ആവശ്യവും വർദ്ധിക്കുന്നു. ആധുനിക സവിശേഷതകൾ, സൗകര്യം കൂടാതെ പരിസ്ഥിതി സംരക്ഷണവും പരിഗണിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള വർധിച്ച ജനപ്രിയവും പ്രീമിയം വാഹന വിപണിയിൽ ചലനങ്ങൾ സൃഷ്ട്ടിച്ചു. സർക്കാർ നയങ്ങൾ ലഘൂകരിക്കുകയും, ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്‌തത് പ്രീമിയം വാഹനങ്ങളുടെ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായി തീർന്നു. അതോടെ പ്രീമിയം കാറുകൾ കൂടുതൽ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നവയായി മാറി.
ഉപഭോക്താക്കൾ എന്താണ് തിരയുന്നത്?
"ആഡംബര വാഹനങ്ങൾ" എന്ന നിർവചനം വർഷങ്ങളായി മാറിയിരിക്കുന്നു. ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ആളുകൾ എന്താണ് ആഗ്രഹിക്കുന്നതെന്നും മാറ്റം വന്നിട്ടുണ്ട്. ശ്രദ്ധേയമായ മാറ്റം ആഡംബരം കാഴ്ചയിൽ മാത്രമല്ല, എല്ലാ അർത്ഥത്തിലും അനുഭവപ്പെടണം എന്നതാണ്.
മുൻപത്തെ പോലെ ബ്രാൻഡിന്റെ പാരമ്പര്യം ഇന്നും വാങ്ങൽ തീരുമാനങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിലും, ആധുനിക ഉപഭോക്താക്കൾ കൂടുതൽ താല്പര്യപ്പെടുന്നത് ഹൈടെക് ഇൻഫോടൈൻമെന്റ് സംവിധാനങ്ങളും ഓട്ടോമേറ്റഡ് ഡ്രൈവർ സഹായ സവിശേഷതകളും ഉള്ള കാറുകളോടാണ്. കൂടാതെ, ഉയർന്ന നിലവാരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനങ്ങൾ ആണ് അവർ തിരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച ആത്യാധുനിക ഡ്രൈവിംഗ് എക്സ്സ്‌പീരിയൻസിന് തന്നെ അവർ മുൻഗണന കൊടുക്കുന്നു.
വിപണിയുടെ ട്രെൻഡുകളും പ്രകടനവും
ലോക കാർ വിപണി 2024-25 ൽ ഏകദേശം $19,500 കോടി രൂപയുടെ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളർച്ച 1.66% വാർഷിക നിരക്കിൽ ഉണ്ടാകും. ഇതിനു പ്രധാന പങ്കുവഹിക്കുന്നത് അമേരിക്കയായിരിക്കും.
2022 ൽ മെഴ്‌സിഡസ്-ബെൻസ് ആണ് ലോക വിപണിയിൽ മുന്നിൽ നിന്നത്. 2020 ലെ 25% വിപണി വിഹിതത്തിൽ നിന്ന് 2022 ലെ 31% വിപണി വിഹിതത്തിലേക്ക് കുതിച്ചുയർന്നു. 2022 ൽ മാത്രം 3.15 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു.
രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിന്റെ വിപണി വിഹിതം 2021 ലെ 22.9% ൽ നിന്ന് 2022 ലെ 20.8% ആയി ചെറിയ ഇടിവ് നേരിട്ടു. എന്നിരുന്നാലും, മൊത്തത്തിലുള്ള വിൽപ്പന 2.1 ദശലക്ഷം യൂണിറ്റുകളായി ഏറെക്കുറെ സ്ഥിരത പുലർത്തി. മൂന്നാം സ്ഥാനത്തുള്ള ഓഡിയുടെ വിപണി വിഹിതവും 2020 ലെ 18.1% ൽ നിന്ന് 2022 ലെ 16.0% ആയി കുറഞ്ഞു. 1.6 ദശലക്ഷം യൂണിറ്റ് വിൽപ്പന നിലനിന്നു.
2022 ൽ ലെക്സസ്, ജാഗ്വാർ ലാൻഡ് റോവർ എന്നിവ വിപണിയിൽ വ്യത്യസ്ത പ്രവണതകൾ കാണിച്ചു. ലെക്സസിന്റെ വിപണി വിഹിതം ക്രമേണ കുറഞ്ഞെങ്കിലും ജാഗ്വാർ ലാൻഡ് റോവറിന്റെ വിപണി വിഹിതം ചെറിയ വർദ്ധനവ് രേഖപ്പെടുത്തി. ഇതിനിടയിൽ, പോർഷെ, കാഡിലാക് എന്നിവ ഏകദേശം 1-1.3% വിപണി വിഹിതം മാത്രം നിലനിർത്തി.
ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ 48% വിപണി വിഹിതം കൈവരിച്ച് 2022-ൽ ബി എം ഡബ്ല്യു ഒന്നാം സ്ഥാനം നിലനിർത്തി. 2020-ലെ 40.7% വിപണി വിഹിതത്തിൽ നിന്നും ഗണ്യമായ വളർച്ചയാണ് ഇത്. എന്നാൽ അതെസമയം വാഹന വിൽപ്പന കുറഞ്ഞിട്ടും, ബി എം ഡബ്ല്യു ഒന്നാം സ്ഥാനം നിലനിർത്തി.
മെഴ്സിഡീസ് ബെൻസ് 33-38% വിപണി വിഹിതം നിലനിർത്തി രണ്ടാം സ്ഥാനത്തെത്തി.
ജാഗ്വർ ലാൻഡ് റോവർ (JLR) ഒപ്പം വോൾവോ എന്നിവരുടെ വിപണി വിഹിതവും വിൽപ്പനയും കുറഞ്ഞു. ഓഡി, മറ്റ് ആഡംബര കാർ നിർമ്മാതാക്കൾ എന്നിവരുടെ വിപണി ചലനങ്ങൾ വ്യത്യസ്തമായിരുന്നു. മൊത്തത്തിലുള്ള ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ 2022-ൽ വിൽപ്പന കുറഞ്ഞു. ഇത് മാറുന്ന സാഹചര്യങ്ങളെയും ഈ വിഭാഗം നേരിടുന്ന വെല്ലുവിളികളെയും പ്രതിഫലിപ്പിച്ചു.
അതെ സമയം 2024 ൽ എത്തി നിൽക്കുമ്പോൾ, ഇന്ന് ഇന്ത്യയിൽ ആഡംബര വാഹന വിപണി വളർച്ചയുടെ പാതയിൽ തന്നെയാണ്. ആധുനിക പ്രീമിയം വാഹനങ്ങളെ ഇന്ത്യക്കാർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വരവും വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടച്ചു. ഉപഭോക്താക്കളുടെ രുചിക്ക് അനുസൃതമായി വാഹന നിർമ്മാതാക്കൾ പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും അവതരിപ്പിച്ച് വിപണി കയ്യടക്കുന്നു.