ഇവി വില്‍പ്പനയില്‍ 1 ലക്ഷം പിന്നിട്ട് ടാറ്റ മോട്ടോഴ്‌സ്, നേട്ടം കൈവരിച്ചത് 5 വര്‍ഷം കൊണ്ട്
- ആദ്യ 10,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കാന്‍ 44 മാസമെടുത്തു
- ഇവി വിഭാഗത്തില്‍ 85 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സാണ് ആധിപത്യം പുലര്‍ത്തുന്നത്
- നാല് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്
അഞ്ച് വര്‍ഷം കൊണ്ട് 1 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വിറ്റഴിച്ചു കൊണ്ട് അവിശ്വസനീയമായ നേട്ടം കൈവരിച്ചിരിക്കുകയാണു ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വിഭാഗം.
ആദ്യ 10,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കാന്‍ 44 മാസമെടുത്തു. അടുത്ത 40,000 വില്‍പ്പനയ്ക്ക് 15 മാസമാണ് എടുത്തത്. പിന്നീട് 50,000 വില്‍പ്പനയ്ക്ക് വേണ്ടി വന്ന സമയം വെറും 9 മാസമായിരുന്നു.
' കസ്റ്റമേഴ്‌സിന്റെ മാനസികാവസ്ഥ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ മാറി ' യെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ആന്‍ഡ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷൈലേഷ് ചന്ദ്ര പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പ് ഇവി വില്‍പ്പന ഒരു മാസത്തില്‍ വെറും 90 യൂണിറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാസം 8500 മുതല്‍ 9500 യൂണിറ്റുകള്‍ വരെ വില്‍പ്പന നടത്തുന്നെന്നും ഷൈലേഷ് ചന്ദ്ര പറഞ്ഞു.
ഇന്ന് ഇവി വിഭാഗത്തില്‍ 85 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സാണ് ആധിപത്യം പുലര്‍ത്തുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ടിയാഗോ ഇവി ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ആയി മാറി.
2023 ജനുവരിയിലാണ് ടിയാഗോ ഇവി ഡെലിവറി ആരംഭിച്ചത്. അന്നു മുതല്‍ ഇതുവരെയായി 19,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി പറയുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സന്‍ ഇവി 50,000-ത്തിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ചു. ഈ രണ്ട് മോഡലുകള്‍ക്കു പുറമെ ടിഗര്‍ ഇവി എന്ന ഇലക്ട്രിക് കാര്‍ കൂടി ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കിയിട്ടുണ്ട്.
ഇനി നാല് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.
പുതിയ നെക്‌സന്‍ ഇവി, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കര്‍വ് ഇവി തുടങ്ങിയ നാല് മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വിപണിയിലെത്തിക്കാന്‍ പോകുന്നത്.