'അഫീല'യെ പറ്റി അറിയാന്‍ ഇനിയുമുണ്ടേ, ഡ്രൈവറില്ലെങ്കിലും ട്രിപ്പ് മുടങ്ങില്ല

  • അഫീലയില്‍ 40 ല്‍ അധികം സെന്‍സറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

Update: 2023-01-07 11:30 GMT

ലാസ് വെഗസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ അഫീല എന്നൊരു പുതു താരത്തെ അവതരിപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണ ഭീമന്‍ സോണിയും, വാഹന നിര്‍മാതാക്കളായ ഹോണ്ടയും ചേര്‍ന്ന് പുറത്തിറക്കുന്ന ഇലക്ട്രിക് കാര്‍. മൂന്ന് വര്‍ഷം മുമ്പാണ് സോണി ഇത്തരമൊരു വാഹനത്തെക്കുറിച്ചുള്ള ആശയം പങ്കുവെയ്ക്കുന്നത്. സോണിയുടെ ആശയത്തോടൊപ്പം ഹോണ്ട കൂടി ചേര്‍ന്നതോടെയാണ് അഫീല എന്ന ഉത്പന്നം യാഥാര്‍ഥ്യമാകുന്നത്.

കാറിനുള്ളില്‍ ഡ്രൈവിംഗ് സൗകര്യങ്ങളോടൊപ്പം ഒരു കോക്പിറ്റ് എക്‌സ്പീരിയന്‍സും നല്‍കുന്ന സംവിധാനമൊരുക്കുക എന്നതായിരുന്നു സോണിയുടെ ആശയം. അതിനായി ക്വാല്‍കോമിന്റെ പ്രോസസ്സര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ ഫ്ളെക്സി എസ്ഒസി പ്രോസസര്‍ ക്വാല്‍കോം അവതരിപ്പിച്ചിരുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവിംഗ്, കോക്പിറ്റ് എക്‌സ്പീരിയന്‍സ് എന്നീ സൗകര്യങ്ങളോടൊപ്പം അത്യാധുനിക എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നതാണ് അഫീല. മുമ്പ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരുന്നത് വിവിധ ചിപ്പുകളായിരുന്നു. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്നതോടെ ചെലവും കുറയും.

സ്പോര്‍ട്സ് കാറുകളുടേതിനു സമാനമായ രൂപമാണ് അഫീലയുടേത്. അതിനൊപ്പം മിനുസമാര്‍ന്ന കറുത്ത റൂഫ്‌ടോപ്പും ഡിജിറ്റല്‍ ഷാസി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സറുകളുടെ കാര്യത്തില്‍ സോണിക്ക് കാലങ്ങളായുള്ള ആധിപത്യം പുതിയ വാഹനത്തിലുമുണ്ടാകും. അഫീലയില്‍ 40 ല്‍ അധികം സെന്‍സറുകള്‍, എപ്പിക് ഗെയിംസില്‍ നിന്നുള്ള ത്രീ ഡി ക്രിയേഷനിലുള്ള അണ്‍ റിയല്‍ എഞ്ചിനാകും അഫീലയില്‍.

സോണി ഗ്രൂപ്പും, ഹോണ്ട മോട്ടോര്‍ കമ്പനിയും ചേര്‍ന്നുള്ള സംരംഭം ആദ്യത്തെ ഇലക്ട്രിക് വാഹനം 2026 ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. കാറിനുള്ളില്‍ പ്ലേ സ്റ്റേഷന്‍ വരെ ഒരുക്കിയിരിക്കുന്ന സോണി ടെസ്ലയിലെ പോലെ പല ഫീച്ചറുകളും അധികം പണം നല്‍കിയാലെ ലഭ്യമാകൂ. അമേരിക്കയിലെ ഹോണ്ടയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്നിലായിരിക്കും അഫീലയുടെ നിര്‍മാണം.

വില ഏകദേശം ഒരു ലക്ഷം ഡോളറിനടുത്താണെന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള 100 കിലോ വാട്ട് അവര്‍ ബാറ്ററി, ഹൈടെക് സെന്‍സറുകള്‍, കാമറകള്‍, റഡാറുകള്‍ എന്നിങ്ങനെ സെമി ഓട്ടോണമസ് ഡ്രൈവിംഗാണ് നിലിവിലെന്നും പിന്നീട് ഇത് പൂര്‍ണമായും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനമായി മാറുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News