പൂര്‍ണമായ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഈ വര്‍ഷം തന്നെ എത്തിയേക്കും: മസ്ക്
- പ്രഖ്യാപനം ഷാങ്ഹായിലെ എഐ കോണ്‍ഫറന്‍സില്‍
- ചൈനയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി മസ്ക്
- മുന്‍ സമയപരിധികള്‍ മസ്കിന് പാലിക്കാനായിരുന്നില്ല
ഇലക്ട്രിക് കാർ രംഗത്തെ വമ്പനായ ടെസ്‌ല ഈ വർഷാവസാനം തങ്ങളുടെ സ്വപ്ന വാഹനത്തെ നിരത്തിലിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പൂര്‍ണമായ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ എന്ന നേട്ടത്തിന് അരികിലെത്തിയിരിക്കുന്നു. "മനുഷ്യന്റെ മേൽനോട്ടമില്ലാതെ, പൂർണ്ണമായും സ്വയം നിയന്ത്രിക ഡ്രൈവിംഗ് നടത്തുന്ന കാറുകള്‍ അവതരിപ്പിക്കുന്നതിന്‍റെ വളരെ അടുത്താണ് നമ്മളെന്നാണ് ടെസ്‌ലയുടെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പറയാനാകുക," ഷാങ്ഹായിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ പങ്കെടുത്തുകൊണ്ട് ഇലോൺ മസ്‌ക് പറഞ്ഞു.
" പൂര്‍ണമായും സ്വയം നിയന്ത്രിത വാഹനം എന്നതൊരു ഊഹാപോഹം മാത്രമായാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. പക്ഷേ നമ്മള്‍ പൂർണ്ണമായ സ്വയം ഡ്രൈവിംഗ് സാധ്യമാക്കുമെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ നിങ്ങൾ ഇതിന് നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്ന് പറയും. ഈ വർഷാവസാനം എന്നാണ് ഞാൻ കരുതുന്നത്," ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ രണ്ട് തലങ്ങളെ പരാമർശിച്ചുകൊണ്ട് മസ്ക് പറഞ്ഞു. സെല്‍ഫ് ഡ്രൈവ് കാറുകളുടെ കാര്യത്തില്‍ തന്‍റെ മുന്‍ സമയപരിധികള്‍ തെറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച മസ്ക് പക്ഷേ ഇപ്പോള്‍ ലക്ഷ്യത്തിന് എന്നത്തേക്കാളും അടുത്തെത്തിയതായി പറയുന്നു.
ഫുള്‍ ഓട്ടോണമസ് വാഹനത്തിനായി മുമ്പ് പ്രഖ്യാപിച്ചിരുന്ന സമയപരിധി പലവിധ തടസ്സങ്ങളെ തുടര്‍ന്ന് മസ്‌ക്കിന് പാലിക്കാനായിരുന്നില്ല. ടെസ്‌ലയുടെ ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യ യുഎസിലെ റെഗുലേറ്ററി അതോറിറ്റികളുടെ വലിയ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മനുഷ്യ നിയന്ത്രണമില്ലാതെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം നിയന്ത്രിച്ച് ഓടുന്ന കാറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും എന്ന ആശങ്കളും വിവിധ കോണുകളില്‍ നിന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയായി ഉയര്‍ന്നുവന്നിട്ടുള്ള ചൈനയിലെ സമ്മേളനത്തില്‍ മസ്ക് നിര്‍ണായക പ്രഖ്യാപനം നടത്തിയെന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായിൽ തങ്ങളുടെ രണ്ടാമത്തെ വലിയ ഫാക്ടറി നിർമ്മിക്കുമെന്ന് ടെസ്‌ല ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. .മേയിലെ സന്ദർശനത്തിനു ശേഷം ചൈനയുമായി അടുത്ത ബന്ധം നിലനിർത്താനുള്ള മസ്തിന്‍റെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഷാങ്ഹായിൽ നടന്ന ലോക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിലെ അദ്ദേഹത്തിന്‍റെ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയിലെ കാർ വിൽപ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളാണ്, കൂടാതെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള രാജ്യത്തെ ആദ്യത്തെ ഓട്ടോ ഷോ ഏപ്രിലിൽ നടന്നപ്പോള്‍ ആഭ്യന്തര, പാശ്ചാത്യ ബ്രാൻഡുകളിൽ നിന്നുള്ള ഡസൻ കണക്കിന് പുതിയ ഇലക്ട്രിക് വാഹന മോഡലുകൾ അവിടെ അവതരിപ്പിക്കപ്പെട്ടു.
ടെസ്‍ലയ്ക്കു പുറമേ മറ്റു പ്രമുഖ കമ്പനികളും വിവിധ തലങ്ങളിലുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഓട്ടോണോമസ് കാറുകള്‍ക്കായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഗൂഗിളും മൈക്രോസോഫ്റ്റും പോലുളള വന്‍കിട ടെക് കമ്പനികളും വ്യാപൃതരാണ്. സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ക്കിടെ ചില അപകടങ്ങളും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി വിലക്കുറവ് നടപ്പാക്കിയതിന്‍റെ ഫലമായി ഈ വർഷം ആദ്യ പാദത്തിലെ ടെസ്‌ലയുടെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ വിപണിയിലെ ന്യായമായ മത്സരം നിലനിർത്താനും അസാധാരണമായ വിലനിർണ്ണയം ഒഴിവാക്കാനും സമ്മതിച്ചുകൊണ്ടുള്ള ധാരണാ പത്രത്തില്‍ ടെസ്‍ലയും ചൈനയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ഒപ്പുവെച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇ-വാഹന വിപണിയിലെ വിനാശകരമായ വില യുദ്ധത്തിന് തടയിടുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.