ഹോണ്ട ടൂവീലര്‍; വില കൂട്ടി കമ്പനി
- 6ജി ടാഗ് ലൈന്‍ ഒഴിവാക്കി
- ആക്ടീവ 125യ്ക്കും വില കൂട്ടി
- 100 സിസി തിരിച്ചുവരുന്നു
ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ മോഡലുകളായ ഹോണ്ട ആക്ടീവയ്ക്കും ആക്ടീവ 125 നും വില വര്‍ധിപ്പിച്ച് കമ്പനി. ആക്ടീവയ്ക്ക് 811 രൂപയും ആക്ടീവ 125ന് 1177 രൂപയുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ വില വര്‍ധനവിന് അനുസരിച്ച് വണ്ടിയുടെ ഫീച്ചറുകളിലൊന്നും മാറ്റമില്ല. നിലവില്‍ ആക്ടീവയ്ക്ക് 75,347 രൂപ മുതല്‍ 81,348 രൂപയാണ് വില. ആക്ടീവ 125 ന് 78,920 രൂപ മുതല്‍ 86,093 രൂപ വരെ നല്‍കേണ്ടി വരും. ഇതെല്ലാം എക്‌സ്‌ഷോറൂം വിലയാണ്.
എന്നാല്‍ ഏറ്റവും ഉയര്‍ന്ന മോഡലായ ആക്ടീവ 125 എച്ച് സ്മാര്‍ട്ടിന് വില വര്‍ധിപ്പിച്ചിട്ടില്ല കമ്പനി. നിലവില്‍ 88,093 രൂപയാണ് എക്‌സ്‌ഷോറൂം വില. ആക്ടീവ 110 ന് 6 ജി എന്ന ടാഗ് കമ്പനി മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനെ വെറും ഹോണ്ട ആക്ടീവ എന്നാണ് വിളിക്കുന്നത്. 'ജി' ടാഗ് 2015 ലാണ് ആദ്യാമായി കമ്പനി പരിചയപ്പെടുത്തിയത്. അന്ന് ആക്ടീവ 3ജി എന്നായിരുന്നു പേര്. അതേസമയം ആക്ടീവ 125 എന്ന പേരില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഹോണ്ട ആക്ടീവയ്ക്ക് 109 സിസി കപ്പാസിറ്റിയുണ്ട്. എയര്‍ കൂളറുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണിതിന് ഉള്ളത്. ഇത് 7.73 ബിഎച്ച്പിയാണ് മാക്‌സിമം പവര്‍. 8.90 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. ടിവിഎസ് ജുപിറ്റര്‍, സുസുകി ആക്‌സസ്, യമഹ റേ ഇസഡ് ആര്‍, ഹീറോ പ്ലഷര്‍ പ്ലസ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന എതിരാളികള്‍.
ഹോണ്ട ആക്ടീവ 125 മോഡലിന് 124 സിസിയും എയര്‍ കൂള്‍ഡ് എഞ്ചിനുമുണ്ട്. 8.19 ബിഎച്ച്പി പവറാണുള്ളത്. 10.4 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. മാരുതി സുസുകി 125, യമഹ ഫാസിനോ , ടിവിഎസ് ജൂപിറ്റര്‍ 125 , ഹീറോ ഡെസ്റ്റിനി 125 എന്നിവയാണ് പ്രധാന എതിരാളികള്‍.
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡല്‍ ഷൈന്‍ 100 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 100 സിസി വിഭാഗത്തിലേക്കുള്ള തിരിച്ചുവരവാണ് കമ്പനി നടത്തുന്നത്. ബജാജ് പ്ലാറ്റിന, ഹിറോ എച്ച്എഫ് ഡിലക്‌സ് ,ഹിറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ,ടിവിഎസ് റേഡിയോണ്‍ തുടങ്ങിയവരായിരിക്കും പ്രമുഖ എതിരാളികള്‍.