ഐഷര്‍ മോട്ടോഴ്‌സിന് തിരിച്ചടി; നിക്ഷേപകര്‍ക്ക് നഷ്ടം 11,300 കോടി

  • ഹീറോ മോട്ടോകോര്‍പ്പും, ബജാജും വിപണി വിഹിതം കൈയ്യടക്കുമോ എന്ന സംശയം ബലപ്പെട്ടു
  • 350 സിസി വിഭാഗത്തില്‍ എന്‍ഫീല്‍ഡ് ദീര്‍ഘകാലം കുത്തക ആസ്വദിച്ചു
  • റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃസ്ഥാപനമാണു ഐഷര്‍ മോട്ടോഴ്‌സ്

Update: 2023-07-06 10:05 GMT

ജുലൈ 6ന് ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരി വില 2.2 ശതമാനത്തിലധികം ഇടിഞ്ഞു. അതോടെ തുടര്‍ച്ചയായ മൂന്നാം സെഷനിലും ഈ ഓഹരി നഷ്ടം രേഖപ്പെടുത്തി. വിപണി മൂല്യത്തില്‍ 11,300 കോടി രൂപയുടെ ഇടിവാണു ഐഷര്‍ മോട്ടോഴ്‌സിനുണ്ടായിരിക്കുന്നത്.

ജുലൈ 6ന് ഉച്ചയ്ക്ക് 12.30ന് എന്‍എസ്ഇയില്‍ 3,236.70 രൂപയായിരുന്നു ഓഹരി വില.

ഹീറോ മോട്ടോകോര്‍പ്പും, ബജാജും ഐഷര്‍ മോട്ടോഴ്‌സിന്റെ വിപണി വിഹിതം കൈയ്യടക്കുമോ എന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃസ്ഥാപനമാണു ഐഷര്‍ മോട്ടോഴ്‌സ്. 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ എന്‍ഫീല്‍ഡ് ദീര്‍ഘകാലമായി കുത്തക ആസ്വദിച്ചുവരികയായിരുന്നു. എന്നാല്‍ ജുലൈ 3ന് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍, ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് എക്‌സ്440 എന്ന ബൈക്ക് പുറത്തിറക്കി. ജുലൈ 5ന് ബജാജും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫും ചേര്‍ന്ന് ട്രയംഫ് സ്പീഡ് 400 (Triumph Speed 400), ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് (Triumph Scrambler 400X) ബൈക്കുകളും പുറത്തിറക്കി. ഇത് എന്‍ഫീല്‍ഡിന് വലിയ വെല്ലുവിളിയാണു തീര്‍ത്തിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന് അതിന്റെ വിലനിര്‍ണയവും ബ്രാന്‍ഡ് തന്ത്രവും വളരെ വേഗത്തില്‍ പുന: പരിശോധിക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യും.

ഐഷര്‍ മോട്ടോഴ്‌സ് ഓഹരി ഇടിവ് നേരിട്ടപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി ഇന്‍ട്രാ-ഡേ ട്രേഡില്‍ 3.4 ശതമാനം ഉയര്‍ന്നു

2023 ജൂണ്‍ മാസത്തില്‍ 350 സിസി ബൈക്കുകളുടെ വില്‍പ്പന 36 ശതമാനം വര്‍ധിച്ച് 68,664 യൂണിറ്റിലെത്തിയതായി ഐഷര്‍ മോട്ടോര്‍ ജുലൈ ഒന്നിന് അറിയിച്ചിരുന്നു. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില്‍പ്പന 30 ശതമാനം ഉയര്‍ന്ന് 2,02,430 യൂണിറ്റിലെത്തിയതായും കമ്പനി അറിയിച്ചു.

പക്ഷേ, 350 സിസിക്കു മുകളില്‍ വരുന്ന വിഭാഗത്തില്‍പ്പെട്ട ബൈക്കുകളുടെ വില്‍പ്പന ജൂണ്‍ മാസത്തില്‍ 23 ശതമാനം ഇടിഞ്ഞ് 8,445 യൂണിറ്റായി.

വര്‍ഷാടിസ്ഥാനത്തില്‍ (YoY) മൊത്തം വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജൂണില്‍ കയറ്റുമതി 14 ശതമാനം ഇടിഞ്ഞു.

ജൂണില്‍ നേട്ടം

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (fada) ജുലൈ 6ന് പുറത്തുവിട്ട കണക്ക്പ്രകാരം ഇന്ത്യയുടെ ത്രീ-വീലര്‍ സെഗ്മെന്റ് ജൂണ്‍ മാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 75 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ്. കമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയാകട്ടെ, കോവിഡിന് മുമ്പുള്ള വില്‍പ്പനയെ മറികടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ആഭ്യന്തരതലത്തില്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം വാഹനങ്ങളുടെ വില്‍പ്പനയിലും ജൂണില്‍ വളര്‍ച്ച രേഖപ്പെടുത്തി.

എന്നാല്‍ ജൂണില്‍ 10 ശതമാനം വളര്‍ച്ചയുണ്ടായിട്ടും റീട്ടെയില്‍ വാഹന വില്‍പ്പന മാസം അടിസ്ഥാനമാക്കിയ കണക്കില്‍(MoM) ഇടിവ് രേഖപ്പെടുത്തി. ഇത് വില്‍പ്പനയിലെ ഹ്രസ്വകാല മാന്ദ്യത്തെ സൂചിപ്പിക്കുന്നു.

2023 ജൂണ്‍ മാസം വാഹനങ്ങളുടെ മൊത്തം റീട്ടെയില്‍ വില്‍പ്പന 18,63,868 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 17,01,105 യൂണിറ്റില്‍ നിന്നും ഗണ്യമായ വര്‍ധനയാണ് ഇപ്രാവിശ്യമുണ്ടായത്. ഈ വര്‍ഷം ജൂണില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 5 ശതമാനം വര്‍ധിച്ചു. 2022 ജൂണില്‍ 2,81,811 യൂണിറ്റുകളാണ് വിറ്റത്. 2023 ജൂണിലാകട്ടെ, 2,95,299 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇരുചക്രവാഹന വില്‍പ്പനയും ഏഴ് ശതമാനം വര്‍ധിച്ച് 13,10,186 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ജൂണില്‍ വിറ്റത് 12,27,149 യൂണിറ്റുകളായിരുന്നു.

Tags:    

Similar News